അരുണ്‍ ജയ്റ്റ്‌ലിയുടെ നില അതീവ ഗുരുതരം

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ ആരോഗ്യനില അതീവ ഗുരുതരം. കേന്ദ്രമന്ത്രിമാരായ അമിത് ഷായും ഹര്‍ഷവര്‍ദ്ധനുമടക്കമുള്ളവര്‍ ഡല്‍ഹി എയിംസിലെത്തി ജയ്റ്റിലിയെ സന്ദര്‍ശിച്ചു. ജയ്റ്റ്‌ലി ഇപ്പോള്‍ വെന്റിലേറ്ററിലാണ്. മരുന്നുകളോട് ജയ്റ്റ്‌ലി പ്രതികരിക്കുന്നില്ലെന്നാണ് പുറത്ത് വരുന്ന വിവരം.

കഴിഞ്ഞ ഒരാഴ്ചയിലേറെയായി എയിംസില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഇന്ന് പുലര്‍ച്ചയ്ക്കാണ് വീണ്ടും ഗുരുതരമായത്.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാവിലെ 11 മണിയോടെ ജെയ്റ്റ്ലിയെ സന്ദര്‍ശിച്ചിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധനും ഒപ്പം മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും രാഷ്ട്രപതിയെ അനുഗമിച്ചിരുന്നു.

കഴിഞ്ഞ ശനിയാഴ്ച രാവിലെ വെങ്കയ്യ നായിഡു ഡല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) എത്തി അരുണ്‍ ജയ്റ്റ്ലിയെ സന്ദര്‍ശിച്ചിരുന്നു.

രണ്ടു വര്‍ഷത്തിലേറേയായി വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലാണ് അരുണ്‍ ജയ്റ്റ്‌ലി. ധനമന്ത്രിയായിരിക്കെ രണ്ടു തവണ അദ്ദേഹം ചികിത്സക്കായി അമേരിക്കയില്‍ പോയിരുന്നു.