ജീവിച്ചത് അപരിചിതനെപ്പോലെ; കഠിനമായി ഉപദ്രവിച്ചിരുന്നു: ജോളിക്കെതിരെ ഷാജു-സിലി ദമ്പതികളുടെ മകന്‍

കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളി ജോസഫിനെതിരെ ഷാജുവിന്‍റെയും കൊല്ലപ്പെട്ട സിലിയുടെയും മകന്‍. രണ്ടാനമ്മയായ ജോളിയില്‍ നിന്നും കഠിനമായ മാനസിക-ശാരീരിക പീഡനങ്ങള്‍ നേരിട്ടിരുന്നതായും അപരിചിതനെപ്പോലെയാണെന്ന് കൂടത്തായിയിലെ വീട്ടിൽ ജീവിച്ചിരുന്നതെന്നും സിലിയുടെ മകൻ അന്വേഷണസംഘത്തിന് മൊഴി നല്‍കി എല്ലാ കാര്യങ്ങളിലും രണ്ടാനമ്മയില്‍ നിന്ന് വേര്‍തിരിവുണ്ടായിരുന്നെന്നും 10ാം ക്ലാസുകാരനായ കുട്ടിയുടെ മൊഴിയിൽ പറയുന്നു. തന്റെ അമ്മ സിലിയെ കൊലപ്പെടുത്തിയത് ജോളി തന്നെയാണ്. ജോളി നൽകിയ വെള്ളം കുടിച്ചശേഷമാണ് സിലിയുടെ ബോധം പോയതെന്നും സിലിയുടെ മകൻ പൊലീസിനു മൊഴി നല്‍കി. 2016 ജനുവരി 11 നാണ് താമരശ്ശേരിയിലെ ദന്താശുപത്രിയില്‍ വെച്ച് സിലി കുഴഞ്ഞുവീണ് മരിക്കുന്നത്. ഈ സമയത്ത് സിലിയോടൊപ്പം കുട്ടിയും ഉണ്ടായിരുന്നു.

ജോളിയുടെ ബാഗിലുണ്ടായിരുന്ന വെള്ളം കുടിച്ചതോടെയാണ് അമ്മയ്ക്ക് ബോധം നഷ്ടപ്പെട്ടതെന്ന് 16കാരൻ പൊലീസിനോട് വ്യക്തമാക്കി. ഇതിന് ശേഷമാണ് സിലിക്ക് ഗുളിക നല്‍കിയതെന്നും കുട്ടി പറഞ്ഞു. സിലിക്ക് ഗുളികയില്‍ വിഷം പുരട്ടി നല്‍കിയാണ് കൊലപ്പെടുത്തിയത് എന്നായിരുന്നു ജോളി അന്വേഷണസംഘത്തോട് പറഞ്ഞത്. എന്നാല്‍ കുട്ടിയുടെ മൊഴി അനുസരിച്ച് വെള്ളത്തിലും സയനൈഡ് ചേര്‍ത്തിരുന്നു എന്ന നിഗമനത്തിലാണ് അന്വേഷണസംഘം. അതേസമയം സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ജോളിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. ഇതിനായി നാളെ കോടതിയില്‍ അപേക്ഷ നല്‍കും. ജോളിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. ഇത് ക്യാമറയിൽ ചിത്രീകരിക്കും. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.