കൂടത്തായി: ജോളിയെ സഹായിച്ച ഉദ്യോഗസ്ഥരും രാഷ്ട്രീയനേതാക്കളും നിരീക്ഷണത്തില്‍

കോഴിക്കോട്: കൂടത്തായിയിലെ കൊലപാതകങ്ങളും സ്വത്ത് തട്ടിപ്പും നടത്തിയത് താന്‍ ഒറ്റയ്ക്കല്ലെന്ന ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് മറ്റ് പതിനൊന്ന് പേരിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കുന്നു. ഇത് വരെ ചോദ്യം ചെയ്തിട്ടില്ലാത്തവര്‍ ഉള്‍പ്പടെ 11 പേരിലേക്കാണ് അന്വേഷണം ചെന്നെത്തുന്നത്.

വ്യാജ ഒസ്യത്തുണ്ടാക്കാന്‍ സഹായിച്ച റവന്യൂ ഉദ്യോഗസ്ഥര്‍, പ്രാദേശികമായി സഹായങ്ങള്‍ നല്‍കിയ രണ്ട് രാഷ്ട്രീയനേതാക്കള്‍, കോഴിക്കോട്ടെ രണ്ട് ക്രിമിനല്‍ അഭിഭാഷകര്‍ എന്നിവരെയാണ് പൊലീസ് നിരീക്ഷിക്കുന്നത്. സ്വത്ത് തട്ടിയെടുക്കാനുള്ള ഗൂഢാലോചന ആസൂത്രണം ചെയ്തത് ഈ സംഘമാണെന്ന് പൊലീസ് ഏതാണ്ടുറപ്പിച്ച് കഴിഞ്ഞു. ജോളി ഇവരുടെ സഹായത്തോടെ ഉണ്ടാക്കിയ വ്യാജവില്‍പ്പത്രം തന്നെയാണ് ഇതിന്റെ തെളിവ്.

ഒരു രാഷ്ട്രീയനേതാവ് ജോളിയ്ക്ക് നല്‍കിയ ഒരു ലക്ഷം രൂപയുടെ ചെക്ക് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എന്തിനാണ് ഈ പണം നല്‍കിയതെന്നറിയാന്‍ ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. ഇത്തരത്തില്‍ പലരുമായി തോന്നിയ രീതിയിലുള്ള ജോളിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിശദമായ രേഖകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. മറ്റൊരു ചെക്ക് ബാങ്കില്‍ കൊണ്ടുപോയി പണമായി മാറ്റിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. എവിടെ നിന്നാണ് ജോളിയ്ക്ക് ഈ പണമെല്ലാം ചെക്കായി കിട്ടിയിരുന്നത്? എന്തിന്? എന്നതൊക്കെയാണ് ഇനി പൊലീസിന് പരിശോധിക്കേണ്ടത്. ലക്ഷങ്ങളുടെ ഇടപാടുകളും തിരിമറിയും ജോളി നടത്തിയിരുന്നു എന്നതാണ് അന്വേഷണത്തിലൂടെ തെളിയുന്നത്.

കഴിഞ്ഞ ഒരു വര്‍ഷത്തെ ജോളിയുടെ ഫോണ്‍ രേഖകള്‍ പൂര്‍ണമായും പൊലീസ് പരിശോധിച്ചു കഴിഞ്ഞു. ഇതില്‍ നിരവധി തവണ ഫോണ്‍ ചെയ്ത ഏഴ് പേരെ പൊലീസ് വിളിച്ച് വരുത്തി ചോദ്യം ചെയ്യും.

ജോളിയുടെ ബാങ്ക് അക്കൗണ്ടുകള്‍ സംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ക്ക് ഒരുങ്ങുകയാണ് പൊലീസ്. പ്രാഥമികമായ പരിശോധന നടത്തിയെങ്കിലും വിശദമായി ആരൊക്കെയാണ് ജോളിയ്ക്ക് പണമയച്ചതെന്നും, ആര്‍ക്കാണ് പണം അയച്ചതെന്നുമടക്കമുള്ള എല്ലാ രേഖകളും പരിശോധിക്കും.

അതേസമയം കൂടത്തായിയില്‍ ആറ് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ലോക്കല്‍ പോലീസിന് വീഴ്ചപറ്റിയെന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. മൂന്നാമതായി നടന്ന റോയിയുടെ മരണത്തില്‍ കൃത്യമായ അന്വേഷണം നടത്തിയിരുന്നെങ്കില്‍ തുടര്‍മരണങ്ങള്‍ഉണ്ടാകില്ലായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.

ഷാജുവിന് സ്വന്തം ഭാര്യയും കുഞ്ഞും മരിച്ചത് സംശയാസ്പദമായി തോന്നിയിട്ടില്ല എന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും വീട്ടില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് കടലാസ്സുകള്‍ പലതും ചാക്കില്‍ കെട്ടിയാണ് ഷാജു പോയതെന്നും നാട്ടുകാരിലൊരാള്‍ പറഞ്ഞു.

നാട്ടിലും നാട്ടുകാര്‍ക്കും പ്രിയങ്കരിയായ സ്ത്രീയാണ് ജോളി. ടീച്ചറെ എന്ന് വിളിച്ച് വളരെ ബഹുമാനത്തോടെയാണ് ഞങ്ങളെല്ലാം അവരോട്‌പെരുമാറിയത്. ടീച്ചറെ എന്ന് വിളിച്ചാല്‍ വിളി കേള്‍ക്കുമായിരുന്നു അവര്‍. എന്നാല്‍ അവര്‍ ടീച്ചറല്ല എന്ന് ഇന്നലെയാണ് ഞങ്ങള്‍ അറിഞ്ഞത്. അത് ഞെട്ടിച്ചെന്നും നാട്ടുകാരിലൊരാല്‍ പ്രതികരിച്ചു.