ചെക്ക് കേസില്‍ നിന്ന് മോചിതനായ തുഷാര്‍ വെളളാപ്പളളി ഇന്ന് നാട്ടില്‍ തിരിച്ചെത്തും

കൊച്ചി: യുഎഇയിലെ അജ്മാനിലെ ചെക്ക് കേസില്‍ നിന്ന് മോചിതനായ എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെളളാപ്പളളി ഇന്ന് നാട്ടില്‍ തിരിച്ചെത്തും. വൈകിട്ട് ഏഴ് മണിക്ക് നെടുമ്പാശേരിയില്‍ എത്തുന്ന തുഷാറിന് എസ്എന്‍ഡിപി യോഗം പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് ആലുവയില്‍ വിശദീകരണയോഗവും സംഘടിപ്പിച്ചിട്ടുണ്ട്.

രാത്രി കണിച്ചുകുളങ്ങരയില്‍ എത്തിയശേഷം തുഷാര്‍ വെളളാപ്പളളി വാര്‍ത്താ സമ്മേളനവും നടത്തും. ചെക്ക് കേസിലെ പരാതിക്കാരനായ നാസില്‍ അബ്ദുളള സമര്‍പ്പിച്ച രേഖകള്‍ വിശ്യാസ്യയോഗ്യമല്ലെന്ന് കണ്ടെത്തിയാണ് തുഷാറിനെതിരായ ക്രിമനല്‍ കേസ് അജ്മാന്‍ കോടതി കഴിഞ്ഞ ദിവസം തളളിയത്.

കൊടുങ്ങല്ലൂര്‍ സ്വദേശിയായ നാസില്‍ അബ്ദുള്ള നല്‍കിയ കേസില്‍ തുഷാറിനെ അജ്മാന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസ് തളളിയതോടെ ജാമ്യത്തിനായി കോടതി കണ്ടുകെട്ടിയ പാസ്‌പോര്‍ട്ട് തുഷാറിന് തിരിച്ചുനല്‍കുകയും ചെയ്തിരുന്നു.