ഉപതെരഞ്ഞെടുപ്പ്; ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാര്‍, വട്ടിയൂര്‍ക്കാവില്‍ കുമ്മനം ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് മണ്ഡലങ്ങളിലേയ്ക്ക് പ്രഖ്യാപിച്ച ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായി.

വട്ടിയൂര്‍ക്കാവില്‍ എസ് സുരേഷ്, കോന്നിയില്‍ കെ സുരേന്ദ്രന്‍, അരൂരില്‍ കെ. പി പ്രകാശ് ബാബു , എറണാകുളത്ത് സി.ജി രാജഗോപാല്‍, മഞ്ചേശ്വരത്ത് രവിശ തന്ത്രി എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

അതേസമയം, വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. പാര്‍ട്ടി പറഞ്ഞാല്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുമെന്ന് കുമ്മനം രാജശേഖരനും അറിയിച്ചിരുന്നു. സംസ്ഥാന നേതൃത്വം തന്റെ പേര് നിര്‍ദേശിച്ചെന്നും അന്തിമ തീരുമാനം കേന്ദ്രനേതൃത്വം ഉടനെ പ്രഖ്യാപിക്കുമെന്നുമായിരുന്നു കുമ്മനം പ്രതികരിച്ചത്. എന്നാല്‍, ആദ്യം സ്ഥാനാര്‍ത്ഥിത്വത്തെ കുമ്മനം എതിര്‍ത്തിരുന്നു.

വട്ടിയൂര്‍ക്കാവില്‍ ബിജെപിക്കായി കുമ്മനം മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവും നേമം എംഎല്‍എയുമായ ഒ. രാജഗോപാലും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അഞ്ച് മണ്ഡലങ്ങളിലേയ്ക്ക് പ്രഖ്യാപിച്ചിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21നാണ് നടക്കുക. ഒക്ടോബര്‍ 24നാണ് വോട്ടെണ്ണല്‍. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഈ മാസം 30നാണ്. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ 4നുമാണ്.

എംഎല്‍എമാര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അരൂര്‍ ഒഴികെ ബാക്കിയെല്ലാം യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ്.