തിരുവനന്തപുരം മേയർ വട്ടിയൂർക്കാവിൽ, മണ്ഡലം പിടിച്ചെടുക്കാൻ സി.പി.എം

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്ത് ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയാകും.

സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് പ്രശാന്തിന്റെ പേര് ശുപാര്‍ശ ചെയ്തു. മേയര്‍ എന്ന നിലയിലുള്ള മികച്ച പ്രവര്‍ത്തനം തന്നെയാണ് വികെ പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാന്‍ കാരണം.

നായര്‍ സമുദായത്തില്‍പ്പെട്ടവര്‍ 42 ശതമാനമുള്ള മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. എന്നാല്‍, പ്രളയകാലത്ത് ദുരിതബാധിതര്‍ക്കായി സഹായങ്ങള്‍ ലഭ്യമാക്കാന്‍ മുന്നിട്ടിറങ്ങിയതും യുവജനങ്ങള്‍ക്കിടയില്‍ ഉള്ള സ്വീകാര്യതയും കണക്കുകൂട്ടിയാണ് ജാതിസമവാക്യങ്ങള്‍ മാറ്റിവെച്ചും പ്രശാന്തിലേക്ക് പാര്‍ട്ടി എത്തിയിരിക്കുന്നത്.

ആദ്യ ഘട്ടത്തില്‍ ജില്ലാ കമ്മിറ്റിയില്‍ പ്രശാന്തിന്റെ പേര് പരിഗണനയില്‍ ഇല്ലായിരുന്നു. രണ്ട് ദിവസം മുമ്പാണ് സംസ്ഥാന നേതൃത്വം തന്നെ ഈ പേര് ചര്‍ച്ചയ്ക്കായി നിര്‍ദേശിച്ചത്. പ്രശാന്തിനെ പോലൊരാളെ നിര്‍ത്തിയാല്‍ മണ്ഡലം തിരിച്ചു പിടിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അഭിപ്രായം അറിയിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ ജില്ലാ സെക്രട്ടേറിയറ്റും തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് വട്ടിയൂര്‍ക്കാവ് മണ്ഡലം കമ്മിറ്റിയും ചേരുന്നുണ്ട്. ഈ യോഗത്തിന് ശേഷമായിരിക്കും അന്തിമതീരുമാനം.