കേരള ടൂറിസത്തിന് ബാബുവിനെ മറക്കാനാകുമോ?

കേരളത്തിന്റെ വിനോദസഞ്ചാര ഒഴുക്കിലേക്ക് ഹൗസ് ബോട്ട് എന്ന ആശയം ആദ്യമായി നീറ്റിലിറക്കിയ ബാബുവര്‍ഗീസ് ഇന്ന് സര്‍ക്കാരും ടൂറിസം വിദഗ്ധരും മറന്നമട്ടാണ്. ബാബുവര്‍ഗ്ഗീസിന്റെ ജീവിതകഥ കേരളത്തിലെ ഹൗസ് ബോട്ട് ടൂറിസത്തിന്റെ കഥകൂടിയാണ്. അതിലേക്ക് ഒരു വായന

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ സൗന്ദര്യം പുറം ലോകമറിഞ്ഞത്് ഉള്‍നാടന്‍ ജല ടൂറിസത്തിന്റെ കടന്നു വരവോടെയാണ്. അതുവരെ കോവളം മാത്രമായിരുന്നു കേരളത്തിലെ അറിയപ്പെടുന്ന ടൂറിസം സ്‌പോട്ട്്്്. ഉള്‍നാടന്‍ ടൂറിസം കൂടിയെത്തിയതോടെ ആലപ്പുഴിലും കുട്ടനാട്ടിലും കുമരകത്തും വിനോദസഞ്ചാരികള്‍ എത്തി തുടങ്ങി. ഇവിടത്തെ പ്രകൃതി ഭംഗിയും കായല്‍ സവാരികളും വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിച്ചുവെന്നതിനു തെളിവാണ് ഇന്ന് ഈ മേഖലയിലെ വളര്‍ച്ച. ലക്ഷങ്ങളുടെ ബിസിനസ്സാണ് ഈ മേഖലയില്‍ ഇന്ന് നടക്കുന്നത്.

കേരളത്തിലെ ഉള്‍നാടന്‍ ജലടൂറിസത്തിന്റെ തലവരമാറ്റി മറ്റിമറിച്ചത് ഹൗസ് ബോട്ടുകളുടെ അഥവാ വഞ്ചിവീടുകളുടെ കടന്നുവരവോടെയാണ്. ഇക്കാര്യം എല്ലാവരും സമ്മതിക്കുന്നതാണ്. അതുകൊണ്ട് തന്നെയാണ് ഹൗസ്‌ബോട്ടുകളുടെ കടന്ന് വരവിന്റെ 25-ാം വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ ആഘോഷിക്കാന്‍ തയാറെടുക്കുന്നതും. പക്ഷേ ഈ ഹൗസ് ബോട്ടുകള്‍ കേരളത്തിലെ ജലാശയങ്ങളില്‍ എങ്ങനെയെത്തിയെന്നത് അധികം ആരും ശ്രദ്ധിക്കാത്ത കാര്യമാണ്. അധികാരികള്‍ പോലും.

വിനോദ സഞ്ചാരമേഖലയില്‍ പുതുമ നിറഞ്ഞ ഒത്തിരി പരീക്ഷണങ്ങളുമായി എത്തിയ ബാബു വര്‍ഗ്ഗീസെന്ന ടൂര്‍ ഓപ്പറേറ്ററുടെ ദീര്‍ഘ വീക്ഷണത്തോടയുളള പദ്ധതികളാണ് ഈ വിജയത്തെ ഏറെ സ്വാധീനിച്ച ഒരുഘടകം. അതിശയോക്തിയോടെ ചിന്തിക്കേണ്ട. ഇദ്ദേഹമാണ് ഇന്ന് വേമ്പനാട്ട് കായലിലൂടെയും മറ്റും സഞ്ചാരികളുമായി ഒഴുകി നടക്കുന്ന ഹൗസ് ബോട്ടുകള്‍ എന്ന ആശയം കേരളത്തില്‍ എത്തിച്ചത്.

babuvarghese

1972 ലാണ് ബാബുവര്‍ഗ്ഗീസ് ടൂര്‍ ഇന്ത്യ എന്ന സ്ഥാപനവുമായി വിനോദ സഞ്ചാര എത്തുന്നത്്. വ്യത്യസ്തങ്ങളായ പാക്കേജുകളിലൂടെ ഇന്ത്യയിലെ എണ്ണം പറഞ്ഞ ഒരു ടൂര്‍ ഓപ്പറേറ്ററായി ടൂര്‍ ഇന്ത്യ മാറി. ഉത്തരവാദിത്വ ടൂറിസം എന്ന പ്രയോഗം പോലും അന്ന് ബാബു വര്‍ഗ്ഗീസിന്റെ ടൂര്‍ ഇന്ത്യയെ കുറിച്ചായിരുന്നു. ഇതിന് പിന്നാലെ 1990-ലാണ് ബാബുവര്‍ഗ്ഗീസ് ഉള്‍നാടന്‍ജല ടൂറിസം എന്ന ആശയവുമായി എത്തുന്നത്. ഇതിനായി ബാബുവര്‍ഗ്ഗീസ് നിര്‍മ്മിച്ചതാണ് ഹൗസ് ബോട്ടുകള്‍.കേരളത്തില്‍ ചരക്ക്് നീക്കത്തിന് ഉപയോഗിച്ചിരുന്ന കെട്ടുവളളങ്ങളിലാണ് ഹൗസ് ബോട്ട് നിര്‍മ്മാണം തുടങ്ങിയത്. കൊല്ലം കരുനാഗപളളിയിലെ ആലിക്കടവ് എന്ന സ്ഥലത്തെ കുഞ്ചന്‍ മേസ്തിരിയാണ് ആദ്യ വഞ്ചിവീട് നിര്‍മ്മിച്ചത്. ബാബുവര്‍ഗ്ഗീസ് വരച്ച്്് നല്‍കിയ സ്‌കെച്ചുകള്‍ അനുസരിച്ച് മുളയും കശുമാവിന്റെ ചുനയും ഓലയും കൊണ്ടാണ് ആദ്യ ഹൗസ് ബോട്ടിന്റെ നിര്‍മ്മാണം. ഇന്ന് 1500ലധികം ഹൗസ്‌ബോട്ടുകളാണ് കേരളത്തിലുളളത്. ഈ സര്‍വ്വീസുകള്‍ നടത്തുന്ന ടൂര്‍ ഓപ്പറേറ്റര്‍മാരോ സര്‍ക്കാറോ ഈ ആശയം യാഥാര്‍ത്ഥമാക്കിയ ബാബുവര്‍ഗ്ഗീസിനെ ഓര്‍ക്കുന്നു പോലുമില്ല. ഈ അവഗണനയില്‍ ബാബു വര്‍ഗ്ഗീസിന്റെ കുടുംബത്തിനും പ്രതിഷേധമുണ്ട്്്.

