മന്ത്രി എ.കെ ബാലനോട് ഒരു ചോദ്യം നിങ്ങൾക്ക് ശരിക്കും എന്താണ് പണി

കോഴിക്കോട്: വാളയാറിൽ പീഡനത്തിനിരയായി സഹോദരികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ തെളിവുകളുടെ അഭാവത്തെ തുടർന്ന് പ്രതികളെ വെറുതെ വിട്ടതിൽ മന്ത്രി എ.കെ ബാലനെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റ്. എട്ടും പതിനൊന്നും വയസ്സുള്ള ദളിത് പെൺകുട്ടികൾ പലപ്രാവശ്യം ബലാൽത്സംഗം ചെയ്യപ്പെട്ടിരുന്നുവെന്നും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരിക്കാൻ സാദ്ധ്യതയുണ്ടെന്നും പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ആ കേസിലെ പ്രതികളെയാണ് കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടതെന്നും കെ.ജെ ജേക്കബിന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ‘പൊലീസിന് സ്വതന്ത്രമായി ഈ കേസ് അന്വേഷിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് തെളിവുകൾ ഇല്ലാതെ പോയതെന്നാണ് കേസിൽ വാദി ഭാഗം വക്കീൽ പറഞ്ഞത്.

സ്വതന്ത്രമായി കേസന്വേഷിക്കുന്നതിൽനിന്നു പോലീസിനെ തടഞ്ഞവർ ആരെന്നു ഈ സമൂഹത്തിനു അറിയേണ്ടേ? തെളിവുകൾ എവിടെപ്പോയി എന്ന് കണ്ടെത്തേണ്ട? തൊപ്പിയും കുപ്പായവും വടിയും വാഹനവും ശമ്പളവും കൊടുത്ത് കേസന്വേഷിക്കാൻ നമ്മൾ നിയമിച്ചവരൊക്കെ എന്ത് ചെയ്യുകയായിരുന്നു എന്നറിയേണ്ടേ? എനിക്കാഗ്രഹമുണ്ട്. ഈ സർക്കാർ ഭരിക്കുന്ന കാലത്താണ് രണ്ടു മരണങ്ങളും നടന്നത് .എട്ടും പതിനൊന്നും വയസ്സുള്ള രണ്ടു കുഞ്ഞുങ്ങൾ പീഡനത്തെത്തുടർന്നു ആത്മഹത്യ ചെയ്ത കേസിൽ തെളിവില്ലെന്ന് പറഞ്ഞു കോടതി വെറുതെ വിടുന്നതിൽ ആഭ്യന്തരവകുപ്പിന് ഒരുത്തരവാദിത്തവും ഇല്ലേ? കേസിൽ ഒരു പുനരന്വേഷണവും മനുഷ്യർക്ക് ദഹിക്കുന്ന വിചാരണയും വിധിയും വേണമെന്ന് സർക്കാരിന് തോന്നുന്നില്ലേ?

പാലക്കാടു നിന്നുള്ള ജനപ്രതിനിധിയായ, പട്ടികജാതി ക്ഷേമ വകുപ്പിന്റെ ചുമതലയുള്ള, നിയമവകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായ എ കെ ബാലനോട് ഒരു ചോദ്യം- നിങ്ങൾക്ക് ശരിക്കും എന്താണ് പണി’- ജേക്കബ് ഫേസ്ബുക്ക് കുറിപ്പിൽ ചോദിക്കുന്നു. കുറിപ്പിന്‍റെ പൂര്‍ണരൂപം 2017 ജനുവരി പതിമൂന്നിനാണ് അട്ടപ്പളത്ത് പതിനൊന്നുവയസ്സുകാരിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. മാര്‍ച്ച് നാലിന് ഒമ്പതുവയസ്സുകാരി സഹോദരിയെയും വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തയത്.