കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങള്‍ക്ക് ബദലായി ഒറ്റയാള്‍ പോരാട്ടം നയിക്കാന്‍ ഉമ്മന്‍ ചാണ്ടി

 

സുധീരനെ മാറ്റണമെന്ന നിലപാടില്‍ വിട്ടുവീഴ്ച്ചയില്ല

ഡി.സി.സി പുനസംഘടനയെക്കുറിച്ച് ആരോടും പരാതിപ്പെടില്ല

ഗ്രൂപ്പ് പ്രവര്‍ത്തനം താഴേത്തട്ടു മുതല്‍ ശക്തമാക്കാന്‍ നിര്‍ദ്ദേശം

 

-പി.എ. സക്കീര്‍ ഹുസൈന്‍-

ഡി.സി.സി പുനസംഘടനയില്‍ തനിക്കൊപ്പം നില്‍ക്കുന്നവരെയൊന്നാകെ വെട്ടിനിരത്തിയ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെയും രാഹുല്‍ ഗാന്ധിയുടെയും നടപടിയില്‍ പ്രതിഷേധം ശക്തമാക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പാര്‍ട്ടി പരിപാടികളോട് നിസഹകരണം പ്രഖ്യാപിക്കുന്നു.

ഇതിന്റെ ഭാഗമായി ഡല്‍ഹിയില്‍ ബുധനാഴ്ച നടന്ന യു.ഡി.എഫ് ധര്‍ണയില്‍നിന്ന് വിട്ടുനിന്നിരുന്നു. ഡല്‍ഹി യാത്ര ഒഴിവാക്കിയ ഉമ്മന്‍ ചാണ്ടി അന്ന് വയനാട്ടിലെ ഐ.എന്‍.ടി.യു.സി നേതാവായിരുന്ന പി.കെ. ഗോപാലന്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്തു. എന്നാല്‍ വയനാട്ടിലെ പരിപാടി ഒഴിവാക്കാനാകാത്തതിനാലാണ് ഡല്‍ഹിയിലെത്താതിരുന്നതെന്നാണ് അദ്ദേഹം നല്‍കുന്ന ഔദ്യോഗിക വിശദീകരണം.

നോട്ട് പിന്‍വലിക്കലിനും സഹകരണപ്രസ്ഥാനങ്ങള്‍ക്കുമെതിരായ കേന്ദ്രസര്‍ക്കാരിന്റെ നടപടികളിലും പ്രതിഷേധിച്ചാണ് യു.ഡി.എഫ് നേതാക്കളും ജനപ്രതിനിധികളും ഡല്‍ഹിയില്‍ ധര്‍ണ സംഘടിപ്പിച്ചത്. ഡല്‍ഹിയില്‍ ധര്‍ണയെന്ന ആശയം മുന്നണിയോഗത്തില്‍ അവതരിപ്പിച്ചതുപോലും ഉമ്മന്‍ ചാണ്ടിയായിരുന്നു. എന്നാല്‍ അതിന് ശേഷം ഹൈക്കമാന്‍ഡ് പുറത്തുവിട്ട ഡി.സി.സി അധ്യക്ഷന്‍മാരുടെ പട്ടികയില്‍നിന്ന് തന്നോടൊപ്പം നില്‍ക്കുന്നവരെ ഒഴിവാക്കിയതിലുള്ള പ്രതിഷേധമെന്നോണമാണ് ഉമ്മന്‍ ചാണ്ടി ധര്‍ണയില്‍നിന്ന് വിട്ടുനിന്നത്.

