പാലാ തീപാറുന്ന മത്സരത്തിലേക്ക് !

പാലായില്‍ ജനം ആരെയാണ് പാലം വലിക്കുക എന്നത് കേരള രാഷ്ട്രീയത്തെ സംബന്ധിച്ച് ഇനി നിര്‍ണ്ണായകമാകും. മണ്ഡലം രൂപീകരണത്തിന് ശേഷം ഏറ്റവും വാശിയേറിയ മത്സരമാണ് ഈ മണ്ഡലത്തില്‍ ഇപ്പോള്‍ നടക്കാന്‍ പോകുന്നത്.

മൂന്ന് മുന്നണികളുടെ സ്ഥാനാര്‍ത്ഥികളും കരുത്തന്‍മാരാണ്. മാണി കുടുംബത്തില്‍ നിന്നും മാറി പുറത്തു നിന്നുള്ള സ്ഥാനാര്‍ത്ഥിയെയാണ് ഇത്തവണ കേരള കോണ്‍ഗ്രസ്സ് മത്സരിപ്പിക്കുന്നത്. മാണിയുടെ വിശ്വസ്തനായ ജോസ് ടോം പുലിക്കുന്നേല്‍ ആണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. മാണിയുടെ ഫോട്ടോ മാത്രം മതി ജയിക്കാനെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.

അതേസമയം പി.ജെ.ജോസഫുമായുള്ള ജോസ്.കെ മാണി വിഭാഗത്തിന്റെ ഭിന്നത പാലം വലിയില്‍ കലാശിക്കുമോ എന്ന ആശങ്ക യു.ഡി.എഫ് നേതൃത്വത്തിലും ശക്തമാണ്. ജോസഫ് പുറത്താക്കിയ വ്യക്തിയാണ് സ്ഥാനാര്‍ത്ഥി എന്നതിനാല്‍ പാലം വലി ഉറപ്പാണെന്നാണ് ഇടതുപക്ഷവും കരുതുന്നത്. ഇത് ചെമ്പടയെ സംബന്ധിച്ച് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്. എന്നാല്‍ ജോസഫ് വിഭാഗത്തിന് മണ്ഡലത്തില്‍ സ്വാധീനം ഇല്ലാത്തതിനാല്‍ ആ പരിപ്പ് ഇവിടെ വേവില്ലന്നാണ് ജോസ്.കെ മാണി വിഭാഗം പറയുന്നത്. ചിഹ്നം ഒരു പ്രശ്‌നമല്ലന്നും വിജയം ഉറപ്പാണെന്നുമാണ് അവരുടെ പ്രതികരണം.

പാലാ തിരഞ്ഞെടുപ്പിന് ശേഷം ജോസഫിനെ മുന്നണിയില്‍ നിന്നും പുകച്ച് പുറത്ത് ചാടിക്കാനാണ് ജോസ്.കെ മാണി വിഭാഗത്തിന്റെ നീക്കം. പാല സീറ്റില്‍ വിജയിച്ചാല്‍ അത് നിയമസഭയില്‍ ജോസഫിന്റെ പാര്‍ര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനത്തിനും വെല്ലുവിളിയാകും. ജോസ് കെ മാണി വിഭാഗം കൂടുതല്‍ കരുത്താര്‍ജിക്കുകയും ചെയ്യും. നിലവില്‍ രാജ്യസഭ അംഗമുള്‍പ്പെടെ രണ്ട് എം.പിമാരും ജോസ്.കെ മാണി വിഭാഗത്തിനൊപ്പമാണ്.

അഞ്ച് എം.എല്‍എമാരില്‍ മൂന്നുപേരിപ്പോള്‍ ജോസഫ് പക്ഷത്താണെങ്കിലും പാലായില്‍ വിജയിക്കുന്നതോടെ ഇരുപക്ഷവും എം.എല്‍എമാരുടെ കാര്യത്തില്‍ തുല്യ നിലയിലാകും. പാര്‍ട്ടി സംസ്ഥാന കമ്മറ്റിയിലുള്‍പ്പെടെ മറ്റ് ഘടകങ്ങളില്‍ ഭൂരിപക്ഷവും ജോസ്.കെ മാണി വിഭാഗത്തിനൊപ്പമാണ്. ഈ സാഹചര്യത്തില്‍ നിലവില്‍ കീഴ് കോടതികളിലുള്ള കേസില്‍ എന്ത് തീരുമാനം വന്നാലും കേരള കോണ്‍ഗ്രസില്‍ ഒരു പിളര്‍പ്പ്, അത് ഉറപ്പാകും.

