കേരളത്തില്‍ ശക്തമായ മഴയ്ക്കു സാധ്യതയില്ല; ഓണം തെളിയും

തിരുവനന്തപുരം: അടുത്ത ഏതാനും ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കു സാധ്യതയില്ലെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇന്നു രാവിലെ കാലാവസ്ഥാ കേന്ദ്രം നല്‍കിയ മുന്നറിയിപ്പു പ്രകാരം തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് ഒരു ജില്ലയിലും ജാഗ്രതാ നിര്‍ദേശമില്ല.

ഇന്നു രണ്ടു ജില്ലകളിലും നാളെ മൂന്നു ജില്ലകളിലും മാത്രമാണ് ജാഗ്രതാ നിര്‍ദേശമുള്ളത്.കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ മാത്രമാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. മറ്റ് ജില്ലകളില്‍ പ്രഖ്യാപിച്ച മുന്നറിയിപ്പുകളെല്ലാം പിന്‍വലിച്ചു.

ഈ ദിവസങ്ങളില്‍ കേരള തീരത്ത് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശമില്ല. ഇത്തവണത്തെ ഓണ ദിനങ്ങളില്‍ മഴയ്ക്ക് സാധ്യത കുറവാണെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