കൂടത്തായി: ജോളി ഉള്‍പ്പെടെയുള്ള പ്രതികളെ ആറു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രധാന പ്രതി ജോളിയെ ആറു ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് വിട്ടത്. മറ്റ് പ്രതികളായ മാത്യൂ പ്രജികുമാര്‍ എന്നിവരെയും 16വരെ കസ്റ്റഡിയല്‍ വിട്ടു.

താമരശ്ശേരി ഫസ്റ്റ് ക്ലാസ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റേതാണ് ഉത്തരവ്. കേസ് ഇനി 16-ാം തിയതി പരിഗണിക്കും. പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷയും അന്ന് തന്നെ പരിഗണിക്കും. പോലീസിന്റെ ഭാഗത്ത് നിന്നോ മറ്റോ പരാതികള്‍ ഉള്ളതായി പ്രതികള്‍ പറഞ്ഞില്ല.

15 ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ക്രൈംബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെട്ടത്.കസ്റ്റഡിയില്‍ ലഭിച്ച പ്രതികളെ ഇനി വടകര റൂറല്‍ എസ്പി ഓഫീസിലെത്തിക്കും. ഇവിടെ നിന്ന് പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷമാകും തെളിവെടുപ്പിന് കൊണ്ടുപോകുക.