പിളര്‍ന്നാലും യു.ഡി.എഫില്‍ നില്‍ക്കാനാണ് ജോസഫ് വിഭാഗത്തിനും താല്‍പ്പര്യം. എന്നാല്‍ ഇത് ജോസ്.കെ മാണി വിഭാഗം അംഗീകരിക്കില്ല. തങ്ങള്‍ക്ക് പരമ്പരാഗതമായി ലഭിച്ച് കൊണ്ടിരിക്കുന്ന സീറ്റുകളില്‍ കുറവ് വരുത്തുന്നത് അവരെ ചൊടിപ്പിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇങ്ങനെ സീറ്റുകള്‍ വിഭജിക്കാതെ 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാന്‍ യു.ഡി.എഫിനും കഴിയുകയില്ല.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും വീതം വയ്പ്പ് വലിയ വെല്ലുവിളിയാകും. കൂടുതല്‍ സീറ്റുകള്‍ വിട്ടു നല്‍കുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് കഴിയുകയില്ല.

പാലാ തിരഞ്ഞെടുപ്പിന് ശേഷം സങ്കീര്‍ണ്ണമായ സാഹചര്യത്തെയാണ് യു.ഡി.എഫ് അഭിമുഖീകരിക്കാന്‍ പോകുന്നത്. കേരള കോണ്‍ഗ്രസ്സിലെ തമ്മിലടിയില്‍ മണ്ഡലം കൈവിട്ടാല്‍ അത് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റ് അഞ്ച് മണ്ഡലങ്ങളെയും ബാധിക്കുമെന്ന കാര്യവും ഉറപ്പാണ്. ഇത് നന്നായി അറിയാവുന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ പാലായില്‍ തമ്പടിച്ചാണ് പ്രചരണത്തിന് നേതൃത്വം നല്‍കി വരുന്നത്.

ഇടതുപക്ഷ സ്ഥാനാര്‍ത്ഥി മാണി സി കാപ്പനാകട്ടെ പ്രചരണത്തില്‍ ഏറെ മുന്നിലായി കഴിഞ്ഞു. വൈകി നടത്തിയ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലൂടെ പിന്നിലായി പോയെങ്കിലും മുന്നില്‍ എത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍.ഹരിയും.

ബി.ജെ.പി പാലായില്‍ പിടിക്കുന്ന വോട്ട് ഫലപ്രഖ്യാപനത്തില്‍ എന്തായാലും നിര്‍ണ്ണായകമായിരിക്കും.പാലാ മണ്ഡലത്തിലെ 1,77550, വോട്ടര്‍മാരില്‍ ഏകദേശം 43 ശതമാനവും ഹൈന്ദവ വോട്ടുകളാണ്. ശബരിമല പ്രശ്‌നം കത്തി നിന്നിട്ടും കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഹൈന്ദവ സ്ത്രീ വോട്ടുകള്‍ ബി.ജെ.പിക്ക് അനുകൂലമാക്കി മാറ്റാന്‍ സംഘപരിവാറിന് കഴിഞ്ഞിരുന്നില്ല. ഇതിന് കാരണം ക്രൈസ്തവനായ പി.സി. തോമസ് സ്ഥാനാര്‍ത്ഥിയായതിനാലാണെന്നാണ് പരിവാര്‍ നേതൃത്വം കരുതുന്നത്.

2014 മുതല്‍ 2019 വരെയുള്ള തെരഞ്ഞെടുപ്പുകള്‍ വിശകലനം ചെയ്തതില്‍ നിന്ന് ഇടതുമുന്നണിക്ക് ഏകദേശം 20,000 വോട്ടുകള്‍ പാലായില്‍ കുറഞ്ഞിട്ടുണ്ടെന്നാണ് സംഘപരിവാറിന്റെ കണ്ടെത്തല്‍. പാലായിലെ ഇടതുമുന്നണി വോട്ട് എന്ന് പറയുന്നത് ക്രൈസ്തവേതര വോട്ടുകളാണെന്നാണ് ബി.ജെ.പി. നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.

