കുട്ടികൾ ആത്മഹത്യ ചെയ്തതാണെന്ന് എഴുതിവച്ച നിമിഷം തോറ്റുപോയ കേസ്

രാജീവ് രാമചന്ദ്രൻ
വാളയാർ കേസിൽ പ്രദീപ് കുമാർ
എന്ന പ്രതിയെ കുറ്റവിമുക്തനാക്കിയ വിധിപ്പകർപ്പ് വായിച്ചു.
ഈ കേസ് കോടതിയിലെത്തിച്ച അന്വേഷകരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല; അമ്മാതിരി കേസാണ് ബിൽഡ് ചെയ്തിരുന്നത് !

ഒരു കാര്യം വ്യക്തം, പൊലീസ് രജിസ്റ്റർ ചെയ്തപ്പോൾ തന്നെ പരാജയപ്പെട്ട കേസാണിത്.

ഡിഫൻസ് ലോയർക്ക് ഒരു പണിയും
കോടതി മുറിയിൽ എടുക്കേണ്ടി വന്നിട്ടുണ്ടാവില്ല.

പ്രോസിക്യൂഷൻ ഹാജരാക്കിയ സാക്ഷികളുടെ മൊഴി വിശ്വാസ യോഗ്യമായിരുന്നില്ല എന്നും ഇവരെല്ലാം പൊലീസ് തട്ടിക്കൂട്ടിയ സാക്ഷികളാവാമെന്നുമാണ് കോടതിക്ക് ബോധ്യപ്പെട്ടത്. സാക്ഷിമൊഴികൾ ഭൂരിഭാഗവും ക്രോസ് വിസ്താരത്തിൽ പൊളിഞ്ഞു.

കുട്ടികൾ ആത്മഹത്യ ചെയ്തതാണെന്ന നിലയിലാണ് കേസ് തയ്യാറാക്കിയിട്ടുള്ളത് തന്നെ. 13/9 വയസ്സുകാരുടെ ‘ആത്മഹത്യ’ യിൽ പൊലീസിന് സംശയമേതുമുണ്ടായില്ല.
[ അക്കാര്യത്തിൽ പ്രോസിക്യൂഷനും ഡിഫൻസിനും ഭിന്നാഭിപ്രായമില്ലെന്ന് കോടതി എടുത്തു പറയുന്നുണ്ട് ]

‘പ്രകൃതി വിരുദ്ധ ലൈംഗിക’ പീഡനം മൂലം മലദ്വാരത്തിലുണ്ടായ അസഹ്യമായ വേദന മൂലം കുട്ടികൾ ജീവനൊടുക്കി എന്നാണ്.
[എന്താ ല്ലേ ? ]

പ്രദീപ്കുമാർ എന്ന പ്രതിയെ എന്തുകൊണ്ട് സംശയിച്ചു എന്ന് വ്യക്തമാക്കാൻ പൊലീസിന് കഴിഞ്ഞില്ല. ഇയാളുടെ കുറ്റസമ്മത മൊഴി ഉണ്ടെന്നാണ് Dy SP കോടതിയിൽ പറഞ്ഞത്. കുറ്റസമ്മതം നടത്താൻ ഇയാളെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് വ്യക്തമാക്കാൻ
എം ജെ സോജൻ എന്ന ആപ്പീസർക്ക് പറ്റിയതുമില്ല.

അതായത് പ്രതിക്കെതിരായ സാക്ഷിമൊഴി അറസ്റ്റിന് മുമ്പ് എടുത്തതാണെന്ന് തെളിയിക്കാൻ പോലും പൊലീസിന് കഴിഞ്ഞില്ല.

മരിച്ച കുട്ടികൾ ഉൾപ്പെട്ട സ്ക്വാഡ്
തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് പോകുമ്പോൾ (LDF ന് വേണ്ടി ) പ്രതിയെ കണ്ടപ്പോൾ ഇവർ ഭയന്നതായും അയാൾ നഗ്‌നതാ പ്രദർശനം നടത്തിയ കാര്യം കുട്ടികൾ പറഞ്ഞതായും മൂന്ന് യുവതികൾ മൊഴി നൽകിയിരുന്നു.

എന്നാൽ ഏത് തെരഞ്ഞെടുപ്പിന്റെ പ്രവർത്തനത്തിനാണ് പോയതെന്ന കാര്യത്തിൽ മൂന്നുപേരും മൂന്ന് ഉത്തരമാണ് പറഞ്ഞത്.
ഒരാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പെന്ന് പറഞ്ഞപ്പോൾ മറ്റൊരാൾ നിയമസഭാ തെരഞ്ഞെടുപ്പെന്നും മൂന്നാമതൊരാൾ SFI യുടെ സ്ക്വാഡ് വർക്കെന്നുമാണ് പറഞ്ഞത്.

ഇവർ പ്രോസിക്യൂഷൻ / പൊലീസ് ഉണ്ടാക്കിയ വിശ്വസിക്കാൻ കൊള്ളാത്ത സാക്ഷികളാണെന്ന് കോടതി വിലയിരുത്തി.

ഏനൽ പെനിട്രേഷന് തെളിവാകേണ്ടിയിരുന്ന ഡോക്ടറുടെ മൊഴിയും ക്രോസിൽ തകർന്നു. പെനിട്രേഷൻ കൊണ്ട് മാത്രമല്ല ഇൻഫെക്ഷൻ കൊണ്ടോ പൈൽസ് കൊണ്ടോ മലദ്വാരത്തിന് പരുക്കുണ്ടാകാമെന്ന് ഡോക്ടറെക്കൊണ്ട് ഡിഫൻസ് ലോയർ പറയിപ്പിച്ചു.

അന്വേഷണത്തിൽ ഉണ്ടായ Abject negligence തന്നെയാണ് കേസ് തോൽക്കാൻ കാരണം. ചുക്കും ചുണ്ണാമ്പും തിരിയാത്ത പ്രോസിക്യൂട്ടർ കൂടി ആയപ്പോൾ തോൽവി സമ്പൂർണമായെന്ന് മാത്രം.

ഇനിയിപ്പൊ ജലജാ മാധവനല്ല ഏത് കൊടി കെട്ടിയ വക്കീല് വന്നിരുന്നെങ്കിലും കേസ് ജയിക്കില്ലായിരുന്നുവെന്നാണ് എന്റെ തോന്നൽ.

ഈ കേസ് അട്ടിമറിച്ചുവെന്ന് പറയുന്നത് ശരിയല്ല. കാരണം അട്ടിമറിക്കാൻ ഒരു കേസ് തന്നെ ഇതിൽ ഉണ്ടായിരുന്നില്ല.

കുട്ടികൾ ആത്മഹത്യ ചെയ്തതാണെന്ന് എഴുതിവച്ച നിമിഷം തോറ്റുപോയ കേസാണിത്. വേറൊരു ടെക്നിക്കാലിറ്റിയുമില്ല ഒരു തേങ്ങേടെ മൂടുമില്ല.