പാലായില്‍ കനത്ത പോളിങ്; ആത്മവിശ്വാസത്തില്‍ സ്ഥാനാര്‍ത്ഥികള്‍

പാലാ: രാവിലെ 11.45 മണിവരെ പാലാ നിയമസഭാ മണ്ഡലത്തില്‍ 33.10 ശതമാനം പോളിങ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പതിനൊന്നു മണി വരെ 22.09 ശതമാനം മാത്രമായിരുന്നു പോളിങ്. രാവിലെ മുതല്‍ ആരംഭിച്ച പോളിങില്‍ മിക്കയിടത്തും വലിയ ക്യൂവാണ്. സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 128-ാം നമ്പര്‍ ബൂത്തില്‍ കെ.എം മാണിയുടെ കുടുംബം വോട്ടു രേഖപ്പെടുത്തി. മാണിയുടെ ഭാര്യ കുട്ടിയമ്മ, മകന്‍ ജോസ് കെ മാണി, ഭാര്യ നിഷ, മക്കള്‍ തുടങ്ങിവരാണ് വോട്ടു ചെയ്യാനെത്തിയത്. അ്ഞ്ചിടത്ത് വി.വി പാറ്റ് യന്ത്രങ്ങള്‍ തകരാറിലായി. കാണാട്ടുപാറ 119-ാം ബൂത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി. കാപ്പന്‍ വോട്ട രേഖപ്പെടുത്തി.

രാവിലെ കുടുംബത്തോടൊപ്പമെത്തിയാണ് ഇദ്ദേഹം വോട്ടു ചെയ്തത്. ജയിക്കുമെന്ന് 101 ശതമാനം ഉറപ്പാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിജയത്തില്‍ ആശങ്കയില്ലെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പറഞ്ഞു. എല്ലാ പഞ്ചായത്തിലും യു.ഡി.എഫ് ഭൂരിപക്ഷം നേടും. ഇത്തവണ പോളിങ് ശതമാനം വര്‍ദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് പ്രവര്‍ത്തകര്‍ വലിയ ആവേശത്തിലാണ്. രാഷ്ട്രീയത്തില്‍ വെല്ലുവിളികളും ബുദ്ധിമുട്ടും നേരിടേണ്ടി വരുമെന്നും ജോസ് ടോം വ്യക്തമാക്കി. വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ത്ഥി.