അറബിക്കടലില്‍ ന്യൂനമര്‍ദം: സംസ്ഥാനത്ത് 24 വരെ കനത്ത മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് 24 വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെ തിരുവനന്തപുരം ഒഴികെ എല്ലാ ജില്ലകളിലും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് യെല്ലോ അലർട്ട് ഉണ്ട്. മറ്റന്നാൾ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലൊഴികെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിൽ ലക്ഷദ്വീപിനും കേരളത്തിനും ഇടയിൽ രൂപപ്പെട്ട ന്യൂനമർദമാണ് ശക്തമായ മഴയ്ക്ക് കാരണം. അഞ്ച് ദിവസത്തിന് ശേഷം ന്യൂനമർദം ഒമാൻ തീരത്തേക്കു നീങ്ങുമെന്നാണ് വിലയിരുത്തൽ. അതിനിടെ, ബംഗാൾ ഉൾക്കടലിലും ന്യൂനമർദം രൂപപ്പെടുകയാണ്. കന്യാകുമാരി തീരത്ത് നിലവിലുള്ള ചക്രവാതച്ചുഴിക്കു പിന്നാലെ തമിഴ്‌നാട്ആന്ധ്രപ്രദേശ് തീരത്താണ് പുതിയ ന്യൂനമർദം രൂപമെടുക്കുന്നത്. ഇത് 23 നകം ശക്തമാകുമെന്നും ആന്ധ്ര തീരം വഴി കരയിലേക്ക് ആഞ്ഞടിക്കുമെന്നുമാണ് വിലയിരുത്തൽ. കിഴക്കും പടിഞ്ഞാറും രൂപം കൊള്ളുന്ന ന്യൂനമർദം കേരളത്തിൽ കനത്ത മഴയ്ക്കാണ് വഴിയൊരുക്കുക. ന്യൂനമർദം ശക്തിപ്പെട്ടാൽ ചുഴലിക്കാറ്റായേക്കാം. ഇതിനു ശേഷം ശ്രീലങ്കയ്ക്കും കന്യാകുമാരിക്കും ഇടയിൽ വീണ്ടുമൊരു ന്യൂനമർദം രൂപപ്പെട്ട് വീണ്ടും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് റിപ്പോർട്ടുണ്ട്. അമേരിക്കയിലെയും ജപ്പാനിലെയും കാലാവസ്ഥാ ഏജൻസികളാണ് ഈ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഒക്ടോബർ അവസാന വാരത്തിലാവും ഇത് കനത്ത മഴയായി കേരളത്തിലെത്തുക. ഈ വർഷം തുലാമഴ നീളാനാണ് സാധ്യത. ഒക്‌ടോബർ 1 മുതൽ ഇന്നലെ വരെയുള്ള തുലാമഴക്കാലത്ത് സംസ്ഥാനത്ത് 18 ശതമാനം അധിക മഴ ലഭിച്ചിരിക്കുകയാണ്. 20 സെ.മീ. ലഭിക്കേണ്ട സ്ഥാനത്ത് 24 സെ.മീ. മഴ ലഭിച്ചുകഴിഞ്ഞു. കാലവർഷം 12 ശതമാനം അധികമാണ്. കേരളതീരത്ത് 45 മുതൽ 55 കി,.മീ.വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വൈകുന്നേരങ്ങളിൽ ഇടിയും മിന്നലുമുണ്ടാകാൻ ഇടയുണ്ടെന്നും മുന്നറിയിപ്പുണ്ട്.