മാർത്തോമാ സിംഹാസനത്തോട് കൂറില്ല എന്ന് പ്രഖ്യാപിച്ച് സഭയിലെ നന്ദികെട്ട പട്ടക്കാർ

സൂസൻ സാമുവേൽ

മലങ്കര മാർത്തോമ സുറിയാനി സഭയിലെ എപ്പിസ്കോപ്പൽ തിരഞ്ഞെടുപ്പിലാണ് ആണ് ഒരു സംഘം പട്ടക്കാർ മാർത്തോമ സിംഹാസനത്തോടും സഭയോടും കൂറും വിധേയത്വവും ഇല്ലെന്ന് തങ്ങളുടെ ബാലറ്റ് പേപ്പറിലൂടെ പ്രഖ്യാപിച്ചത്.മാർത്തോമാ മെത്രാപ്പോലീത്തക്കും മേൽപ്പട്ടക്കാർക്കും കീഴടങ്ങിയിരുന്നു കൊള്ളാമെന്ന് നിരുപാധികം സമ്മതപത്രം എഴുതി കൊടുത്ത് പട്ടത്വം സ്വീകരിച്ചവരാണ് ഒരു പ്രതിസന്ധി ഘട്ടത്തിൽ സഭയേയും മെത്രാപ്പോലീത്തയും നിഷ്കരുണം കൈവിട്ടത്.

ഏറെ കടമ്പകൾ കടന്നാണ് എപ്പിസ്കോപ്പൽ സ്ഥാനത്തേക്കുള്ള നടപടിക്രമങ്ങൾ തെരഞ്ഞെടുപ്പ് എന്ന ഘട്ടത്തിലേക്ക് എത്തിയത്.ഒരു പട്ടക്കാരനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളാണ് സഭയെ കോടതിയിലേക്ക് എത്തിച്ചത്.ഇതുസംബന്ധിച്ച ശരി തെറ്റുകൾ ഏറെ ചർച്ച ചെയ്യപ്പെട്ട കഴിഞ്ഞതാണ്.

ഒഴിവാക്കപ്പെട്ട പട്ടക്കാരനെ അനുകൂലിക്കുന്ന ഒരു വിഭാഗം പട്ടക്കാർ അദ്ദേഹത്തിനുവേണ്ടി പ്രതിഷേധസൂചകമായി നാലു വോട്ടുകളിൽ ഒരെണ്ണം ഒഴിച്ചാൽ പോലും സഭയുടെ ആവശ്യം മനസ്സിലാക്കി മൂന്നുപേർക്ക് വോട്ട് ചെയ്യാവുന്നതായിരുന്നു.4 എപ്പിസ്കോപ്പാമാരെ തിരഞ്ഞെടുക്കുവാനാണ് സഭ പ്രതിനിധി മണ്ഡലം തീരുമാനിച്ചിട്ടുള്ളത്.നാല് പട്ടക്കാരാണ് ആണ് തിരഞ്ഞെടുപ്പ് പ്രക്രിയക്കു വിധേയമാക്കപ്പെടുന്നതും.

സഭാ പ്രതിനിധി മണ്ഡലം അംഗങ്ങളായ പട്ടക്കാരുടെ 75 ശതമാനം വോട്ടും മണ്ഡലം അംഗങ്ങളായ അല്മായരുടെ 75 ശതമാനം വോട്ടും നേടി എങ്കിൽ മാത്രമേ ഇവർ എപ്പിസ്കോപ്പ സ്ഥാനത്തിന് അർഹത നേടുകയുള്ളു.നാലു പട്ടക്കാരിൽ രണ്ടു പേർക്കെങ്കിലും പട്ടക്കാരുടെയും അല്മായരുടെയും 75 ശതമാനം വീതം വോട്ടുകൾ ലഭിക്കുമെന്നും തിരഞ്ഞെടുക്കപ്പെടുമെന്നും ആയിരുന്നു പൊതുവിൽ ഉള്ള പ്രതീക്ഷ.

