നമ്മുടെ നേതാവിന്റെ സുരക്ഷ എവിടെ? മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

ന്ത്യ ചൈന രണ്ടാം അനൗദ്യോഗിക ഉച്ചകോടിയ്ക്ക് തമിഴ്നാട്ടിലെ മഹാബലിപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഭാത സവാരിയ്ക്കിടെ മഹാബലിപുരത്തെ കടല്‍തീരത്തുണ്ടായിരുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന ചിത്രവും വീഡിയയും കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മോദി തന്നെയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. ഇപ്പോഴിതാ മോദിയെ പരോക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ പ്രകാശ് രാജ്.

പ്രധാനമന്ത്രിയുടെ സുരക്ഷ എവിടെയാണെന്നും വിദേശത്ത് നിന്ന് അതിഥികള്‍ എത്തിയിരിക്കുന്ന അവസരത്തില്‍ എന്തുകൊണ്ട് കടല്‍ത്തീരം വൃത്തിയാക്കിയില്ലെന്നും പ്രകാശ് രാജ് ചോദിക്കുന്നു. ട്വിറ്ററിലൂടെയായിരുന്നു പ്രകാശ് രാജിന്റെ വിമര്‍ശനം.

‘എവിടെയാണ് നമ്മുടെ നേതാവിന്റെ സുരക്ഷ? പ്രദേശം വൃത്തിയാക്കാന്‍ അദ്ദേഹത്തെ, ഒറ്റയ്ക്ക് ഒരു ക്യാമറാമാനൊപ്പം അയച്ചത് എന്തിന്? വിദേശത്ത് നിന്ന് ഒരു സംഘം എത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഈ പ്രദേശം വൃത്തിയാക്കാതിരിക്കാന്‍ ബന്ധപ്പെട്ട അധകൃതര്‍ക്ക് എങ്ങനെ ധൈര്യം വന്നു’- പ്രകാശ് രാജ് കുറിച്ചു.

വിഷയത്തില്‍ പ്രകാശിനെ അനുകൂലിച്ചും വിമര്‍ശിച്ചും ഒട്ടനവധിപേര്‍ രംഗത്ത് വന്നിരിക്കുകയാണ്.മോദി സര്‍ക്കാറിന്റെ കടുത്ത വിമര്‍ശകനാണ് പ്രകാശ് രാജ്.

കടല്‍ത്തീരത്ത് നടക്കുന്നതിനിടയില്‍ കയ്യിലുള്ള പ്ലാസ്റ്റിക് സഞ്ചിയിലേക്കാണ് മാലിന്യങ്ങള്‍ ശേഖരിക്കുന്ന വീഡിയോ ആയിരുന്നു മോദി ട്വിറ്ററില്‍ പങ്കുവെച്ചത്. മാലിന്യങ്ങള്‍ ശേഖരിച്ചസഞ്ചി പിന്നീട് മഹാബലിപുരത്ത് തങ്ങിയ ഹോട്ടലിന്റെ ജീവനക്കാരില്‍ ഒരാളായ ജയരാജിന് കൈമാറിയതായി അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. നമ്മുടെ പൊതു സ്ഥലങ്ങള്‍ വ്യത്തിയായി സൂക്ഷിക്കണമെന്നും നമ്മുടെ ആരോഗ്യത്തെ കുറിച്ച് ബോധവാന്മാരിയിക്കണമെന്നും വീഡിയോയ്‌ക്കൊപ്പമുള്ള ട്വീറ്റിലുണ്ട്. മോദിയുടെ ട്വീറ്റില്‍ താഴെ അഭിനന്ദിച്ചും പരിഹസിച്ചും നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്.