ഹൗഡി മോദി നടത്തുമ്പോള്‍ ജീവിക്കാനുള്ള സമരവുമായി യു.പിയിലെ കര്‍ഷകര്‍

മേരിക്കയില്‍ 1.4 ലക്ഷം കോടിരൂപ ചെലവിട്ട് നരേന്ദ്രമോദി ഡൊണാള്‍ഡ് ട്രംപുമായി ചേര്‍ന്ന് ഹൗഡി മോദി നടത്തുമ്പോള്‍ ജീവിക്കാനുള്ള സമരവുമായി യു.പിയിലെ കര്‍ഷകര്‍ രംഗത്ത്. ഇന്ത്യന്‍ ഗ്രാമീണ കര്‍ഷകരുടെ ദയനീയ ചിത്രം വരച്ചുകാട്ടിയാണ് യു.പിയിലെ സഹറാന്‍പൂരില്‍ നിന്നും ട്രാക്ടറുകളും കാര്‍ഷിക ഉപകരണങ്ങളുമായി ആയിരക്കണക്കിന് കര്‍ഷകര്‍ കിസാന്‍ മസ്ദൂര്‍ അധികാര്‍ യാത്രയുമായി ഡല്‍ഹിയിലെ കിസാന്‍ഘട്ട് ലക്ഷ്യമാക്കി നീങ്ങിയിരിക്കുന്നത്.

കടങ്ങള്‍ എഴുതിതള്ളുക, വിളകള്‍ക്ക് താങ്ങുവില നല്‍കുക, നദികളെ മാലിന്യമുക്തമാക്കുക തുടങ്ങി 15 ഇന ആവശ്യങ്ങളുമായാണ് കര്‍ഷകരുടെ ഡല്‍ഹി മാര്‍ച്ച്.ബി.ജെ.പി ശക്തികേന്ദ്രമായ യു.പിയില്‍ നിന്നും മോദി സര്‍ക്കാരിനെതിരായി ഉയരുന്ന ഈ കര്‍ഷക പ്രക്ഷോഭത്തെ ആശങ്കയോടെയാണ് ബി.ജെ.പി കേന്ദ്രങ്ങളും നോക്കികാണുന്നത്.

ലോക്സഭ തെരഞ്ഞെടുപ്പില്‍ 64 സീറ്റുനേടി ശക്തമായ പ്രകടനമാണ് യു.പിയില്‍ ബി.ജെ.പി കാഴ്ചവെച്ചിരുന്നത്. എസ്.പി-ബി.എസ്.പി സഖ്യത്തെ കേവലം 15 സീറ്റിലും കോണ്‍ഗ്രസിനെ ഒറ്റ സീറ്റുലുമാണ് കാവിപ്പട ഒതുക്കിയിരുന്നത്. നെഹ്റു കുടുംബത്തിന്റെ പരമ്പരാഗത സീറ്റായ അമേഠിയില്‍ രാഹുല്‍ഗാന്ധി പരാജയപ്പെട്ട ഷോക്കില്‍ നിന്നും കോണ്‍ഗ്രസ് ഇതുവരെ മുക്തരായിട്ടുമില്ല. 80 ലോക്സഭാ സീറ്റുകളുള്ള യു.പിയിലെ റായ്ബറേലിയില്‍ സോണിയ ഗാന്ധിക്ക് മാത്രമേ ഇത്തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിക്കാന്‍ കഴിഞ്ഞിരുന്നുള്ളു.

യു.പിയിലെ കര്‍ഷകരോഷത്തിന്റെ അപകടം മണത്തറിഞ്ഞ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കര്‍ഷകര്‍ക്ക് പഞ്ചസാര കമ്പനികള്‍ നല്‍കാനുള്ള കുടിശികയായ 6400 കോടി രൂപ ആഗസ്റ്റ് 31നകം കൊടുത്തു തീര്‍ക്കണമെന്ന് അന്ത്യശാസനം നല്‍കിയിരുന്നെങ്കിലും അതും നടപ്പാക്കിയിട്ടില്ല. പണം കൊടുത്തുതീര്‍ക്കാന്‍ ഇതുവരെയും പഞ്ചസാര കമ്പനികള്‍ തയ്യാറായിട്ടില്ല. 16 പഞ്ചസാര മില്ലുകളാണ് യു.പിയിലുള്ളത്. ഇവിടെയെല്ലാം വിളയുടെ 30 ശതമാനം വിലമാത്രമാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്.

കടുത്ത ചൂഷണം നേരിടുന്ന കരിമ്പുകര്‍ഷകരുടെ വായ്പ എഴുതി തള്ളുന്നതിനോ കുറഞ്ഞ ചെലവില്‍ വൈദ്യുതി നല്‍കുന്നതടക്കമുള്ള ക്ഷേമപദ്ധതികള്‍ക്കോ സര്‍ക്കാര്‍ തയ്യാറാവാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്. പ്രദേശത്തെ നദികള്‍ വ്യാപകമായി മലിനപ്പെട്ടതോടെ 30 ശതമാനം കര്‍ഷകരും ക്യാന്‍സര്‍ രോഗത്തിന്റെ പിടിയിലുമാണ്. കൃഷിയും നഷ്ടത്തിലായി, ആത്മഹത്യയും ഇവിടെ പെരുകുകയാണ്. ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കിടെയാണ് അതിജീവന സമരവുമായി കരിമ്പ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്തിരിക്കുന്നത്. ”പൊരുതുക അല്ലെങ്കില്‍ മരിക്കുക” എന്നുതുമാത്രമാണ് ഇപ്പോള്‍ തങ്ങളുടെ മുന്നിലുള്ള മാര്‍ഗമെന്നാണ് കര്‍ഷകര്‍ തുറന്നടിക്കുന്നത്.