എന്നാൽ സകലരെയും ഞെട്ടിച്ചുകൊണ്ട് നാലു പേരേയും തോൽപ്പിച്ചു കളയുവാൻ പട്ടക്കാർ തന്നെ സംഘടിതമായ നീക്കങ്ങളാണ് നടത്തിയത്.മെത്രാപ്പോലീത്താ തിരുമേനിയോട് അഭിപ്രായവ്യത്യാസമുള്ള ഉള്ള ചില മേല്പട്ടക്കാരും ഇതിനു പിന്നിലുണ്ട് എന്നാണ് പറയപ്പെടുന്നത്.നോമിനേഷൻ ബോർഡിൽ നിന്നും രാജിവച്ച ഒരു അൽമായൻ ആണ് കോടതിയിൽ കേസ് ഫയൽ ചെയ്തത് എങ്കിലും വോട്ടിംഗ് പ്രക്രിയയിൽ സഭയെ തന്നെ പരാജയപ്പെടുത്തി കളഞ്ഞത് സഭയുടെ ഉപ്പും ചോറും തിന്നുന്ന പട്ടക്കാർ എന്ന വർഗ്ഗമാണ്.

ഒരു സംഘം പട്ടക്കാർക്ക് മെത്രാപോലീത്താ തിരുമേനിയോടുള്ള അമർഷം രേഖപ്പെടുത്തുന്നതിനുള്ള വേദിയായി എപ്പിസ്കോപ്പാ തെരഞ്ഞെടുപ്പിനെ മാറ്റുകയായിരുന്നു.ഇതിലൂടെ അവർ പരാജയപ്പെടുത്തിയത് മെത്രാപ്പോലീത്തയെ അല്ല സഭയെ ആണ് എന്ന് അവർ മറന്നു പോയി.മെത്രാപോലീത്താ തിരുമേനിയുടെ ഔദാര്യം നിരവധി ഘട്ടങ്ങളിൽ പറ്റിയിട്ടുള്ളവരാണ് ഇപ്പോൾ മെത്രാപ്പോലീത്ത തിരുമേനിക്ക് എതിരായി നിന്ന് സഭയെ തന്നെ വോട്ട് ചെയ്ത് തോൽപ്പിച്ചു കളഞ്ഞത്.

സഭയുടെ സംവിധാനങ്ങളുടെ എല്ലാ സൗകര്യങ്ങളും അനുഭവിക്കുന്ന വിഭാഗമാണ് പട്ടക്കാർ.സഭാ ജനങ്ങൾ നൽകുന്ന ശമ്പളം കൊണ്ട് ജീവിക്കുന്നവരാണ് പട്ടക്കാർ.സഭയോടുള്ള കൂറും വിധേയത്വവും പ്രതിബദ്ധതയും ജനങ്ങൾക്ക് കാണിച്ചു കൊടുക്കേണ്ട വരാണ് പട്ടക്കാർ.

അതേ പട്ടക്കാരാണ് തങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും മറന്ന് സഭയ്ക്കെതിരെ സംഘടിതമായ പ്രവർത്തനം ഇപ്പോൾ നടത്തിയിരിക്കുന്നത്.തോറ്റുപോയത് മെത്രാപ്പോലീത്ത തിരുമേനി അല്ല മാർത്തോമാ സഭയും സഭയിലെ വിശ്വാസികളുമാണ്.തോൽപ്പിച്ചത് മറ്റാരുമല്ല സഭയുടെ ചോറ് തിന്ന് തടിച്ചുകൊഴുത്ത ഒരു വിഭാഗം പട്ടക്കാർ ആണ്.

മെത്രാപോലീത്ത തിരുമേനിയെ ജനാധിപത്യം പഠിപ്പിക്കുന്ന ഈ പട്ടക്കാർ ആകട്ടെ തങ്ങളുടെ ഇടവകകൾ തങ്ങൾക്ക് സ്ത്രീധനം കിട്ടിയ വക എന്നപോലെ പോലെ ജനങ്ങളുടെ അഭിപ്രായങ്ങൾ മാനിക്കാതെ ഏകാധിപത്യം നടപ്പിലാക്കുന്നവരാണ് എന്നതാണ് ഏറെ കൗതുകം.

