എന്‍.എസ്.എസ്. യു.ഡി.എഫിന് പിന്തുണ നല്‍കിയതിന് പിന്നില്‍ മറ്റൊരു അജണ്ടയും.

എന്‍.എസ്.എസ്. യു.ഡി.എഫിന് പിന്തുണ നല്‍കിയതിന് പിന്നില്‍ മറ്റൊരു അജണ്ടയും.2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയുടെ നില ഭദ്രമാക്കുകയായിരുന്നു പ്രധാനലക്ഷ്യം.കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ചെന്നിത്തലയെ ആഭ്യന്തര മന്ത്രിയാക്കുന്നതിന് പിന്നില്‍ നിന്നും ചരട് വലിച്ചത് എന്‍.എസ്.എസ് നേതൃത്വമായിരുന്നു.

സ്വന്തം സമുദായാംഗം മുഖ്യമന്ത്രി കസേരയില്‍ എത്തണമെന്നതാണ് എന്‍.എസ്.എസ് നേതൃത്വം ഇപ്പോള്‍ കാണുന്ന സ്വപ്നം.

ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വീണാല്‍ 2021-ല്‍ വീണ്ടും പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന ഭയവും എന്‍.എസ്.എസിനുണ്ട്.

40 ശതമാനം നായര്‍ വോട്ടുള്ള വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫ് വീഴരുതെന്ന് എന്‍.എസ്.എസ് ആഗ്രഹിച്ചതും അതുകൊണ്ടാണ്.

‘ഒരു വെടിക്ക് രണ്ട് പക്ഷി’ എന്ന സ്വപ്നം മുന്‍ നിര്‍ത്തിയായിരുന്നു പരസ്യപ്രചാരണം.

വട്ടിയൂര്‍ക്കാവ് നിലനിര്‍ത്തി കൊടുക്കുവാന്‍ സാധിച്ചാല്‍ ചെന്നിത്തല കോണ്‍ഗ്രസ്സില്‍ കൂടുതല്‍ കരുത്തനാകുമെന്നും എന്‍.എസ്.എസ് കണക്ക് കൂട്ടുന്നുണ്ട്.

ഉമ്മന്‍ ചാണ്ടിയുമായി വളരെ അടുത്ത ബന്ധമാണ് എന്‍.എസ്.എസ് നേതൃത്വത്തിന് ഉള്ളതെങ്കിലും 2021ല്‍ ഇവരുടെ പിന്തുണ ചെന്നിത്തലയ്ക്കാണ്.

ആരോഗ്യ കാരണങ്ങളാല്‍ ഉമ്മന്‍ ചാണ്ടി മത്സരത്തില്‍ നിന്നും പിന്‍മാറാനുള്ള സാധ്യതയും എന്‍.എസ്.എസ് മുന്നില്‍ കാണുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ മറ്റാര് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്നതിലും നല്ലത് ചെന്നിത്തല തന്നെയാണെന്നതാണ് താല്‍പര്യം.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് സമുദായ നേത്യത്വത്തിന് ലഭിച്ച പരിഗണന പിണറായി ഭരണത്തില്‍ ലഭിക്കാത്തതാണ് എന്‍എസ്എസിന്റെ വിദ്വേഷത്തിന് പ്രധാന കാരണം. പുറമെ ശബരിമല വിഷയമാണ് പറയുന്നതെങ്കിലും പകയുടെ അടിസ്ഥാനം അതല്ലെന്ന് വ്യക്തം.

എസ്.എന്‍.ഡി.പി യോഗ നേതൃത്വം സര്‍ക്കാറിന്റെ നവോത്ഥാന സമിതിയുമായി സഹകരിക്കുന്നതും എന്‍.എസ്.എസ് നേതൃത്വത്തെ പ്രകോപിപ്പിച്ച മറ്റൊരു ഘടകമാണ്.

എന്നാല്‍ എന്‍.എസ്.എസ് ആയാലും എസ്.എന്‍.ഡി.പി യായാലും സമുദായ നേതാക്കള്‍ക്ക് മുന്നില്‍ കീഴടങ്ങുന്ന പ്രശ്‌നമേ ഇല്ലന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.

ആര്‍ക്കും സര്‍ക്കാറിനെ പിന്തുണയ്ക്കാമെന്നും അതിനായി ആരുടെയും കാലു പിടിക്കില്ലന്നതുമാണ് ഇടതുപക്ഷ നിലപാട്.