ബാബുവര്‍ഗ്ഗീസിന്റെ ഭാര്യയും ടൂര്‍ ഇന്ത്യയുടെ ഇപ്പോഴത്തെ സാരഥിയുമായ ജോളിവര്‍ഗ്ഗീസിന് ഇന്നും ഓര്‍മ്മയിലുണ്ട് ഹൗസ് ബോട്ട് എന്ന ആശയം യാഥാര്‍ത്ഥ്യമാക്കാന്‍ ബാബു വര്‍ഗ്ഗീസ് അനുഭവിച്ച കഷ്്ടപ്പാടുകള്‍. ഹൗസ് ബോട്ടുകലുടെ സഞ്ചാരദിശ മനസ്സിലാക്കാനായി ദിവസങ്ങളോളം വരെ കായലില്‍ ബാബു വര്‍ഗ്ഗീസ് അലഞ്ഞിട്ടുണ്ടെന്നും ജോളി പറയുന്നു. തുടക്കത്തില്‍ ആരുടേയും സപ്പോര്‍ട്ട്് ഈ പദ്ധതിക്ക് ലഭിച്ചിട്ടില്ലെന്നും ജോളി വര്‍ഗ്ഗീസ് ഓര്‍ക്കുന്നു.

ഇതോടൊപ്പം തന്നെ കേരളത്തിന്റെ ഹൈറഞ്ചുകളുടെയും കാടുകളുടേയും സൗന്ദര്യം സഞ്ചാരികളുടെ മുന്നിലെത്തിക്കാനായി ബാബു വര്‍ഗ്ഗീസ് നടപ്പിലാക്കിയ പാക്കേജുകളാണ് ഗ്രീന്‍ മാജിക് നാച്ചുറല്‍ റിസ്സോര്‍ട്ടുകള്‍. 90 അടി പൊക്കത്തിലെ ട്രീഹൗസുകളിലെ താമസ്സവും വന്യമൃഗങ്ങളെ അവരുടെ ആവാസ വ്യവസ്ഥയില്‍ കാണാനുളള അവസരവും ഒക്കെയായിരുന്നു ഈ പാക്കേജിലെ ഹൈലൈറ്റ്്. അന്ന്് ലോകത്തെ എറ്റവും ഉയരം കൂടിയ ട്രീഹൗസായിരുന്നു അത്.

കാടുകാണാനായി തേക്കടിയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കായി ബാബുവര്‍ഗ്ഗീസ് രൂപം കൊടുത്ത ‘ട്രൈഗര്‍ ട്രെയില്‍’ എന്ന ടൂര്‍പാക്കേജ് ലോകം മുഴുവന്‍ ശ്രദ്ധനേടിയ ടൂറിസം പദ്ധതിയായിരുന്നു. ഇതിനായി ആദിവാസികളെയും കീഴടങ്ങിയ ചന്ദനകളളകടത്തുകാരെയുമായിരുന്നു ഗൈഡായി ബാബുവര്‍ഗ്ഗീസ് നിയോഗിച്ചത്.

ഇങ്ങനെ പ്രകൃതിയെ സംരക്ഷിക്കുന്നതും നിലനിര്‍ത്തുന്നതുമായ ഒട്ടേറെ നൂതന വിനോദസഞ്ചാര പദ്ധതിയുടെ ഉപജ്ഞാതാവായിരുന്നു ബാബു. വിദേശത്തെ പല സഞ്ചാര എഴുത്തുകാരും ബാബുവര്‍ഗ്ഗീസിന്റെ പദ്ധതികളെ കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ നമ്മുടെ ടൂറിസം വകുപ്പിലെ ഉന്നതര്‍ക്ക് മാത്രം ഇതൊന്നും അറിയില്ല. അതുകൊണ്ടാകും ഹൗസ്‌ബോട്ട് കേരളത്തില്‍ എത്തിയതിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ബാബുവര്‍ഗ്ഗീസിനെ പരാമര്‍ശിക്കാതെ പോകുന്നത്.