വാഹന നിയമ ലംഘനത്തിന്‍റെ പിഴത്തുക തീരുമാനിക്കാനുള്ള അധികാരം വിട്ടുനൽകിയതില്‍ സന്തോഷമെന്ന് മന്ത്രി

തിരുവനന്തപുരം: മാട്ടോര്‍ വാഹന ഭേദഗതി നിയമത്തിലെ ഉയര്‍ന്ന പിഴ ഈടാക്കണമോയെന്ന കാര്യം സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം എന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്ത് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. വൈകിയാണെങ്കിലും സംസ്ഥാനങ്ങള്‍ക്ക് പിഴത്തുക തീരുമാനിക്കാനുള്ള അധികാരം വിട്ടുനല്‍കിയതില്‍ സന്തോഷമെന്ന് മന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഉത്തരവായി ലഭിച്ചാല്‍ മാത്രമേ തുടര്‍ നടപടികള്‍ തീരുമാനിക്കാന്‍ കഴിയുകയുള്ളു. പഴയ പിഴത്തുക പുനസ്ഥാപിക്കാതെ പിഴത്തുക നിരക്ക് പുതുക്കി നിശ്ചയിക്കും. ഇപ്പോഴത്തെ വര്‍ധനവ് ലഘൂകരിക്കുക മാത്രമാണ് ചെയ്യുകയെന്നും മന്ത്രി വ്യക്തമാക്കി.

മോട്ടോര്‍ വാഹന ഭേദഗതി നിയമത്തിലെ ഉയര്‍ന്ന പിഴയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഉയര്‍ന്ന പിഴ ഈടാക്കണമെന്ന തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടെങ്കിലും ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങള്‍ ഉയര്‍ന്ന പിഴ വേണ്ടെന്ന തീരുമാനമെടുത്തതും സര്‍ക്കാരിന് വലിയ തിരിച്ചടിയായിരുന്നു. ഇതിന് പിന്നാലെയാണ് ഉയര്‍ന്ന പിഴ ഈടാക്കണമോയെന്ന കാര്യം സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