തിങ്കളാഴ്ച പാലാ പോളിംഗ് ബൂത്തിലേക്ക്

പാലാ : പാലായില്‍ ഒരു മാസം നീണ്ട പരസ്യ പ്രചരണത്തിന് ഇന്ന് സമാപനമാകും. ശ്രീനാരയണ ഗുരുവിന്റെ സമാധി ദിനം ആയതിനാല്‍ നാളെ നടത്താനിരുന്ന കൊട്ടിക്കലാശം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

രണ്ടരയോടെ ബി.ജെ.പിയുടെ കൊട്ടിക്കലാശമാണ് ആദ്യം തുടങ്ങുക. ടൌണ്‍ ഹാള്‍ ജംഗ്ഷനില്‍ നിന്നും ബി.ജെ.പിയുടെ കൊട്ടിക്കലാശം ആരംഭിക്കും. തുടര്‍ന്ന് മൂന്ന് മണിയോടെ യു.ഡി.എഫും എല്‍.ഡി.എഫും കൊട്ടിക്കലാശം ആരംഭിക്കും. ളാലം സ്റ്റാന്‍ഡില്‍ നിന്നും ടൌണ്‍ഹാള്‍ വരെയാണ് ഇവരുടെ കൊട്ടിക്കലാശം.

കൊട്ടിക്കലാശം കണക്കിലെടുത്ത് ഉച്ച മുതല്‍ പാല നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് പരസ്യ പ്രചരണം അവസാനിക്കുന്നതോടെ രണ്ട് ദിവസം നിശ്ശബ്ദ പ്രചരണം ഉണ്ടാകും.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ഇന്ന് മൂന്നു പ്രചാരണ യോഗങ്ങളില്‍ പ്രസംഗിക്കും. മന്ത്രിമാരും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മണ്ഡലത്തില്‍ പ്രചാരണത്തിലാണ്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള യുഡിഎഫ് നേതാക്കളുടെ പ്രചാരണവും തുടരുകയാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയും പ്രചാരണ രംഗത്തു സജീവമായിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കായി സംസ്ഥാനത്ത മുതിര്‍ന്ന നേതാക്കളും എത്തും. 23 നാണ് വോട്ടെടുപ്പ്. സപ്തബര്‍ 27ന് ഫലം പ്രഖ്യാപിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