മഞ്ചേശ്വരത്ത് കള്ളവോട്ടിന് നീക്കം നടന്നുവെന്ന് ടിക്കാറാം മീണ

തിരുവന്തപുരം.മഞ്ചേശ്വരത്ത് കള്ളവോട്ടിന് നീക്കം നടന്നുവെന്ന് സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മഞ്ചേശ്വരത്തെ 43-ാംബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ നബീസ എന്ന സ്ത്രീയാണ് കള്ളവോട്ട് കേസില്‍ അറസ്റ്റിലായത്. നബീസയുടെ പേരില്‍ ഐപിസി 171ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവരെ പൊലീസിന് കൈമാറിയെന്നും ടിക്കാറാം മീണ മാധ്യമങ്ങളോട് പറഞ്ഞു.

43-ാം നമ്പര്‍ പോളിങ് ബൂത്തില്‍ നബീസ, തന്റെ അതേ പേരിലുള്ള മറ്റൊരു സ്ത്രീയുടെ വോട്ട് ചെയ്യാന്‍ ശ്രമിച്ചു. ഇവര്‍ യഥാര്‍ഥ നബീസയല്ലെന്ന് പ്രിസൈഡിങ് ഓഫീസര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരെ പോലീസിന് കൈമാറിയതെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നബീസയുടെ ഭര്‍ത്താവ് മുസ്ലീം ലീഗിന്റെ സജീവ പ്രവര്‍ത്തകനാണെന്നാണ് തനിക്ക് കിട്ടിയ വിവരമെന്നും ടിക്കാറാം മീണ പറഞ്ഞു.