ഗ്രൂപ്പ് പ്രതിനിധികളാരും ധര്‍ണയില്‍ പങ്കെടുക്കേണ്ടതില്ലെന്ന അഭിപ്രായം ഉയര്‍ന്നെങ്കിലും കെ.സി ജോസഫ്, എം.എം ഹസന്‍ തുടങ്ങിവരോട് ഡല്‍ഹിയിലേക്ക് പോകാന്‍ ആവശ്യപ്പെട്ട ഉമ്മന്‍ ചാണ്ടി, താന്‍ വിട്ടു നില്‍ക്കാമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. സംസ്ഥാനത്തെ മറ്റ് ഗ്രൂപ്പ് നേതാക്കന്‍മാരെക്കാളേറെ താഴേത്തട്ടിലെ നേതാക്കള്‍ക്കിടയില്‍ നേരിട്ട് സ്വാധീനമുള്ള ഉമ്മന്‍ ചാണ്ടി നിസഹകരണവുമായി മുന്നോട്ടു പോകുന്നത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കും നന്നായി അറിയാം. അതുകൊണ്ടുതന്നെ അനുരഞ്ജനശ്രമങ്ങളുമായി അവര്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്.

ഗ്രൂപ്പുകള്‍ക്കതീതമായി കൊല്ലത്ത് ഡി.സി.സി അധ്യക്ഷസ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ട പി.സി വിഷ്ണുനാഥിനെ ഒഴിവാക്കി ബിന്ദുകൃഷ്ണയെ കെട്ടിയിറക്കിയ രാഹുല്‍ഗാന്ധിയുടെ നടപടിയാണ് ഉമ്മന്‍ ചാണ്ടിയെ ഏറെ പ്രകോപിപ്പിച്ചത്. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസും അപ്രതീക്ഷിതമായി ഒഴിവാക്കപ്പെട്ടു.  ഇതൊക്കെ തന്നോട് രാഹുല്‍ ഗാന്ധി നടത്തുന്ന പകപോക്കലിന്റെ ഭാഗമാണെന്ന നിലപാടിലാണ് ഉമ്മന്‍ ചാണ്ടി.

കേന്ദ്ര നേതൃത്വം തുടരുന്ന മനോഭാവത്തില്‍ മാറ്റം വരുത്താതെ പാര്‍ട്ടി പരിപാടികളില്‍ സഹകരിക്കാതെ മുന്നോട്ട് പോകുമെന്ന ഉറച്ച നിലപാടാണ് ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. കെ.പി.സി.സി അധ്യക്ഷനായിരുന്ന കാലത്തും അതിനുശേഷവും രമേശ് ചെന്നിത്തലയ്ക്ക് ശക്തമായ പിന്തുണയാണ് ഉമ്മന്‍ ചാണ്ടി നല്‍കിയിരുന്നത്. ഇരു നേതാക്കളും സംയുക്തമായാണ് നയപരമായ തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നതും ഡല്‍ഹി യാത്രകള്‍ നടത്തിയിരുന്നതും. എന്നാല്‍ ഇവിടെ തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ചെന്നിത്തല ഡല്‍ഹിയിലെത്തിയാല്‍ വി.എം സുധീരനെ പിന്തുണയ്ക്കുകയും ഉമ്മന്‍ ചാണ്ടിയെ തള്ളിപ്പറയുകയും ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചിരുന്നതെന്ന് മുതിര്‍ന്ന എ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു. ചെന്നിത്തലയുടെ നിര്‍ണായക ഇടപെടലുകളാണ് ഉമ്മന്‍ ചാണ്ടിയെ കേന്ദ്രനേതൃത്വത്തില്‍നിന്ന് അകറ്റി നിര്‍ത്താന്‍ ഇടയാക്കിയതെന്നും അവര്‍ വിലയിരുത്തുന്നു.

