വയലുകൾ (നൊസ്റ്റാൾജിയ)

ഡോ.എസ് രമ

തരിശിട്ടൊരിത്തിരി
പാടത്തി ന്റെ
നടുക്കൊറ്റക്കായൊരു
വർത്തമാന കാലം
വെറുതെയാണെങ്കിലു
മോർത്തു പോയി..
നോക്കെത്താ ദൂരത്തെ പാടങ്ങളെ…
വിത്തു വിതച്ചു
കിളിർത്തഞാറുകളാ
പാടത്തു
ചേലിൽ പാകിയത്…

താളത്തിൽ
ചക്രം ചവിട്ടിയാ
തോട്ടിൽ
നിന്നുമാരൊക്കെയോ
വെള്ളം തേവിയത്…
ദിനമോരോന്നും
കടന്നുപോകെ
പച്ച പുതച്ച പാടങ്ങളാ
ഗ്രാമത്തിന്റെ മനോഹാരിതക്ക്
മാറ്റു കൂട്ടിയത്….
ഒടുവിലാ സ്വർണ്ണക്കതിർ
കുലകൾ കൊയ്ത ഗന്ധം
പരത്തിചിങ്ങക്കാറ്റെത്തിയത്..
നോക്കെത്താ ദൂരെയാ
പാടങ്ങളിൽ നിരന്ന
കറ്റകതിരുകളാ
കോലായിലെത്തിച്ചടുക്കിയത്.. താളത്തിൽ തല്ലിക്കൊഴിച്ച്
നെല്ലും പതിരും തിരഞ്ഞു മാറ്റിയത്..
ചായിപ്പിലെ ചെമ്പിൽ
പുഴുങ്ങി മുറ്റത്തെ
പരമ്പിൽ ചിക്കിത്തോർത്തിയത്..
കാവലായുണ്ണിയെയേർപ്പാടാക്കിയത്…
എന്നിട്ടും മുറ്റത്തു വീണ
നെന്മണികളെ സുഭിക്ഷമൊരു
ഭക്ഷണമാക്കിയരി പ്രാവുകളെ ത്തിയത്…
കുത്തരി ചോറുണ്ണുവാനായി
പത്തായം നിറച്ചു വച്ചത്…

ഭൂതകാലത്തിന്റെ വഴിത്താരകളിൽ
കൃഷിയൊരു നഷ്ടമെന്നു
നിനച്ചപ്പോഴാണ് പാടങ്ങളത്രയും വിറ്റ്
ബാങ്കിലെ നിക്ഷേപമാക്കിയത്..

വർത്തമാനകാലം വെറുമൊരു
കാഴ്ചക്കാരനെ പോലെ
നിന്നപ്പോഴാണ്
പാടങ്ങൾ നികത്തിയാരൊക്കെയോ
മണിമാളികകൾ തീർത്തത്…
പ്ലാസ്റ്റിക് മാലിന്യം
നിറഞ്ഞ തോടുകൾ
ശ്വാസംമുട്ടി പിടഞ്ഞത്…
വില പറഞ്ഞു
വാങ്ങിയ വിഷലിപ്തമായ
അരിചാക്കുകൾ
സംഭരണമുറി കളിൽ നിറച്ചത്..
അപ്പോഴും
സ്വീകരണമുറിയിലെ ടെലിവിഷനിൽ ശാസ്ത്രീയമായ നെൽകൃഷിയെ പറ്റിയാരോ
വിശദീകരിക്കുന്നുണ്ടായിരുന്നു
ഒപ്പമുള്ള ചിത്രങ്ങൾ അതിമനോഹരമായിരുന്നു..

വർത്തമാനകാലമാ ഭൂതകാലത്തോടു സങ്കടം
പറഞ്ഞു വിങ്ങിപൊട്ടിയത്
മാത്രമാരും കണ്ടില്ല….

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