പാലാ കഴിഞ്ഞാല്‍ പാര

പാലാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ജോസഫിന് യുഡിഎഫ് നേതൃത്വത്തിലുള്ള ‘പാലം’ തകര്‍ക്കുക തന്നെ ചെയ്യുമെന്ന് ജോസ്.കെ.മാണി വിഭാഗം.

സ്ഥാനാര്‍ത്ഥി ജോസ് ടോമിന്റെ പ്രചരണത്തിന് അവസാന നിമിഷം പി.ജെ.ജോസഫ് വന്നത് കൊണ്ട് ഒരു ഗുണവും കിട്ടില്ലന്ന വിമര്‍ശനവും പാര്‍ട്ടി നേതൃത്വത്തിലുണ്ട്. കോണ്‍ഗ്രസ്സ് നേതൃത്വം മുന്‍കൈ എടുത്താണ് ജോസഫിനെ ഇപ്പോള്‍ രംഗത്തിറക്കിയിരിക്കുന്നത്. കേരള കോണ്‍ഗ്രസ്സിലെ ഭിന്നത ഇടതുപക്ഷവും എന്‍.ഡി.എയും പ്രചരണ വിഷയമാക്കിയ സാഹചര്യത്തിലായിരുന്നു ഈ നീക്കം. ജോസ് ടോം, ജോസഫിനെ സന്ദര്‍ശിച്ചത് പോലും കോണ്‍ഗ്രസ്സ് സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് വിട്ട് വീഴ്ചക്ക് ജോസ്.കെ മാണിയും തയ്യാറാവുകയായിരുന്നു.

ജോസഫിന്റെ പ്രചരണ യോഗങ്ങളില്‍ അണികള്‍ ബഹളമുണ്ടാക്കാതെ നോക്കണമെന്ന് ജോസ്.കെ.മാണി പക്ഷത്തോട് യു.ഡി.എഫ് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് എത്രമാത്രം പ്രായോഗികമാകും എന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിന് തന്നെ ആശങ്കയുണ്ട്. ജോസഫിന് കയ്യടിക്കാന്‍ എന്ത് തന്നെ ആയാലും തങ്ങളെ കിട്ടില്ലന്ന നിലപാടിലാണ് ജോസ്.കെ.മാണി വിഭാഗം അണികള്‍. രണ്ടില ചിഹ്നം പോലും നല്‍കാതെ കെ.എം.മാണിയുടെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയതിനോട് പൊറുക്കാന്‍ ഇവരാരുംതന്നെ തയ്യാറല്ല. ഉള്ളവോട്ട് ഇല്ലാതാക്കാനേ കരിങ്കാലികളുടെ സാന്നിധ്യം വഴിവയ്ക്കൂ എന്ന നിലപാടിലാണ് ജോസ്.കെ.മാണി വിഭാഗം അണികള്‍.

മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ ജോസഫിനോട് കാണിച്ച അനുകമ്പയാണ് ജോസഫിന്റെ ഇപ്പോഴത്തെ പടിവാശിക്ക് കാരണമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. യു.ഡി.എഫില്‍ നിന്നും പുറത്ത് പോകേണ്ട സാഹചര്യം ഉണ്ടാകുമെന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ അറിയിച്ചിരുന്നെങ്കില്‍ ജോസഫ് അടങ്ങുമായിരുന്നുവെന്നാണ് ഇവരുടെ വാദം. ഇടതുപക്ഷത്തേക്ക് വിശ്വസിച്ച് ഒരിക്കലും ജോസഫിനെ അടുപ്പിക്കില്ലന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

കോണ്‍ഗ്രസ്സ് നേതൃത്വം ജോസഫിന് നല്‍കുന്ന പരിഗണന പാലാ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ആവര്‍ത്തിച്ചാല്‍ അത് യു.ഡി.എഫില്‍ വലിയ പൊട്ടിത്തെറിക്ക് തന്നെ ഇടയാക്കാനാണ് സാധ്യത. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിന് മാത്രമല്ല മുസ്ലീം ലീഗിനും വലിയ ആശങ്കയാണുള്ളത്. കേരള കോണ്‍ഗ്രസ്സില്ലാതെ കേരള ഭരണം പിടിക്കാന്‍ കഴിയില്ലന്നാണ് ലീഗ് വിലയിരുത്തല്‍. ജോസ്.കെ മാണി വിഭാഗത്തിനാണ് ജനസ്വാധീനമെന്നും ജോസഫ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണെന്നുമുള്ള വികാരം ലീഗ് നേതൃത്വത്തിനുമുണ്ട്. ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ ലീഗ് തല്‍ക്കാലം പ്രതികരിക്കാതിരിക്കുന്നത്. എന്നാല്‍ ഇനിയും ജോസഫ് പിടിവാശി തുടര്‍ന്നാല്‍ ജോസ് കെ മാണി വിഭാഗത്തിനൊപ്പം നില്‍ക്കാനാണ് ലീഗ് തീരുമാനം.