ജീവിക്കാന്‍ വേണ്ടി കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രതിഷേധക്കൊടി ഉയര്‍ത്തുമ്പോള്‍ അമേരിക്കയില്‍ ‘ഹൗഡി മോദി’പരിപാടിയുടെ തിരക്കിലാണ് നിലവില്‍ പ്രധാനമന്ത്രി. 1.4 ലക്ഷം കോടി രൂപ ചെലവിട്ട് നടത്തുന്ന ഈ പരിപാടി മോദിക്ക് ലോകത്തെ ശക്തനായ ഭരണാധികാരിയെന്ന പ്രതിഛായ നേടിക്കൊടുക്കുന്നതിന് കൂടി ലക്ഷ്യമിട്ടുള്ളതാണ്. അമേരിക്കയിലെ ഹൂസ്റ്റണില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചേര്‍ന്ന് നടത്തുന്ന ഈ പരിപാടി ഇതിനികം തന്നെ ലോകശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു. സെപ്റ്റംബര്‍ 22ന് നടക്കുന്ന ഹൗഡി മോദിയില്‍ അരലക്ഷം പേരാണ് പങ്കെടുക്കുന്നത്. പരിപാടി നിയന്ത്രിക്കുന്നതിന് മാത്രം 1500 വോളണ്ടിയര്‍മാരെയാണ് നിയോഗിച്ചിരിക്കുന്നത്.

ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയും വിലയിടിവില്‍ പൊറുതിമുട്ടി കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം തേടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഹൗഡി മോദി ധൂര്‍ത്തെന്ന ആരോപണമാണ് കോണ്‍ഗ്രസും ഇടതുപക്ഷവും നിലവില്‍ ഉയര്‍ത്തിക്കൊണ്ട് വരുന്നത്. ഇന്ത്യയില്‍ പലയിടത്തും കര്‍ഷക സമരങ്ങള്‍ വ്യാപകമായെങ്കിലും അവയെ രാഷ്ട്രീയ മുന്നേറ്റമാക്കുന്നതില്‍ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് വലിയെ പരാജയമായിരുന്നു.

സി.പി.എം കര്‍ഷക സംഘടനയായ അഖില്‍ ഭാരതീയ കിസാന്‍സഭയുടെ നേതൃത്വത്തില്‍ നാസിക്കില്‍ നിന്നും മുംബൈയിലേക്കു നടത്തിയ കിസാന്‍ ലോങ് മാര്‍ച്ചാണ് ഇന്ത്യയിലെ സമീപകാല കര്‍ഷക പ്രക്ഷോഭങ്ങളില്‍ പ്രധാനപ്പെട്ടത്. അന്ന് കര്‍ഷക മാര്‍ച്ച് മുംബൈയിലെത്തും മുമ്പ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സമരം അവസാനിപ്പിക്കാന്‍ നടപടിയെടുക്കുകയാണ് ചെയ്തിരുന്നത്.

സി.പിഎം ജനറല്‍ സെക്രട്ടറി സിതാറാം യച്ചൂരി തന്നെ നേരിട്ട് മുബൈയിലെത്തിയാണ് അന്ന് പ്രശ്‌ന പരിഹാരത്തിന് മുന്‍കൈയെടുത്തിരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ യു.പിയിലെ കര്‍ഷക പ്രക്ഷോഭം ഹരിയാനയിലേക്ക് കൂടി വ്യാപിച്ചാല്‍ അത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായിമാറാനാണ് സാധ്യത. ഹരിയാനയിലും കര്‍ഷക പ്രതിഷേധം നിലവില്‍ പുകയുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹരിയാനയില്‍ കര്‍ഷകര്‍ നിര്‍ണായക രാഷ്ട്രീയ ശക്തിയുമാണ്. ഇവിടെ കര്‍ഷക വോട്ടുകള്‍ എതിരായാല്‍ സംസ്ഥാന ഭരണം ബി.ജെ.പിക്ക് നഷ്ടമാകാനും സാധ്യതയുണ്ട്. അതിനാല്‍ തന്നെ ഈ കര്‍ഷക സമരങ്ങളെ ഗൗരവത്തോടെയാണ് സംഘപരിവാര്‍ നേതൃത്വവും നോക്കിക്കാണുന്നത്.

അതേസമയം, നോട്ട് നിരോധനവും ജി.എസ്.ടിയുമടക്കമുള്ള സാമ്പത്തിക പരിഷ്‌ക്കാരങ്ങളില്‍ തകര്‍ന്ന കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എന്ത് ചെയ്യണമെന്നറിയാതെ അന്തംവിട്ടിരിക്കുകയാണിപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍.ബലാകോട്ട് വ്യോമാക്രമണവും പാക്കിസ്ഥാനെതിരായ യുദ്ധഭീതിയും സമര്‍ത്ഥമായി ഉപയോഗിച്ച് ദേശീയ ബോധം ഉയര്‍ത്തിയാണ് മോദി രണ്ടാമതും മികച്ച ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയിരുന്നത്. എന്നാല്‍ ഇന്ത്യന്‍ ഗ്രാമങ്ങളിലെയും കര്‍ഷകരുടെയും ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാവുന്ന സാഹചര്യമാണ് നിലവിലുള്ളത്.

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയടക്കമുള്ള ഗ്രാമീണ ജനതക്ക് തൊഴില്‍ നല്‍കിയിരുന്ന പദ്ധതികള്‍ ദുര്‍ബലമായതോടെ കടുത്ത പ്രതിസന്ധിയിലാണ് ഗ്രാമീണ ജനത. കേന്ദ്ര സര്‍ക്കാരില്‍ നിന്നും തിരുത്തല്‍ നടപടിയാണിപ്പോള്‍ അവരും ആഗ്രഹിക്കുന്നത്.