കൊച്ചി മേയര്‍ സൗമിനി ജെയിനിനെ മാറ്റും; കോൺഗ്രസിൽ ധാരണ

കൊച്ചി കോര്‍പറേഷന്‍ ഭരണസമിതിയില്‍ സമ്പൂര്‍ണ അഴിച്ചുപണിക്കു കോണ്‍ഗ്രസില്‍ ധാരണ. മേയറെയും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരെയും മാറ്റി ഭരണം പുതിയ ടീമിനെ ഏല്‍പ്പിക്കാനാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയിൽ ധാരണയായത്. ഇക്കാര്യം കെപിസിസി നേതൃത്വത്തെ അറിയിക്കും. നഗരസഭയിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട് ഘടകകക്ഷികളുമായി ചര്‍ച്ച നടത്താനും യോ​ഗത്തിൽ തീരുമാനമായി. എന്നാൽ മേയറെ മാറ്റേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നിലപാടെടുത്തിരുന്നു. ഉപതെരഞ്ഞടുപ്പിൽ യുഡിഎഫ് കോട്ടയായ എറണാകുളത്ത് സ്ഥാനാർത്ഥിക്ക് ഭൂരിപക്ഷം വളരെയധികം കുറഞ്ഞതാണ് മേയർക്കെതിരെയുള്ള തീരുമാനത്തിന് പിന്നിൽ. കൊച്ചിയില്‍ കഴിഞ്ഞ ദിവസമുണ്ടായ വെള്ളക്കെട്ടില്‍ മേയര്‍ സൗമി ജെയിനിനും കോര്‍പറേഷന്‍ ഭരണസമിതിക്കുമെതിരേ രൂക്ഷ വിമർശനമാണ് ഹെെക്കോടതി നടത്തിയത്.എന്നാൽ കാലാവധി അവസാനിച്ചാല്‍ മാത്രം സ്ഥാനമൊഴിയുമെന്നാണ് മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞിരിക്കുന്നത്. പൊതുപ്രവര്‍ത്തനം തുടരുമെന്നും ബലാല്‍സംഘത്തിന് ഇരയായ സ്ത്രീകളുടെ പുനരധിവാസത്തിനായി പ്രവര്‍ത്തിക്കുമെന്നും സൗമിനി ജെയിന്‍ പറഞ്ഞിരുന്നു. അതേസമയം മുഖ്യമന്ത്രി ഇടപെട്ട് നടത്തിയ ഓപറേഷന്‍ ബ്രേക്ക് ത്രൂവിലൂടെ പ്രത്യേകിച്ച് എന്ത് ചെയ്തെന്ന് അറിയില്ലെന്നായിരുന്നു മേയറുടെ പ്രതികരണം. ഓപറേഷന്‍ ബ്രേക്ക് ത്രൂ ഏറെക്കുറെ ഫോട്ടോ എടുക്കല്‍ ചടങ്ങായിരുന്നുവെന്നും സൗമിനി വിമർശിച്ചിരുന്നു.