ഇരു വിഭാഗവും രണ്ട് പാര്‍ട്ടികളായി യു.ഡി.എഫില്‍ നില്‍ക്കുന്നതിനെ ലീഗ് എതിര്‍ക്കില്ലങ്കിലും അതിനായി സീറ്റുകളില്‍ വിട്ടു വീഴ്ച ചെയ്യുന്നതിനോട് യോജിക്കുകയില്ല. ജോസ്.കെ മാണി വിഭാഗവും ഈ നിലപാട് സ്വീകരിച്ചാല്‍ വരുന്ന തെരഞ്ഞെടുപ്പുകളില്‍ ജോസഫ് വിഭാഗത്തിന് കോണ്‍ഗ്രസ്സ് സീറ്റുകള്‍ വിട്ടു നല്‍കേണ്ടി വരും. ഇക്കാര്യത്തെകുറിച്ച് ചിന്തിക്കാന്‍ പോലും കോണ്‍ഗ്രസിലെ ഗ്രുപ്പ് മാനേജര്‍മാര്‍ക്ക് കഴിയുകയില്ല.

പി.ജെ ജോസഫ് പ്രതിനിധീകരിക്കുന്ന തൊടുപുഴ, മോന്‍സ് ജോസഫിന്റെ കടുത്തുരുത്തി, സി.എഫ് തോമസ് പ്രതിനിധീകരിക്കുന്ന ചങ്ങനാശ്ശേരി എന്നിവയാണ് ജോസഫ് വിഭാഗം എം.എല്‍.എമാര്‍ പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങങ്ങള്‍. പാര്‍ട്ടി പിളര്‍ന്നാല്‍ ഈ സീറ്റുകളും കോതമംഗലം സീറ്റും ലഭിക്കണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കാനാണ് ജോസഫ് വിഭാഗത്തിന്റെ തീരുമാനം. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു വിട്ടു വീഴ്ചക്കും ജോസ്.കെ മാണി വിഭാഗം തയ്യാറല്ല. പ്രത്യേകിച്ച് ചങ്ങനാശ്ശേരിയുടെ കാര്യത്തില്‍ ചിന്തിക്കുക പോലും വേണ്ടന്നാണ് അവരുടെ നിലപാട്. മാണിയുടെ വിശ്വസ്തനായ സി.എഫ് തോമസ് എം.എല്‍.എ കൂറ് മാറി ജോസഫ് വിഭാഗത്തിനൊപ്പം ചേര്‍ന്നതാണ് പകക്ക് പ്രധാന കാരണം.

പാലായില്‍ ജോസഫ് പാലം വലിച്ചാലും ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ലന്ന ആത്മവിശ്വാസത്തിലാണ് ജോസ്.കെ മാണി വിഭാഗം. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചാലും പരാജയപ്പെട്ടാലും അത് ഗുണമാക്കി മാറ്റാനുള്ള നീക്കമാണ് കേരള കോണ്‍ഗ്രസ്സിലെ ജോസ്.കെ വിഭാഗം ഇപ്പോള്‍ നടത്തുന്നത്. പാലായില്‍ ഇത്തവണ തോറ്റാല്‍ 54 വര്‍ഷമായി പാലായെ പ്രതിനിധീകരിക്കുന്ന മാണിയുടെ കുടുംബത്തെ തഴഞ്ഞതാണ് മണ്ഡലം കൈവിട്ടു പോകാന്‍ കാരണമെന്ന നിലപാടായിരിക്കും ജോസ്.കെ.മാണി വിഭാഗം സ്വീകരിക്കുക.

അതേസമയം വലിയ ഭൂരിപക്ഷത്തിന് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേല്‍ വിജയിക്കുമെന്ന് തന്നെയാണ് ജോസ്.കെ മാണി വിഭാഗം ഉറച്ച് വിശ്വസിക്കുന്നത്. അങ്ങനെ വന്നാല്‍ ചിഹ്നം പോലും നിഷേധിച്ച് കരിങ്കാലി പണിയെടുത്ത ജോസഫിനെ പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നും പുറത്താക്കാന്‍ സമ്മര്‍ദ്ദം ശക്തമാക്കും. ജോസഫും ജോസ് കെ മാണിയും ഒരുമിച്ച് യു.ഡി.എഫില്‍ ഉണ്ടാകില്ലന്ന് കോണ്‍ഗ്രസ്സ് നേതൃത്വത്തെ ഇതിനകം തന്നെ ജോസ്.കെ മാണി വിഭാഗം അറിയിച്ചിട്ടുണ്ട്.

നിഷ ജോസ്.കെ മാണിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കം ജോസഫ് ഇടപെട്ട് പൊളിച്ചതില്‍ വലിയ രോഷം ഈ വിഭാഗത്തില്‍ നിലവിലുണ്ട്. നിഷയുടെ പേര് വെട്ടാന്‍ ചരട് വലിച്ച കോണ്‍ഗ്രസ്സ് നേതാക്കളെയും ജോസ്.കെ മാണി വിഭാഗം ഹിറ്റ് ലിസ്റ്റില്‍പ്പെടുത്തിയിട്ടുണ്ട്.അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് മറുപടി നല്‍കാനാണ് നേതൃത്വത്തിന്റെ തീരുമാനം.