മാർത്തോമ സഭയുടെ ശക്തി അൽമായ നേതൃത്വം ആയിരുന്നു എക്കാലവും എന്ന് തെളിയിക്കുകയാണ് ആണ് ആദ്യ ദിവസം നടന്ന എപ്പിസ്കോപ്പൽ തിരഞ്ഞെടുപ്പ്.രണ്ടു പട്ടക്കാർക്ക് 74 ശതമാനത്തിലധികം വോട്ട് അല്മായരുടെ ഭാഗത്തുനിന്നും ലഭിച്ചു.അതുകൊണ്ടുതന്നെ രണ്ടാം ദിവസം നടക്കുന്ന തെരഞ്ഞെടുപ്പിൽ അല്മായരുടെ 75% എന്ന് എന്ന കണക്ക് മറികടക്കുവാൻ കഴിയുമെന്നത് പ്രതീക്ഷിക്കാം.

എന്നാൽ പട്ടക്കാരുടെ ഭാഗത്തുനിന്നും പരമാവധി 55 ശതമാനം വോട്ട് വരെ മാത്രമാണ് ആണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.55 ശതമാനത്തിൽ നിന്നും 75 ശതമാനത്തിലേക്ക് വോട്ടിംഗ് ശതമാനം ഉയർത്തുക എത്രകണ്ട് സാധ്യമാവും എന്നത് കാത്തിരുന്നു കാണണം.പട്ടക്കാർ തങ്ങളുടെ നന്ദികേട് രണ്ടാംദിവസവും പ്രകടമാക്കുമോ എന്നതാണ് സഭാ ജനങ്ങൾ കാത്തിരിക്കുന്നത്.

ആദ്യ ദിവസ ഫലം പുറത്തുവന്നപ്പോൾ പട്ടക്കാർ ക്കെതിരെ അല്മായരുടെ രോഷം സഭാ ആസ്ഥാനത്ത് പ്രകടമായി.പല അൽമായരും പട്ടക്കാരോട് നിങ്ങൾക്കു വേണ്ടാത്ത സഭയെ ഞങ്ങൾക്ക് എന്തിനാണ് എന്ന ചോദ്യം അമർഷത്തോടെ ഉന്നയിക്കുന്നുണ്ടായിരുന്നു.സഭയ്ക്ക് നേതൃത്വം നൽകുവാൻ മേൽപ്പട്ടക്കാർ ഇനിയും ഉണ്ടാവണം എന്നതിൽ ആർക്കും സംശയമില്ല.

അഞ്ചു പേരുകൾ നിർദ്ദേശിക്കപ്പെട്ടതിൽ ഒരാളെ ഒഴിവാക്കി എന്നതുമാത്രമാണ് ആക്ഷേപത്തിനു കാരണമായിട്ടുള്ളത്.ഇതിനു പ്രതികാരം എന്ന വണ്ണം സഭയെ തന്നെ ദോഷമായി ബാധിക്കുന്ന കടുത്ത നീക്കങ്ങളാണ് ഒരു സംഘം പട്ടക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്.സഭ നൽകിയ തിരുവസ്ത്രമണിഞ്ഞ് സുരക്ഷിതമായ ഇടവകകളിൽ ഇരുന്ന് ജനങ്ങളുടെ മേൽ കുതിര കയറി സുഖിച്ച് ദുർമേദസ്സ് കൊണ്ട് കുട വയറു ചാടിയ ഇവറ്റകൾക്കു സഭയുടെ ഭാവി അല്ല തങ്ങളുടെ വാശിയാണ് പ്രധാനമെന്ന് എന്ന് തെളിയിച്ചു കഴിഞ്ഞു.

രണ്ടാം ദിവസവും ഈ നന്ദികേട് പുറത്തെടുത്താൽ അച്ചന്മാരെ കാണുമ്പോൾ മുണ്ടഴിച്ചിടുന്ന പതിവ് അങ്ങ് അവസാനിപ്പിക്കും എന്നാണു ചില അല്മായർ പ്രഖ്യാപിച്ചത്.പൊതുവെ പരുങ്ങലിലായ പട്ടക്കാർ തങ്ങളുടെ അവസ്ഥ കൂടുതൽ വഷളാക്കാൻ സ്വയം മുന്നിട്ടിറങ്ങുമോ എന്ന് രണ്ടാം ദിവസത്തെ ഫലം വരുമ്പോൾ അറിയാം.