ഉപതിരഞ്ഞെടുപ്പ് ഒക്ടോബറിലെന്ന് സൂചന

തിരുവനന്തപുരം : സംസ്ഥാനത്തെ ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടക്കാന്‍ സാധ്യത. സെപ്റ്റംബര്‍ പകുതിക്കുശേഷം തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുമെന്നാണു മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസില്‍നിന്നു ലഭിക്കുന്ന വിവരം. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, പാലാ, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

നവംബറില്‍ ഡല്‍ഹി, ഹരിയാന, മഹാരാഷ്ട്ര. ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ഇവയ്‌ക്കൊപ്പം സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടത്താനാണ് ഇലക്ഷന്‍ കമ്മിഷന്റെ പദ്ധതി.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച എം.എല്‍.എമാരുടെ മണ്ഡലങ്ങളായ വട്ടിയൂര്‍ക്കാവ് ( കെ.മുരളീധരന്‍), കോന്നി (അടൂര്‍ പ്രകാശ്), എറണാകുളം (ഹൈബി ഈഡന്‍), അരൂര്‍ (ആരിഫ്), എന്നിവിടങ്ങളിലും കെ.എം.മാണിയും പി.ബി. അബ്ദുള്‍ റസാഖിന്റെയും നിര്യാണത്തെതുടര്‍ന്ന് യഥാക്രമം പാലായിലും മഞ്ചേശ്വരത്തുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ വട്ടിയൂര്‍ക്കാവ്, കോന്നി, എറണാകുളം മണ്ഡലങ്ങള്‍ കോണ്‍ഗ്രസിന്റെയും അരൂര്‍ സി.പി.എമ്മിന്റെയും പാലാ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെയും സിറ്റിംഗ് സീറ്റാണ്. മഞ്ചേശ്വരം മുസ്ലിം ലീഗിന്റെ സീറ്റും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