ചിദംബരത്തിന്റെ ഹര്‍ജി ചീഫ് ജസ്റ്റിസിന് മുന്നില്‍, ലുക്കൗട്ട് നോട്ടീസിറക്കി

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയാ കേസില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തേടിയ കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ ഹര്‍ജി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടു. ഇന്ന് രാവിലെ ചിദംബരത്തിന്റെ അഭിഭാഷകന്‍ നല്‍കിയ ജാമ്യഹര്‍ജി പരിഗണിച്ച ജസ്റ്റിസ് രമണയുടെ ബെഞ്ച് കോണ്‍ഗ്രസ് നേതാവിന് ഉടന്‍ ജാമ്യം അനുവദിക്കാന്‍ തയ്യാറായില്ല. അറസ്റ്റില്‍ നിന്ന് പരിരക്ഷ നല്‍കാനും കോടതി തയ്യാറായില്ല. ഹര്‍ജി ഇന്ന് തന്നെ പരിഗണിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കുമെന്നും കോടതി അറിയിച്ചു. ഇനി ഉച്ചയ്ക്ക് ശേഷം മാത്രമേ ഈ ഹര്‍ജി കോടതിയുടെ പരിഗണനയ്ക്ക് വരൂ.

അതേസമയം, ഒളിവില്‍ പോയ ചിദംബരത്തെ കണ്ടെത്താനായി സി.ബി.ഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നാല് തവണ അദ്ദേഹത്തെ ചോദ്യം ചെയ്യാനായി സി.ബി.ഐ സംഘം അദ്ദേഹത്തിന്റെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനാവാത്തതോടെയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.

ഐ.എന്‍.എക്‌സ് മീഡിയാ അഴിമതിക്കേസില്‍ ചോദ്യം ചെയ്യലിനായി ചിദംബരത്തെ അറസ്റ്റ് ചെയ്യാമെന്നായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ വിധി. ഇത് പ്രകാരം ഇന്നലെ അര്‍ദ്ധരാത്രി ചിദംബരത്തിന്റെ വീട്ടില്‍ രണ്ട് മണിക്കൂറിനുള്ളില്‍ ഹാജരാകണം എന്നാവശ്യപ്പെട്ട് കൊണ്ടുള്ള നോട്ടീസ് സി.ബി.ഐ പതിച്ചിരുന്നു. ചിദംബരത്തെ ചോദ്യം ചെയ്യുന്നതിനായി ജോര്‍ബാഗിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ സി.ബി.ഐ നാല് തവണ എത്തിയിരുന്നു. അദ്ദേഹത്തെ കണ്ടെത്താനാകാതെ നാല് തവണയും സി.ബി.ഐയ്ക്ക് മടങ്ങേണ്ടി വന്നു. ഇന്ന് രാവിലെ 10.30 വരെ നടപടി പാടില്ലെന്ന് ചിദംബരം അറിയിച്ചെങ്കിലും സി.ബി.ഐ വീട്ടിലെത്തുകയായിരുന്നു.

സുപ്രീംകോടതി തീരുമാനം വരുന്നത് വരെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കരുതെന്ന് ചിദംബരത്തിന്റെ അഭിഭാഷകന്‍ അര്‍ഷദീപ് ഖുരാന സി.ബി.ഐയ്ക്ക് കത്തു നല്‍കിയിരുന്നു. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ചിദംബരത്തിന് രണ്ടു മണിക്കൂറിനുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന നോട്ടീസ് നല്‍കിയതെന്നും അഭിഭാഷകന്‍ ചോദിച്ചു. ചിദംബരത്തിന്റെ വീട്ടില്‍ ഇന്നലെ വൈകിട്ടാണ് ആദ്യം സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റും എത്തിയത്. ചിദംബരം വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ മടങ്ങിയ ഇവര്‍ അര്‍ദ്ധരാത്രി തിരികെയെത്തി നോട്ടീസ് പതിക്കുകയായിരുന്നു. ഇന്ന് രാവിലെ വീണ്ടും ചിദംബരത്തെ തേടി ഇവര്‍ രണ്ടുതവണ എത്തിയിരുന്നു.

ധനമന്ത്രിയായിരിക്കെ, ഐ.എന്‍.എക്‌സ്. മീഡിയ എന്ന മാധ്യമസ്ഥാപനത്തിനു വഴിവിട്ട് വിദേശനിക്ഷേപം നേടാന്‍ അവസരമൊരുക്കിയെന്നാണു സി.ബി.ഐ. കേസ്. 4.62 കോടി രൂപ സ്വീകരിക്കാന്‍ ലഭിച്ച അനുമതിയുടെ മറവില്‍ 305 കോടി രൂപയാണ് ഐ.എന്‍.എക്‌സിലേക്ക് ഒഴുകിയെത്തിയത്. പിന്നീട്, ഐ.എന്‍.എക്‌സില്‍നിന്ന് ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിക്കു പണം ലഭിച്ചെന്ന ആദായനികുതി വകുപ്പിന്റെ കണ്ടെത്തലാണ് കേസിലേക്കു നയിച്ചത്. ഇടപാടിലെ അഴിമതിയെക്കുറിച്ചാണ് സിബിഐ അന്വേഷിക്കുന്നത്. എന്നാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷിക്കുന്നത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റാണ്.