കേന്ദ്ര നേതൃത്വത്തിനെതിരെ ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കുമെങ്കിലും അതു പരസ്യമായി വേണ്ടെന്ന നിലപാടാണ് എ ഗ്രൂപ്പ് നേതാക്കള്‍ക്കിടയിലുള്ളത്. ഡി.സി.സി പുനസംഘടന സംബന്ധിച്ച് പരാതി പറയാന്‍ എ.കെ ആന്റണിയേയോ സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനെയോ പോലും സമീപിക്കേണ്ടതില്ലെന്നും നേതാക്കള്‍ തീരുമാനമെടുത്തിട്ടുണ്ട്. തങ്ങളെക്കുറിച്ച് ആര്‍ക്കെങ്കിലും പരാതി ഉണ്ടെങ്കില്‍ ഇങ്ങോട്ടു വന്ന് ചര്‍ച്ച നടത്തട്ടേയെന്ന നിലപാടും സ്വീകരിച്ചതായറിയുന്നു. അതേസമയം കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്ന് വി.എം സുധീരനെ മാറ്റണമെന്ന ആവശ്യം ഉമ്മന്‍ ചാണ്ടി വിഭാഗം ശക്തമായി ഉന്നയിക്കും. സുധീരനെ മാറ്റാതെയുള്ള ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുലയ്ക്കും തയാറല്ലെന്ന നിലപാടിലാണ് എ ഗ്രൂപ്പ്.

നേരത്തെ സംഘടനാ തെരഞ്ഞെടുപ്പെന്ന ആവശ്യം എ ഗ്രൂപ്പ് ശക്തമായി ഉന്നയിച്ചിരുന്നെങ്കിലും മറ്റ് സംസ്ഥാനങ്ങളിലെ സമയക്രമമനുസരിച്ച് ഇവിടെയും നടത്താമെന്ന നിലപാടാണ് കേന്ദ്ര നേതൃത്വം സ്വീകരിച്ചിരുന്നത്. ഇതിന്റെ ഭാഗമായി എല്ലാ ഗ്രൂപ്പ് നേതാക്കള്‍ക്കും പ്രതിനിധ്യമുള്ള കോര്‍ കമ്മിറ്റിക്കും രൂപം നല്‍കിയിരുന്നു. എന്നാല്‍ കോര്‍ കമ്മിറ്റിയെ നോക്കുകുത്തിയാക്കി സുധീരനും അദ്ദേഹത്തിന്റെ അടുപ്പക്കാരും തോന്നിയപോലെ പ്രവര്‍ത്തിക്കുകയാണെന്നും നേതാക്കള്‍ ആരോപിക്കുന്നു. കെ.പി.സി.സി സെക്രട്ടറിയായിരുന്നയാളെ പ്രോട്ടോകോള്‍ ഓഫീസറായി നിയമിച്ച നടപടി സുധീരന്റെ സ്വന്തം തീരുമാനപ്രകാരമായിരുന്നു. ഈ നിയമനത്തില്‍ എയ്ക്ക് പുറമെ ഐ ഗ്രൂപ്പ് നേതാക്കളും കടുത്ത അമര്‍ഷത്തിലാണ്.

കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങളുമായി സഹകരിക്കാതെ അതത് പാര്‍ട്ടിഘടകങ്ങളില്‍  ശക്തരാകണമെന്നും പ്രാദേശികമായി സംഘടനയെ ശക്തിപ്പെടുത്തണമെന്നുമുള്ള നിര്‍ദ്ദേശമാണ് ഉമ്മന്‍ ചാണ്ടി ഗ്രൂപ്പ് സംസ്ഥാന- ജില്ലാ നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. ഇത്തരം പ്രാദേശിക-ജില്ലാ നേതൃത്വങ്ങള്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുക്കും. ഇതിലൂടെ വീണ്ടും സംസ്ഥാനത്തെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഉമ്മന്‍ ചാണ്ടിയെ സജീവവും ശക്തവുമായ സാന്നിധ്യമാക്കാനും ഹൈക്കമാന്‍ഡില്‍നിന്നുണ്ടാകുന്ന വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ടുപോകാനുമുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിന്റെ പണിപ്പുരയിലുമാണ് ഗ്രൂപ്പ് നേതാക്കള്‍.

ഏതായാലും ഉമ്മന്‍ ചാണ്ടിയുടെ നിലപാടുകള്‍ വരുദിവസങ്ങളില്‍ കോണ്‍ഗ്രസ് സംസ്ഥാനത്തെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുമെന്നതില്‍ തര്‍ക്കമില്ല.