സാമുദായിക നേതാക്കളെല്ലാം അപ്രസക്തരായി പോയതും പിണറായി ഭരണത്തിലാണ്.

ഒരു കോള്‍ ചെയ്താല്‍ മന്ത്രിമാരും മുഖ്യമന്ത്രിയും കൂട്ടത്തോടെ സമുദായ നേതാക്കളുടെ വീട്ടിന് മുന്നില്‍ എത്തുന്ന അവസ്ഥയല്ല ഇപ്പോള്‍ സംസ്ഥാനത്തുള്ളത്.

സംസ്ഥാന സര്‍ക്കാര്‍ പിടിമുറുക്കിയാല്‍ സമുദായ നേതാക്കള്‍ പോലും പ്രതിസന്ധിയിലായി പോകുന്ന അവസ്ഥയാണ് നിലവിലുള്ളത്.

ഈ കര്‍ക്കശ നിലപാട് തന്നെയാണ് എന്‍എസ്എസ് അടക്കമുള്ള സമുദായ സംഘടന നേതാക്കളെ ഏറെ ഭയപ്പെടുത്തുന്നത്.

ചരിത്രത്തില്‍ ആദ്യമായാണ് പരസ്യമായി എന്‍.എസ്.എസ് കോണ്‍ഗ്രസ്സിന് വോട്ട് പിടിച്ചത്. മുന്‍പ് അവര്‍ രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയുടെ അസ്തമയത്തിന് ശേഷമുള്ള ഉദയമായിരുന്നു ഇത്.

എന്നാല്‍ വട്ടിയൂര്‍ക്കാവിന്റെ മണ്ണില്‍ ഈ ‘സൂര്യന്‍’ സ്വയം ചാമ്പലായാല്‍ അതിന്റെ പ്രത്യാഘാതവും വലുതായിരിക്കും.

എന്‍.എസ്.എസ് നേതൃത്വത്തിന്റെ നിലനില്‍പ്പുതന്നെയാണ് അത്തരമൊരു അവസ്ഥയില്‍ ചോദ്യം ചെയ്യപ്പെടുക.

സമുദായ അംഗങ്ങള്‍ തന്നെ നേതൃത്വത്തെ പ്രതികൂട്ടിലാക്കാനും സാധ്യത ഏറെയാണ്. ഇപ്പോള്‍ തന്നെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചരണത്തിനിറങ്ങിയതില്‍ ആ സംഘടനക്കകത്ത് ഭിന്നത രൂക്ഷമാണ്. പിന്തുണച്ചിട്ടും തോല്‍ക്കുക കൂടി ചെയ്താല്‍ ‘പണി’ ശരിക്കും പാളുക തന്നെ ചെയ്യും.

ഇനി എന്‍.എസ്.എസ് പിന്തുണയില്‍ വിജയിച്ചാല്‍ പോലും അതും യു.ഡി.എഫിനെ സംബന്ധിച്ച് ആഘോഷമാക്കാനും പറ്റില്ല.

സമുദായ സംഘടനകളെ കൂട്ട് പിടിച്ച അത്തരം ജയങ്ങളും പൊതു സമൂഹത്തില്‍ ചോദ്യം ചെയ്യപ്പെടും. കോണ്‍ഗ്രസ്സിന്റെ കരുത്തല്ല, എന്‍.എസ്.എസിന്റെ കരുത്താണ് പ്രകടമായതെന്ന വിലയിരുത്തലാണ് അപ്പോള്‍ നടക്കുക.

ഈ പ്രചരണങ്ങള്‍ 2021 ല്‍ ഇതര സമുദായങ്ങളുടെ ധ്രുവീകരണത്തില്‍ കലാശിച്ചാല്‍ പോലും അത്ഭുതപ്പെടേണ്ടതില്ല.

രാഷ്ട്രീയ കേരളത്തില്‍ രാഷ്ട്രീയ പോരാട്ടത്തിന് പകരം സാമുദായിക പോരാട്ടം നടക്കുന്നത് ഏറെ അപകടകരമാണ്. കേരളത്തെ ഭ്രാന്താലയമാക്കി മാറ്റാനേ ഇത്തരം നീക്കങ്ങള്‍ വഴിവയ്ക്കുകയൊള്ളു.

ഇക്കാര്യത്തില്‍ കേരളത്തിന്റെ ബോധം എന്താണെന്ന സൂചന നല്‍കുന്ന വിധിയാണ് ഇനി വരാന്‍ പോകുന്നത്. മത നിരപേക്ഷ മനസ്സുകള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നതും ആ വിധിയെഴുത്തിനു വേണ്ടിതന്നെയാണ്.

