സുധാകരൻ അറിയണം, ആ തലച്ചോറിന്റെ ‘വീര്യത്തെ’

ക്ടോബര്‍ 20ന് 96 വയസ്സ് പൂര്‍ത്തിയാക്കി 97 -ാം വയസ്സിലേക്ക് കടക്കുകയാണ് വി.എസ് അച്ചുതാനന്ദന്‍. ലോകത്ത് തന്നെ ഇന്ന് ഈ പ്രായത്തിലും കര്‍മ്മനിരതനായിരിക്കുന്ന മറ്റൊരു രാഷ്ട്രീയ നേതാവുമില്ല. ഈ നേതാവിനെയാണ് കോണ്‍ഗ്രസ്സ് എം.പി കെ.സുധാകരനിപ്പോള്‍ അപമാനിച്ചിരിക്കുന്നത്.

‘വറ്റിവരണ്ട തലച്ചോറില്‍ നിന്ന് എന്ത് ഭരണ പരിഷ്‌ക്കാരമാണ് വരേണ്ടതെന്നാണ് ‘സുധാകരന്‍ ചോദിച്ചിരിക്കുന്നത്. ‘തൊണ്ണൂറാം വയസില്‍ എടുക്കുക, നടക്കുക’ എന്നൊരു ചൊല്ലുണ്ടെന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു പരിഹാസം. എന്ത് കാരണം മുന്‍ നിര്‍ത്തിയാണെങ്കിലും സുധാകരന്റെ ഈ പ്രതികരണത്തെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ല.

ക്രിമിനല്‍ ബുദ്ധിയുള്ള സുധാകരന്റെ തലച്ചോറില്‍ നിന്നും ഇതും ഇതിലപ്പുറവും വരും. അതില്‍ അത്ഭുതമൊന്നുമില്ല. സുധാകരന്‍ എന്താണെന്നും വി.എസ് എന്തായിരുന്നുവെന്നും നന്നായി അറിയുന്നവരാണ് കേരളത്തിലെ ജനങ്ങള്‍. ഇവിടെ ഒരു താരതമ്യത്തിന് പോലും സുധാകരന് യോഗ്യതയില്ല. അതാണ് യാതാര്‍ത്ഥ്യം.

സുധാകരന്‍ മറുന്നു പോയ വി.എസിന്റെ ജീവചരിത്രം അദ്ദേഹം 97 വയസ്സിലെത്തുന്ന സാഹചര്യത്തിലെങ്കിലും ഒന്നു തിരിഞ്ഞു നോക്കുന്നത് നല്ലതാണ്.

1923 ഒക്ടോബര്‍ 20ന് ആണ് ഈ ധീര വിപ്ലവകാരിയുടെ ജനനം. നാലാം വയസ്സില്‍ അമ്മയും പതിനൊന്നാം വയസ്സില്‍ അച്ഛനും നഷ്ടമായതായിരുന്നു വിഎസിന്റെ ബാല്യം.

തുന്നല്‍ തൊഴിലാളി, കയര്‍ ഫാക്ടറി തൊഴിലാളി എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ കുട്ടനാട്ടിലെ കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ച് മുന്നണി പോരാളിയായി മാറി. അമേരിക്കന്‍ മോഡലിനു വേണ്ടിയുള്ള സര്‍സിപിയുടെ നയത്തിനെതിരെ ചെങ്കൊടി ഉയര്‍ത്തി പട നയിച്ചതും സംഭവബഹുലമായിരുന്നു. തുടര്‍ന്ന് 1946 ഒക്ടോബര്‍ 28 ന് പൊലീസ് വി.എസിനെ പിടിച്ചു കൊണ്ടുപോയി പൂഞ്ഞാര്‍ ലോക്കപ്പില്‍ വച്ച് അതിക്രൂരമായാണ് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിനിടെ തോക്കിന്റെ ബയണറ്റ് കാല്‍ വെള്ളയില്‍ ആണ്ടിറങ്ങി ചോര ചിതറി. ഈ കൊടും മര്‍ദ്ദനത്തിന് പോലും വിഎസിനെ തളര്‍ത്താന്‍ സാധിച്ചിരുന്നില്ല.

അഞ്ചു വര്‍ഷവും ആറു മാസവും ജയില്‍ ജീവിതവും നാലരവര്‍ഷം ഒളിവ് ജീവിതവും വി.എസ് അനുഭവിച്ചിട്ടുണ്ട്. കെ. സുധാകരന് സ്വപ്നത്തില്‍ പോലും ഈ ത്യാഗങ്ങളൊന്നും ചിന്തിക്കാന്‍ പറ്റുന്നതല്ല. സ്വന്തം കുടുംബം നോക്കാനല്ല, നാടിനു വേണ്ടിയാണ്, അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗത്തിനു വേണ്ടിയാണ്, വി എസിന്റെ മുഷ്ടികള്‍ ഉയര്‍ന്നിരുന്നത്.

1967ല്‍ സര്‍ക്കാര്‍ പാസ്സാക്കിയ ഭൂപരിഷ്‌ക്കരണ നിയമം നടപ്പിലാക്കാന്‍ വലിയ പ്രക്ഷോഭമാണ് കമ്യൂണിസ്റ്റുകള്‍ ഉയര്‍ത്തി കൊണ്ടുവന്നിരുന്നത്.ഈ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തതും വി.എസ് ആയിരുന്നു. എണ്ണമറ്റ പ്രക്ഷോഭങ്ങള്‍ക്കാണ് ഈ കാലഘട്ടത്തില്‍ വി.എസ് നേതൃത്വം നല്‍കിയിരുന്നത്. അതെല്ലാം ചരിത്രമാണ്.

