കിടക്കയില്ലാത്തതിനാല്‍ അഡ്മിറ്റ് ചെയ്തില്ല; ആശുപത്രി വരാന്തയില്‍ യുവതി പ്രസവിച്ചു

ഫറൂഖബാദ്: ലേബര്‍ റൂമില്‍ കിടക്കയില്ലാത്തതിനാല്‍ പ്രവേശനം നിഷേധിക്കപ്പെട്ട ഗര്‍ഭിണി സര്‍ക്കാര്‍ ആശുപത്രിയുടെ പ്രവേശന കവാടത്തില്‍ പ്രസവിച്ചു. ഉത്തര്‍പ്രദേശിലെ ഫറൂഖാബാദിലാണ് സംഭവം നടന്നത്.

ഫറൂഖാബാദിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ വെച്ചാണ് യുവതി പ്രസവിച്ചത്. ദൃക്‌സാക്ഷികള്‍ പകര്‍ത്തിയ വീഡിയോ പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.

വെറും വരാന്തയില്‍ ചുവന്ന തുണി വിരിച്ച് യുവതി കിടക്കുന്നതിന്റെ ദൃശ്യവും കുഞ്ഞിന് ജന്മം നല്‍കുന്നതും കൃത്യമായി കാണാം. കുറച്ചു സമയത്തിനു ശേഷം, മറ്റൊരു സ്ത്രീ സഹായത്തിന് എത്തുകയും കുഞ്ഞിനെ കൂടുതല്‍ തുണി കൊണ്ട് മൂടിയെടുക്കുകയും ചെയ്യുന്നുണ്ട്. പ്രസവിച്ച ശേഷം യുവതിയെ ഡോക്ടര്‍മാര്‍ ലേബര്‍ റൂമിലേക്ക് കൊണ്ടുപോയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചുവെന്ന് ജില്ലാ മജിസ്ട്രേറ്റ് മണിക്കാ റാണി പറഞ്ഞു. അന്വേഷിച്ച് കര്‍ശന നടപടിയെടുക്കുമെന്ന് അവര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