പാലായിലെ ജയം പിണറായി സര്‍ക്കാരിനെ ജനം അംഗീകരിച്ചെന്നതിനുള്ള തെളിവ്: വെള്ളാപ്പള്ളി

ആലപ്പുഴ: പാലാ തിരഞ്ഞെടുപ്പ് ഫലം പിണറായി സര്‍ക്കാരിനെ ജനം അംഗീകരിച്ചെന്നതിനുള്ള തെളിവാണെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പാലാ തിരഞ്ഞെടുപ്പ് പിണറായി സര്‍ക്കാരിന്റെ ഭരണത്തിന്റെ ചൂണ്ടുപലകയാണെന്ന് പലരും പറഞ്ഞിരുന്നു. അത് അംഗീകരിക്കുന്നെങ്കില്‍ ഇത് പിണറായിയുടെ വിജയമാണെന്ന് അവര്‍ ആവര്‍ത്തിച്ച് പറയണം. വിജയത്തോടെ എല്‍.ഡി.എഫ്. സര്‍ക്കാരിന് ജനത്തിന്റെ അംഗീകാരം കിട്ടിയെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

പാലായിലെ ഇടതുപക്ഷത്തിന്റെ വിജയം വെള്ളാപ്പള്ളിയുടെയോ എസ്എന്‍ഡിപിയുടെയോ മാത്രം നിലപാട് കൊണ്ടുള്ള വിജയമല്ല. പാലാ ബിഷപ്പ് പോലും കാപ്പനെ പിന്തുണച്ചു. ബിഷപ്പിനും കേരള കോണ്‍ഗ്രസിനോട് താത്പര്യമില്ലായിരുന്നു. ജോസ് കെ മാണിക്ക് കഴിവില്ല എന്ന് അണികള്‍ പോലും പറഞ്ഞു. അവരെല്ലാം കാപ്പന്‍ വിജയിക്കുമെന്ന് പറഞ്ഞു. അധികാരത്തിന് വേണ്ടി തറവേല കാണിക്കുന്നവര്‍ പുറത്തുനില്‍ക്കട്ടെ എന്ന വികാരം പാലായിലുണ്ടായിരുന്നു.പാലായില്‍ ബിജെപിക്ക് അവരുടെ വോട്ടുകള്‍ കിട്ടിയോ എന്ന് പരിശോധിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പാലാ ട്രെന്‍ഡ് വരുന്ന ഉപതിരഞ്ഞെടുപ്പില്‍ കുറച്ചെല്ലാം പ്രതിഫലിച്ചേക്കാം. തകര്‍ന്നെന്ന് കരുതിയ എല്‍ഡിഎഫിന് ആവേശമായി. കോണ്‍ഗ്രസിന് ക്ഷീണവും. ട്വന്റി 20 അടിക്കാന്‍ നിന്നവര്‍ക്ക് ഒത്തില്ല. ജനം കഴുതയാണെന്ന് കരുതേണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എന്നാല്‍ അരൂരിലെ ജയസാധ്യത പറയാറായിട്ടില്ലെന്ന് വെളളാപ്പളളി നടേശന്‍ പറഞ്ഞു. സമുദായമല്ല തന്നെ നിശ്ചയിച്ചതെന്ന് ഷാനിമോള്‍ പറഞ്ഞെങ്കില്‍ അങ്ങനെ ആകട്ടെ. ഷാനിമോളെ കാന്തപുരമാണ് പറഞ്ഞുവിട്ടതെന്ന് കേട്ടെന്നും വെളളാപ്പളളി പറഞ്ഞു. കോന്നിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ദേശിച്ചത് എന്‍.എസ്.എസാണ്. അടൂര്‍ പ്രകാശ് കുലംകുത്തിയെന്നതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.