ഫാന്‍സി നമ്പര്‍ വേണ്ട, ആ തുക പ്രളയ ദുരിതാശ്വാസത്തിലേക്ക് നല്‍കി പൃഥി

പുതിയ ലാന്‍ഡ് റോവറിന് ഫാന്‍സി നമ്പര്‍ വാങ്ങാനിരുന്ന തുക പ്രളയ ദുരിതാശ്വാസത്തിലേക്ക് നല്‍കി പൃഥിരാജ്. കൊച്ചിയിലെ ഡീലര്‍ഷിപ്പില്‍ നിന്നും മൂന്ന് കോടിയോളം വിലവരുന്ന റേഞ്ച് റോവര്‍ അടുത്തിടെയാണ് പൃഥി സ്വന്തമാക്കിയത്. ഇതിന്റെ ഫാന്‍സി നമ്പറിന്റെ ലേലത്തിനായി പേര് നല്‍കിയിരുന്നെങ്കിലും അതില്‍ നിന്നും പിന്‍മാറുകയായിരുന്നു.

KL 07 CS 7777 എന്ന നമ്പറിന് വേണ്ടിയുള്ള ലേലത്തില്‍ നിന്നാണ് പൃഥി പിന്‍മാറിയത്. റേഞ്ച് റോവറിന് മുന്‍പ് സ്വന്തമാക്കിയ ലംബോര്‍ഗിനിയ്ക്ക് ഇഷ്ട നമ്പര്‍ ആറു ലക്ഷം രൂപ മുടക്കിയാണ് പൃഥി സ്വന്തമാക്കിയത്.

ലാന്‍ഡ് റോവറിന്റെ ഏറ്റവും മികച്ച എസ്.യു.വികളിലൊന്നാണ് റേഞ്ച് റോവര്‍. ആഡംബരവും സുരക്ഷയും ഒരുപോലെ ഒത്തു ചേര്‍ന്ന വാഹനം ബോളിവുഡ് താരങ്ങളുടേയെല്ലാം ഇഷ്ട വാഹനമാണ്. സഞ്ജയ് ദത്ത്, ആലിയ ബട്ട്, കത്രീന കൈഫ്, ശില്‍പ്പ ഷെട്ടി തുടങ്ങി നിരവധി താരങ്ങളുടേത് റേഞ്ച് റോവറാണ്. വോഗ്, വോഗ് എസ്.ഇ, ഓട്ടോബയോഗ്രാഫി തുടങ്ങി വിവിധ മോഡലുകളില്‍ ഈ ആഡംബര എസ്.യു.വി വില്‍പ്പനയിലുണ്ട്.

പൂര്‍ണമായും ഇറക്കുമതി ചെയ്യുന്ന റേഞ്ച് റോവറിന് ഏകദേശം 2 കോടി രൂപ മുതലാണ് വില. 3.0 ലീറ്റര്‍ പെട്രോള്‍, 3.0 ലീറ്റര്‍ ഡീസല്‍, 4.4 ലീറ്റര്‍ എസ്.ഡി.വി- 8 ഡീസല്‍. 5.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുകളാണ് വിപണിയിലുള്ളത്. 3 ലിറ്റര്‍ എന്‍ജിന്‍ 4000 ആര്‍.പി.എമ്മില്‍ 244 ബി.എച്ച്.പി കരുത്തും 2,000 ആര്‍.പി.എമ്മില്‍ 600 എന്‍.എം ടോര്‍ക്കും ഉല്‍പാദിപ്പിക്കും. 210 കിലോമീറ്ററാണ് പരമാവധി വേഗത. 4.4 ലിറ്റര്‍ എന്‍ജിന്റെ പരമാവധി കരുത്ത് 335 ബി.എച്ച്.പിയും ടോര്‍ക്ക് 740 എന്‍.എമ്മുമാണ്. ഇതിന്റെ പരമാവധി വേഗത 218 കിലോമീറ്ററാണ്. 5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന് 503 ബി.എച്ച്.പി കരുത്തും 625 എന്‍.എം ടോര്‍ക്കുമുണ്ട്. 225 കിലോമീറ്ററാണ് പരമാവധി വേഗത.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