2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തില്‍ യു.ഡി.എഫ് നേടിയത് 66,968 വോട്ടുകളാണ്. എല്‍.ഡി.എഫിന് 35,569 ഉം ബി.ജെ.പിക്ക് 8533 വോട്ടുകളുമാണ് ലഭിച്ചിരുന്നത്.2016ലെ നിയമസഭ തെരഞ്ഞെടുപ്പായപ്പോള്‍ യു.ഡി.എഫ് വോട്ടുകള്‍ 58,884 ആയി കുത്തനെ കുറഞ്ഞു. എല്‍.ഡി.എഫ് ആകട്ടെ 54,181 വോട്ടുകളായി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ബി.ജെ.പിക്ക് ഈ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് വെറും 2482 വോട്ടുകള്‍ മാത്രമാണ്.

എന്നാല്‍ 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് 66,971 ആയി വോട്ട് വിഹിതം കുത്തനെ ഉയര്‍ത്തി. എല്‍.ഡി.എഫ് ആകട്ടെ 33,499ല്‍ ഒതുങ്ങുകയും ചെയ്തു. ബി.ജെ.പിയും ഈ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 26,533 വോട്ട് പാലാ മണ്ഡലത്തില്‍ നേടാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിരുന്നു.

2019 ലെ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് കുറഞ്ഞ 20682 വോട്ടുകള്‍ ഉപതെരഞ്ഞെടുപ്പില്‍ ആരുടെ പെട്ടിയില്‍ വീഴുമെന്നതും, ആകെ പോള്‍ ചെയ്ത വോട്ടില്‍ കുറവുവന്ന 10,883 വോട്ടുകള്‍ ഇത്തവണ ആര്‍ക്ക് കിട്ടുമെന്നതും വിധിയെ ശരിക്കും സ്വാധീനിക്കും.

ബി.ജെ.പിക്ക് പിന്നില്‍ ഹൈന്ദവ വോട്ടുകള്‍ ധ്രുവീകരിച്ചാല്‍ പാലായില്‍ അട്ടിമറി നടത്താമെന്നാണ് എന്‍.ഡി.എ നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. പി.സി തോമസും പി.സി ജോര്‍ജും ക്രൈസ്തവ വോട്ടുകള്‍ താമര ചിഹ്നത്തിന് ഉറപ്പു വരുത്തുവാനായി ഇതിനകം തന്നെ രംഗത്ത് ഇറങ്ങിയിട്ടുണ്ട്. ശബരിമല വിഷയത്തില്‍ ഇടതുമുന്നണിക്ക് ലഭിക്കാതെപോയ 20,000 വോട്ട് സ്വന്തമാക്കിയാല്‍ മണ്ഡലം തന്നെ പിടിച്ചടക്കാമെന്ന പ്രതീക്ഷയിലാണിപ്പോള്‍ ബി.ജെ.പി.

ശബരിമലയില്‍ നിലപാട് മാറ്റമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം ബി.ജെ.പി ശരിക്കും ഉപയോഗിക്കുന്നുണ്ട്. ശബരിമല വിഷയം തന്നെയാണ് പ്രധാന പ്രചരണ വിഷയമെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി ഹരിയും പാലായില്‍ വ്യക്തമാക്കി കഴിഞ്ഞു.

പാര്‍ലമെന്റില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് പറഞ്ഞവര്‍ എന്താണ് അത് കൊണ്ടു വരാത്തതെന്ന മറു ചോദ്യമുയര്‍ത്തിയാണ് ഇതിനെ ഇടതുപക്ഷം നേരിടുന്നത്. ഇതോടെ വീണ്ടും ശബരിമല തന്നെയാണ് ഈ തിരഞ്ഞെടുപ്പിലും വിധി നിര്‍ണ്ണയിക്കുക എന്ന അവസ്ഥയാണിപ്പോള്‍ സംജാതമായിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