കളം വിടാതെ വൈദേശികാധിപത്യം; ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഇത്തവണയും വിദേശ ലീഗ് ആകുമോ?

കൊച്ചി: ഐ.എസ്.എല്ലിലെ ആറാം പതിപ്പില്‍ വിജയത്തോടെ തുടക്കമിട്ടിരിക്കുകയാണ് കേരളത്തിന്റെ സ്വന്തം ക്ലബ് കേരള ബ്ലാസ്‌റ്റേഴ്‌സ്. കൊച്ചിയില്‍ തിങ്ങിനിറഞ്ഞ 36298 കാണികള്‍ക്കു മുമ്പില്‍ ഇതിനും മികച്ചൊരു തുടക്കം ബ്ലാസ്റ്റേഴ്‌സിന് കിട്ടാനില്ല. ഇന്ത്യന്‍ സൂപ്പര്‍ലീഗിലെ ‘വൈദേശികാധിപത്യം’ അരക്കിട്ട് ഉറപ്പിക്കുന്ന കളി കൂടിയായിരുന്നു ഇന്നലത്തേത്. കളിയിലെ മൂന്ന് ഗോളുകള്‍ നേടിയതും വിദേശതാരങ്ങള്‍. ആദ്യ ഗോള്‍ എ.ടി.കെയുടെ ഐറിഷ് താരം മക്ഹ്യൂഗിന്റേത് ആയിരുന്നുവെങ്കില്‍ പിന്നീട് വന്ന രണ്ടു ഗോളുകളും നൈജീരിയന്‍ സ്‌ട്രൈക്കര്‍ ബര്‍ത്ത്‌ലോമിയ ഒഗ്ബച്ചയുടേത് ആയിരുന്നു.ഇതുവരെ നടന്ന സൂപ്പര്‍ലീഗിലെ ആദ്യഗോളുകളെല്ലാം വിദേശികളുടെ കാലില്‍ നിന്നായിരുന്നു. ഇന്നലെയും അതു തന്നെ സംഭവിച്ചു. ഐര്‍ലന്റ് യൂത്ത് ടീമിന് വേണ്ടി കളിച്ച താരമാണ് ആദ്യ ഗോള്‍ സ്വന്തം പേരിലാക്കിയ മക്ഹ്യൂഗ്.ഇംഗ്ലണ്ടിലെ ബ്രാഡ്‌ഫോര്‍ഡ് സിറ്റി, പ്ലേമൗത്ത്, സ്‌കോട്ടിഷ് ക്ലബായ മദര്‍വെല്‍ എന്നിവിടങ്ങളില്‍ ബൂട്ടുകെട്ടിയ ശേഷമാണ് ഹ്യൂഗ് കൊല്‍ക്കത്തയിലെത്തുന്നത്.
കളിക്ക് ആറു മിനിറ്റ് പ്രായമായപ്പോഴാണ് അഗസ്റ്റിന്‍ ഗാര്‍ഷ്യ ഇനിഗ്വസിന്റെ ക്രോസില്‍ നിന്ന് ഇടങ്കാല്‍ വോളിയിലൂടെ ഹ്യൂഗ് ലക്ഷ്യം കണ്ടത്. ബ്ലാസ്‌റ്റേഴ്‌സിന്റെ കശ്മീരി ഗോള്‍കീപ്പര്‍ ബിലാല്‍ ഖാന് അനങ്ങാന്‍ പോലും അവസരം നല്‍കാത്ത ഗോളായിരുന്നു അത്. ആദ്യ ഗോള്‍ നേടി എങ്കിലും 30,45 മിനിറ്റുകളില്‍ മറ്റൊരു വിദേശി താരത്തിലൂടെ ഗോളുകള്‍ കണ്ടെത്തിയ ബ്ലാസ്‌റ്റേഴ്‌സ് വിജയം കണ്ടു. ഇന്ത്യന്‍ കളിക്കാര്‍ ബംഗ്ലാദേശിനെതിരെയുള്ള ഇന്ത്യന്‍ ടീമില്‍ മൂന്ന് മലയാളി കളിക്കാരാണ് ആദ്യ ഇലവനില്‍ ഉണ്ടായിരുന്നത് എങ്കില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ സ്റ്റാര്‍ട്ടിങ് ലൈന്‍ അപ്പില്‍ ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്. മിഡ്ഫീല്‍ഡര്‍ കെ. പ്രശാന്ത്. കൊല്‍ക്കത്ത നിരയില്‍ നാലു ബംഗാളി കളിക്കാരുണ്ടായിരുന്നു. ഇന്നലത്തെ കളിയില്‍ ഇരുടീമിന്റെ പ്രധാന റോളുകളില്‍ എല്ലാം വിദേശകളിക്കാരായിരുന്നു. സെന്റര്‍ബാക്ക്, സെന്‍ട്രല്‍ മിഡ്ഫീല്‍ഡ്, സ്‌ട്രൈക്കേഴ്‌സ് തുടങ്ങിയ കളത്തിലെ നട്ടെല്ലായ സ്ഥലത്തെല്ലാം വിദേശ വിന്യാസം കണ്ടു. കളിയില്‍ നേരിട്ട് സ്വാധീനം ഉണ്ടാക്കാന്‍ അത്ര വേഗത്തില്‍ കഴിയാത്ത വൈഡര്‍ റോളുകളിലാണ് ഇന്ത്യന്‍ കളിക്കാരെ കൂടുതലായി കണ്ടത്. ഈ പൊസിഷനുകളില്‍ കൂടുതല്‍ ഇന്ത്യന്‍ കളിക്കാര്‍ വരാത്തത് ദേശീയ ടീമിന് ഗുണം ചെയ്യില്ല. പതിവു പോലെ ഫലം മാത്രം മുന്നില്‍ക്കണ്ടുള്ള വിന്യാസമായിരുന്നു ഇരുടീമുകളുടേതും. ഇന്ത്യയില്‍ കളി വികസിക്കണമെങ്കില്‍ ഒരു സമയം അഞ്ചു വിദേശികളെ കളത്തില്‍ ഇറക്കാം എന്ന നിയമം പരിഷ്‌കരിക്കേണ്ട സമയമായിട്ടുണ്ട്. മിക്ക പൊസിഷനുകളിലും കഴിവുള്ള ഇന്ത്യന്‍ കളിക്കാര്‍ വളര്‍ന്നു വരുന്നുണ്ട്. ബ്ലാസ്‌റ്റേഴ്‌സിനായി ഇന്നലെ കളത്തിലിറങ്ങിയ ജീക്‌സണ്‍ സിങ് അതിന്റെ ഉദാഹരണമാണ്. 2017 അണ്ടര്‍ 17 ലോകകപ്പിലെ ഇന്ത്യയുടെ ഏക ഗോള്‍ സ്‌കോററായ താരം ഇന്നലെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ നല്ല കളിയാണ് കാഴ്ച വച്ചത്. എന്നാല്‍ കേരളത്തിന്റെ കെ.പി രാഹുല്‍, എ.ടി.കെയുടെ ധീരജ് സിങ്, കൊമല്‍ തട്ടാല്‍ എന്നിവര്‍ക്ക് ഇന്നലത്തെ കളിയില്‍ അവസരം കിട്ടിയില്ല.