കൂടത്തായി കൊലപാതകങ്ങള്‍: ജോളിയടക്കം മുന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

കോഴിക്കോട്: കൂടത്തായി കേസില്‍ പ്രതികളെന്നു സംശയിക്കുന്ന മൂന്നു പേരുടെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. മരിച്ച റോയിയുടെ ഭാര്യ ജോളി, ജോളിയെ സഹായിച്ച ജുവലറി ജീവനക്കാരന്‍ മാത്യു, മാനന്തവാടിയിലെ സ്വര്‍ണപണിക്കാരന്‍ പ്രജുകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.

നേരത്തേ, ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും പിതാവ് സക്കറിയായേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും പിന്നീട് വിട്ടയച്ചു.ദുരൂഹമരണങ്ങളിലെ അന്വേഷണത്തില്‍ കൊലപാതകമാണെന്നു സ്ഥിരീകരിക്കുന്ന നിര്‍ണായകമായ സാഹചര്യതെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മരിച്ച റോയിയുടെ ഭാര്യ ജോളിയെ ശനിയാഴ്ച രാവിലെയാണ് വീട്ടില്‍നിന്നും ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയില്‍ എടുത്തത്. ജോളി കുറ്റസമ്മതം നടത്തുകയും ചെയ്തു. ഇതിനു പിന്നാലെ ജോളിയുടെ ബന്ധുകൂടിയായ ജുവലറി ജീവനക്കാരന്‍ മാത്യുവിനെയും പ്രജുകുമാറിനെയും കസ്റ്റഡിയിലായത്. മാത്യുവാണ് ജോളിക്ക് സയനൈഡ് നല്‍കിയത്. ജോളിയുമായി സൗഹൃദമുണ്ടായിരുന്നെന്നും മാത്യു വെളിപ്പെടുത്തി.ജോളിയുടെ മക്കളേയും സഹോദരങ്ങളേയും ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം വിളിച്ചുവരുത്തിയിട്ടുണ്ട്.

അതേസമയം, സംഭവം കൊലപാതകമാണെന്ന സ്ഥിരീകരണത്തിലേക്ക് എത്തിയതോടെ പോലീസ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയിരിക്കുകയാണ്. ശനിയാഴ്ച വൈകിട്ടുതന്നെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് ഉന്നത പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ബന്ധുക്കളായ ആറുപേരുടേയും മരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്നും മരണങ്ങളില്‍ അസ്വഭാവികതയുണ്ടെന്നും വടകര റൂറല്‍ എസ്പി പറഞ്ഞു.

കൂട്ടമരണത്തിന്റെ കാരണം കണ്ടെത്താന്‍ കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിലെ കല്ലറ തുറന്ന് ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തിയിരുന്നു. റിട്ട.വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനായ കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യയും റിട്ട. അധ്യാപികയുമായ അന്നമ്മ തോമസ്, മകന്‍ റോയ് തോമസ്, അന്നമ്മയുടെ സഹോദരനും വിമുക്ത ഭടനുമായ മാത്യു മഞ്ചാടിയില്‍ എന്നിവരുടെ മൃതദേഹങ്ങളാണ് പുറത്തെടുത്ത് പരിശോധിച്ചത്.