ആത്മഹത്യ  ചെയ്യേണ്ടിവരും: ഉത്തരവാദികള്‍ സുധീരനും ഹസനും എന്ന് ശ്രീകുമാരന്‍ തമ്പി

ജയ്ഹിന്ദ് ടി.വി പണം കൊടുക്കാതെ കബളിപ്പിച്ചു 

സുധീരന് പലവട്ടം കത്ത് എഴുതിയിട്ടും മറുപടിയില്ല

26 ലക്ഷം രൂപ ശ്രീകുമാരന്‍ തമ്പിയ്ക്ക് നല്‍കാനുണ്ട്

കോടതി നടപടികളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടാല്‍ ഉടന്‍ ആത്മഹത്യ ചെയ്യുമെന്ന് ശ്രീകുമാരന്‍തമ്പി

സംസ്ഥാന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉടമസ്ഥതയിലുള്ള ജയ്ഹിന്ദ് ചാനല്‍ പ്രശസ്ത തിരക്കഥാകൃത്തും  നിര്‍മ്മാതാവുമായ ശ്രീകുമാരന്‍ തമ്പിയെ കബളിപ്പിച്ചെന്ന് വി.എം. സുധീരന് പരാതി. താന്‍ ആത്മഹത്യ ചെയ്താല്‍ അതിന് ഉത്തരവാദികള്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍, ചാനല്‍ എം.ഡി എം.എം. ഹസ്സന്‍, ചീഫ് എഡിറ്റര്‍ കെ.പി. മോഹന്‍ എന്നിവരായിരിക്കുമെന്ന് ശ്രീകുമാരന്‍ തമ്പി.

ജയ്ഹിന്ദ് ചാനലിന് ‘ചട്ടമ്പികല്യാണി’ എന്ന പരമ്പര നിര്‍മ്മിച്ചു നല്‍കിയ വകയില്‍ 26 ലക്ഷം രൂപ ചാനലില്‍ നിന്ന് കിട്ടാനുണ്ടെന്ന് സമകാലിക മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. വി.എം. സുധീരനും ഹസ്സനും ഇതു കാണിച്ച് പലവട്ടം കത്തയച്ചിട്ടും യാതൊരു മറുപടിയുമില്ലെന്നും അദ്ദേഹം പറയുന്നു. ശ്രീകുമാരന്‍ തമ്പി വി.എം. സുധീരന് എഴുതിയ കത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെയാണ്…

‘പ്രിയപ്പെട്ട വി.എം. സുധീരന്,

ജയ്ഹിന്ദ് ടി.വി. എന്റെ പരമ്പര സംപ്രേഷണം ചെയ്ത വകയില്‍ കരാര്‍ പ്രകാരം എനിക്ക് 26,96,640 രൂപ തരാനുണ്ടെന്ന് ചൂണ്ടിക്കാട്ടി പല തവണ ഞാന്‍ അയച്ച കത്തുകള്‍ക്ക് മറുപടി നല്‍കാനുള്ള മര്യാദ പോലും താങ്കള്‍ കാണിച്ചിട്ടില്ല. വര്‍ഷങ്ങളായി ഞാന്‍ താങ്കള്‍ക്കും എം.എം. ഹസ്സനും, കെ.പി. മോഹനനും പരാതി അയക്കുന്നു. ധനലക്ഷ്മി ബാങ്കിന്റെ  സ്വകാര്യ പണമിടപാടുകാരില്‍ നിന്നു കടം വാങ്ങിയാണ് ഞാന്‍ ഈ പരമ്പര നിര്‍മ്മിച്ചത്. ഇന്നു വരെയുള്ള എന്റെ ജീവിതത്തില്‍ ഞാന്‍ ആര്‍ക്കെങ്കിലും ഒരു രൂപയെങ്കിലും നഷ്ടം വരുത്തുകയോ കടക്കാരനാകുകയോ ചെയ്തിട്ടില്ല. പക്ഷേ ഇന്ന് എനിക്ക് പണം തന്നവര്‍ കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിരിക്കുന്നു. കോടതി നടപടികളിലേക്ക് വലിച്ചിഴക്കപ്പെട്ടാല്‍ ആ നിമിഷം ഞാന്‍ ആത്മഹത്യ ചെയ്യും. അങ്ങനെ സംഭവിച്ചാല്‍ വി.എം. സുധീരന്‍, എം.എം. ഹസ്സന്‍, കെ.പി. മോഹനന്‍ എന്നിവരായിരിക്കും ഉത്തരവാദികള്‍.’.

പ്രശസ്ത എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ കെ.ആര്‍. മീരയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീകുമാരന്‍ തമ്പി ഇക്കാര്യം വെളിപ്പെടുത്തിയത്. മൂവായിരത്തിലേറെ പാട്ടുകള്‍ എഴുതുകയും 25 സിനിമകള്‍ നിര്‍മ്മിക്കുകയും 85 സിനിമകള്‍ക്ക് തിരക്കഥ എഴുതുകയും 13 പരമ്പരകള്‍ സംവിധാനം ചെയ്യുകയും ചെയ്ത മലയാളിയാണ് ഇദ്ദേഹം. തനിക്ക് അര്‍ഹതപ്പെട്ട പണത്തിനു വേണ്ടി ഈ 75-ാം വയസ്സില്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് യാചിക്കേണ്ട അവസ്ഥയിലാണ് ശ്രീകുമാരന്‍ തമ്പി.