വട്ടിയൂര്‍ക്കാവില്‍ ആര് ജയിച്ചാലും തോറ്റാലും അത് വലിയ പ്രതിഫലനമാണ് കേരളീയ സമൂഹത്തിലുണ്ടാക്കുക.

ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ചില്‍ നാല് സീറ്റും നിലവില്‍ യു.ഡി.എഫിന്റെ കുത്തക സീറ്റുകളാണ്. അതില്‍ ഒന്ന് നഷ്ടമായാല്‍ പോലും വലിയ വിലയാണ് നല്‍കേണ്ടി വരിക. പിന്നെ ഒരിക്കലും കേരള ഭരണം കണി കാണാന്‍ പറ്റാത്ത സാഹചര്യം പോലും അവര്‍ക്ക് മുന്നിലുണ്ടാകും. ഘടക കക്ഷികള്‍ വഴിപിരിഞ്ഞ് പോകാനും നേതാക്കള്‍ കൂട് മാറാനും സാധ്യതയേറെയാണ്. ഒരിക്കല്‍ കൂടി സംസ്ഥാന ഭരണം ലഭിക്കാത്ത സാഹചര്യം സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ യു.ഡി.എഫ് നേതൃത്വത്തിന് കഴിയുകയില്ല.

ഇടതുപക്ഷത്തിനാണെങ്കില്‍ ഒന്നില്‍ കൂടുതല്‍ എത്ര സീറ്റ് കിട്ടിയാലും അത് ബോണസുമായിരിക്കും.

പ്രതികൂല സാഹചര്യത്തിലും ഉപതിരഞ്ഞെടുപ്പില്‍ വെന്നിക്കൊടി പാറിക്കാന്‍ ചെമ്പടയ്ക്ക് കഴിഞ്ഞാല്‍ 2021ഉം സംഭവബഹുലമാകും.

പിണറായി സര്‍ക്കാറിന്റെ തുടര്‍ ഭരണത്തിനാണ് ഇത്തരമൊരു വിജയം സാധ്യതകള്‍ തുറന്നിടുക.

ബി.ജെ.പിക്കാകട്ടെ ഉപതിരഞ്ഞെടുപ്പില്‍ കിട്ടുന്ന വോട്ടിങ് ശതമാനം അവരുടെ നിലനില്‍പ്പിന് തന്നെ നിര്‍ണ്ണായകമാണ്. തിരിച്ചടി നേരിട്ടാല്‍ വലിയ പൊട്ടിത്തെറിയാണ് ആ പാര്‍ട്ടിയെയും കാത്തിരിക്കുന്നത്.

എന്‍.എസ്.എസ് നേതൃത്വവുമായി ഏറെ അടുപ്പമുള്ള പി.എസ് ശ്രീധരന്‍പിള്ളയുടെ കസേര പോലും തെറിച്ചേക്കും.

ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെ ഒരു വിഭാഗത്തെ ഒപ്പം കിട്ടിയിട്ടു പോലും കോന്നിയില്‍ മുന്നേറാന്‍ കഴിഞ്ഞില്ലങ്കില്‍ സുരേന്ദ്രനും വലിയ പ്രഹരമാകും. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നു തന്നെ ഗുഡ് ബൈ പറയേണ്ട സാഹചര്യമാണ് സുരേന്ദ്രനു മുന്നിലും ഭീഷണിയായുള്ളത്.

ഉപതിരഞ്ഞെടുപ്പിന് ശേഷം ഇനി നടക്കാനിരിക്കുന്നത് തദ്ദേശ തിരഞ്ഞെടുപ്പാണ്. ഇടതുപക്ഷത്തിന്റെ ശക്തമായ സംഘടനാ സംവിധാനത്തോട് മുട്ടാനുള്ള ശേഷി പ്രതിപക്ഷത്തിന് ഇല്ലാത്തതിനാല്‍ അവിടെയും പ്രതീക്ഷക്ക് വലിയ വകയൊന്നുമില്ല.

ഉപതിരഞ്ഞെടുപ്പില്‍ ആര്‍ക്ക് തിരിച്ചടി നേരിട്ടാലും തദ്ദേശ തിരഞ്ഞെടുപ്പിലും അതിന്റെ പ്രതിഫലനം ഉറപ്പാണ്. 2021ലെ പൊതു തിരഞ്ഞെടുപ്പിനെയാണ് ഇതെല്ലാം ബാധിക്കുക.