ഇപ്പോള്‍ വറ്റിവരണ്ട തലച്ചോര്‍ എന്ന് ആക്ഷേപിക്കുന്ന സുധാകരന്‍ ആ തലച്ചോറില്‍ പിറന്ന തന്ത്രങ്ങളും പോരാട്ടങ്ങളും ഒരിക്കലും വിസ്മരിക്കരുത്.

ചാനല്‍ കാമറക്ക് മുന്നില്‍ നിങ്ങള്‍ കാട്ടുന്ന ആക്രോശമല്ല ധീരത, അത് അറിയണമെങ്കില്‍ അത്തരം അനുഭവങ്ങള്‍ വേണം. അതിന് ആദ്യം വേണ്ടത് ത്യാഗം സഹിക്കാനുള്ള മനസ്സാണ്. ധരിച്ച ഖദര്‍വസ്ത്രം ചുളിയുന്നത് പോലും ഇഷ്ടപ്പെടാത്ത സുധാകരനൊന്നും ഇതൊന്നും ചിന്തിക്കാനേ പറ്റുന്നതല്ല.

കമ്യൂണിസ്റ്റ് വിരുദ്ധ തിമിരമാണ് സുധാകരന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് ബാധിച്ചിരിക്കുന്നത്. അതു കൊണ്ടാണ് ഇത്രയും ഹീനമായി വി.എസിനെ അധിക്ഷേപിക്കുന്നത്.

വിപ്ലവകാലത്തെ 23 കാരനില്‍ നിന്നും 97 ലേക്ക് കടക്കുന്ന വി.എസ് ഏഴു പതിറ്റാണ്ടിനിപ്പുറവും പൊരുതുന്ന മനസുകളെ സംബന്ധിച്ച് ആവേശം തന്നെയാണ്. ധാരാളം കമ്യൂണിസ്റ്റുകള്‍ ജനങ്ങളെ അണിനിരത്തി സാമുഹ്യമാറ്റം സാധ്യമാക്കിയ മണ്ണില്‍ നാലു തലമുറകളെ ആവേശപൂര്‍വ്വം നയിച്ച ബഹുമതിയും വി.എസിന് മാത്രം അവകാശപ്പെട്ടതാണ്.

മറ്റു രാഷ്ട്രീയ നേതാക്കള്‍ക്കെല്ലാം വിലക്കേര്‍പ്പെടുത്തിയ ഇടങ്ങളില്‍ പോലും വി.എസിനായി മാത്രം ഇപ്പോഴും ഒരു കസേരയുണ്ടാകും. അത് മൂന്നാറിലെ ‘പൊമ്പിളൈ ഒരുമ’ സമരത്തിലും കേരളം കണ്ടതാണ്.

സുധാകരന്റെ പാര്‍ട്ടിക്കാര്‍ ഉള്‍പ്പെടെ ആശുപത്രി മുതലാളിമാര്‍ക്കൊപ്പം നിലയുറപ്പിച്ചപ്പോള്‍ കോരിച്ചൊരിയുന്ന മഴയത്തും നഴ്‌സുമാര്‍ക്ക് വിശ്വാസ്യതയുള്ള നേതാവായിരുന്നതും ഈ കമ്യൂണിസ്റ്റായിരുന്നു.

മതികെട്ടാനിലും പൂയംകുട്ടിയിലും മൂന്നാറിലുമെല്ലാം അനധികൃത കയ്യേറ്റങ്ങള്‍ കണ്ടെത്താന്‍ പ്രായം വകവയ്ക്കാതെ വിഎസ് നടത്തിയ യാത്രകള്‍ എതിരാളികളെപ്പോലും അഭ്ഭുതപ്പെടുത്തുന്നതാണ്.

പരിസ്ഥിതി സംരക്ഷണത്തിനായി അരയും തലയും മുറുക്കി രംഗത്തിറങ്ങിയ വി.എസിന്റെ നിലപാട് ശരിയാണെന്നതാണ് കാലം പോലും ഇപ്പോള്‍ തെളിയിച്ച് കൊണ്ടിരിക്കുന്നത്.

വയല്‍ നികത്തലിനെതിരെ വെട്ടിനിരത്തലുമായി രംഗത്തിറങ്ങിയ വി.എസ് നേതൃത്വം കൊടുത്ത പഴയ സമരം പരിസ്ഥിതി സമരങ്ങളുടെ ആധികാരിക തുടക്കം തന്നെയാണ്. ‘വെട്ടിനിരത്തലിന്റെ’ ആവശ്യകത നമുക്ക് ബോധ്യമാകാന്‍ മഹാപ്രളയം തന്നെ ഒടുവില്‍ വരേണ്ടിവന്നു.
വരള്‍ച്ചയും അതിന്റെ ഭാഗമാണ്.

സുധാകരന്‍ അധിക്ഷേപിച്ച ഈ ‘വറ്റിവരണ്ട’ തലച്ചോര്‍ മുന്‍പ് പറഞ്ഞതാണ് ‘നാട് വറ്റി വരളാതെയിരിക്കാന്‍ ജനങ്ങളിപ്പോള്‍ മാതൃകയാക്കികൊണ്ടിരിക്കുന്നത്.