വയനാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി സന്തോഷ് പണ്ഡിറ്റ്

വയനാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി സന്തോഷ് പണ്ഡിറ്റ്. പ്രളയവും ഉരുള്‍പൊട്ടലും മൂലം കഷ്ടതകള്‍ അനുഭവിക്കുന്നവരുടെ വീടുകള്‍ സന്ദര്‍ശിച്ചു സഹായങ്ങള്‍ നല്‍കി; ക്യാമ്പില്‍ താമസിച്ച് തിരിച്ച് വീട്ടിലെത്തിയവര്‍ക്കും ആശ്വാസമായി അദ്ദേഹം.

വയനാട്ടിലെ ചില ഉള്‍ഗ്രാമങ്ങളില്‍ ശക്തമായ മഴയത്ത് കുഞ്ഞുസ്ലാബുകള്‍ തകര്‍ന്നിട്ടുണ്ടെന്നും ഏത് നിമിഷവും അത് പൊട്ടുന്ന അവസ്ഥയിലാണെന്നും അദേഹം ഫേസ്ബുക്കില്‍ പറയുന്നു. പര്യടനം തുടരുമെന്നും സാധനങ്ങള്‍ തന്നും, യാത്രക്കും സഹായിച്ച പോരാളികള്‍ക്ക് നന്ദിയും അറിയിച്ചുണ്ട്.

കഴിഞ്ഞ വര്‍ഷം കേരളത്തെ വിഴുങ്ങിയ മഹാപ്രളയസമയത്ത് നിരവധി ആളുകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ടായിരുന്നെങ്കിലും പ്രളയം ഒഴിഞ്ഞതോടെ പലരും പ്രവര്‍ത്തനങ്ങള്‍ മതിയാക്കി പിന്‍വാങ്ങിയിരുന്നു. ഈ സാഹചര്യത്തിലും പ്രളയാനന്തരം ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് സഹായവുമായി സന്തോഷ് പണ്ഡിറ്റ് തന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയായിരുന്നു.

പ്രളയം ഗുരുതരമായി ബാധിച്ച പത്തനംതിട്ട, ചെങ്ങന്നൂര്‍, ആലപ്പുഴ എന്നിവിടങ്ങളിലെ ദുരിതബാധിതര്‍ക്ക് കിടക്കയും കട്ടിലും നല്‍കി, വെള്ളം കയറി തയ്യല്‍ മെഷീന്‍ നശിച്ചവര്‍ക്ക് പുതിയ തയ്യല്‍ മെഷീനും നല്‍കിയിരുന്നു.