ഹാസ്യത്തിന്റെ തൂവൽ സ്പർശം: ലാളിത്യത്തിന്റെ വിജയം

രമേഷ് പിഷാരടിയുടെ ഏറെക്കുറെ ഒരു സ്റ്റേജ് ഷോ മട്ടിൽ ആയിപ്പോയ ‘പഞ്ചവർണ്ണതത്ത’ എന്ന ആദ്യ സംവിധാന സംരംഭത്തിനു ശേഷം ‘ഗാനഗന്ധർവ്വൻ’ എന്ന പുതിയ മമ്മൂട്ടി ചിത്രത്തിൽ വിസ്മയാവഹമായ ഒരു കുതിപ്പ് സാധിച്ചിരിക്കുന്നു എന്ന് നിസ്സന്ദേഹം പറയട്ടെ! താരപരിവേഷം ഊരിവെച്ചെത്തുന്ന മമ്മൂട്ടി, കലാസദൻ ഉല്ലാസ് എന്ന ഗാനമേളാ ഗായകനായി എത്ര ഭാരരഹിതനായാണ് ചിത്രത്തിൽ ജീവിക്കുന്നത് ?! തിരക്കഥയിൽ രമേഷ് പിഷാരടിയും ഹരി പി നായരും പുലർത്തിയിട്ടുള്ള സൂക്ഷമത, ചിത്രത്തിലെ വൈകാരിക സംഘർഷങ്ങളെ പ്രേക്ഷകരുടെ ഹൃദയത്തിന്റെ ഭാഗമാക്കുക മാത്രമല്ല, അനുനിമിഷം വിരിയിച്ചെടുക്കുന്ന ഹാസ്യ സന്ദർഭങ്ങളെ വിദഗ്ധമായി സ്വാഭാവികതയുടെ കേന്ദ്രസ്ഥാനത്ത് ഉറപ്പിക്കുകയും ചെയ്യുന്നുണ്ട്. ഒരിക്കലും ഒരു ജനകീയ സിനിമയിൽ ഇതു എളുപ്പം സാധിക്കുന്ന ഒരു നിസ്സാര കാര്യമല്ല. അരനൂറ്റാണ്ടോളം അഭിനയ ജീവിതമുള്ള മമ്മൂട്ടിയുടെ കരിയറിൽ ഈ ചിത്രത്തിന് അതുകൊണ്ടുതന്നെ ഒരു പ്രത്യേക സ്ഥാനമുണ്ടാകും.

ജീവിതത്തിന്റെ ആകസ്മികതകളും സാധാരണ മനുഷ്യന്റെ സത്യസന്ധമായ കുടുംബ ചുറ്റുപാടുകളും ഗാനമേള കലാകാരൻമാരുടെ ലോകത്തെ കുഞ്ഞു സ്വപ്നങ്ങളും പ്രതീക്ഷകളുമെല്ലാം ചേർന്ന് സിനിമ എല്ലായ്പ്പോഴും മണ്ണിൽ മാത്രം ഗാഢം കാലൂന്നി നിൽക്കുന്നത് ശ്രദ്ധേയമാണ്. ആദ്യന്തം ഹാസ്യത്തിന്റെ തൂവൽസ്പർശം സാധിച്ചു കൊണ്ടു തന്നെ ചിത്രം, സ്ത്രീ സുരക്ഷയ്ക്കായി നിലവിൽ വന്നിട്ടുളള നിയമങ്ങളെ ദുരുപയോഗം ചെയ്യുന്നതിലുള്ള അപകടത്തെക്കുറിച്ചു കൂടി യാഥാർത്ഥ്യബോധത്തോടെ സൂചിപ്പിക്കുന്നുണ്ട്. ഡ്രമ്മർ റോളിൽ മനോജ് കെ ജയനും ഗായകൻ ശ്യാമപ്രസാദിന്റെ റോളിൽ സുരേഷ് കൃഷ്ണയും മികച്ച സാന്നിധ്യമാകുന്നുണ്ട്. പുതുമുഖങ്ങളായ വന്ദനയും (മിനി ) അതുല്യയും ( സാന്ദ്ര) തങ്ങളുടെ കഥാപാത്രങ്ങള കൃത്യമായി അവതരിപ്പിക്കുന്നു. അതുപോലെ അനസൂയ എന്ന വക്കീൽ കഥാപാത്രവും ശ്രദ്ധേയമാണ്. ദീപക് ദേവിന്റ സംഗീതവും അഴകപ്പന്റെ ക്യാമറയും ചിത്രത്തിന്റെ കോമഡി മൂഡ് നിലനിർത്തുന്നതിൽ ഒരു പങ്കു വഹിക്കുന്നുണ്ട്. മുകേഷ്, ദേവൻ, മണിയൻ പിളള, കുഞ്ചൻ, കൊച്ചു പ്രേമൻ, രാജു, സിദ്ദിഖ്, ഹരീഷ് കണാരൻ, ഇന്നസെന്റ്, സലിം കുമാർ, അനൂപ് മേനോൻ, രാജേഷ് ശർമ്മ തുടങ്ങി നിരവധി നടൻമാർ ചെറുസമയം കൊണ്ട് തങ്ങളെ അടയാളപ്പെടുത്തുന്നതും സ്ക്രിപ്റ്റിന്റെ പ്രത്യേകതയായി കാണണം. ഇടയ്ക്കു പ്രത്യക്ഷമാകുന്ന അതിശയോക്തിയുടേയും അമച്വർ സ്വഭാവത്തിന്റെയും പരിമിതികള അതേ തിരക്കഥകൊണ്ടു തന്നെ നിർവ്വീര്യമാക്കിയാണ്, സംവിധായകൻ, തന്റെ സിനിമയുടെ ലാളിത്യത്തെ വിജയത്തിന്റെ മറു നാമമാക്കുന്നതും

രഘുനാഥൻ പറളി

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