യൂട്യൂബ് ചാനൽ വഴി അപമാനിക്കുന്നു ; ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ

കൊച്ചി : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതിക്കാരിയായ കന്യാസ്ത്രീ ദേശീയ, സംസ്ഥാന വനിതാ കമ്മിഷനുകളെയും മനുഷ്യാവകാശ കമ്മിഷനെയും സമീപിച്ചു. സമൂഹമാധ്യമങ്ങളിലൂടെ ബിഷപ്പും അനുയായികളും അപമാനിക്കുന്നതായി പരാതി നല്‍കി.

അനുയായികളിലൂടെ യൂട്യൂബ് ചാനലുകളുണ്ടാക്കി ഫ്രാങ്കോ മുളക്കല്‍ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് കന്യാസ്ത്രീയുടെ പരാതി.

ഫ്രാങ്കോ കേസിൽ ഇതുവരെ എട്ട് അനുബന്ധ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിൻ്റെ നാൾവഴികളിൽ ഇരയാക്കപ്പെട്ട കന്യാസ്ത്രീയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും അപമാനിക്കുവാനും ശ്രമിച്ചവർക്കെതിരെയാണ് കേസ് നല്‍കിയിട്ടുള്ളത്.

കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം ഫ്രാങ്കോ മുളക്കലിന്‍റെ തന്നെ നേതൃത്വത്തിൽ ആരംഭിച്ച യുട്യൂബ് ചാനലാണ് ക്രിസ്റ്റ്യൻ ടൈംസ്. ഈ ചാനലിനെതിരെ കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടയിൽ വീണ്ടും ഇരയെ സമൂഹമാധ്യമത്തിൽ തിരിച്ചറിയുന്നതിനിടയാക്കുന്ന തരത്തിലും അപകീർത്തിപ്പെടുത്തുന്ന വിധത്തിലും വീഡിയോകൾ ഇറക്കുന്നതിൽ മനം നൊന്താണ് കന്യാസ്ത്രീ ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്.

അനുബന്ധ കേസുകളിലെ പ്രതികൾ നടത്തുന്ന നിർത്താത്ത ആക്ഷേപം പരാതിക്കാരിയെ മാനസികമായി തകർക്കുന്നതിനും സമൂഹമധ്യത്തിൽ ഒറ്റപ്പെടുത്തുന്നതിനുമുള്ള ആസൂത്രിതമായ ശ്രമമാണ്. ഇതിനെതിരെ നിയമ നടപടികൾ ഊർജ്ജിതപ്പെടുത്തണമെന്ന് എസ്ഒഎസ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.