ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസെടുത്തു

പാലക്കാട്: സ്ത്രീകളെ അധിക്ഷേപിച്ച് പ്രസ്താവന നടത്തിയ ഫിറോസ് കുന്നംപറമ്പിലിനെതിരെ ആലത്തൂര്‍ പൊലീസ് കേസെടുത്തു. തിരുവനന്തപുരം സ്വദേശി ടി.എസ് ആഷിഷ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

സമൂഹ മാധ്യമങ്ങളിലൂടെ നന്മ മരം എന്ന പേരില്‍ ജനഹൃദയം കീഴടക്കിയ വ്യക്തിയായിരുന്നു ഫിറോസ് കുന്നംപറമ്പില്‍. എന്നാല്‍ തന്റെ പ്രവര്‍ത്തനത്തെ സമൂഹ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ച യുവതിയെ വേശ്യ എന്ന് ഫിറോസ് ഫേസ്ബുക്ക് ലൈവിലൂടെ വിളിച്ചു. ഇതായിരുന്നു വിവാദങ്ങള്‍ക്ക് കാരണം. സമൂഹത്തില്‍ നിര്‍ധനരായവര്‍ക്ക് ആശ്രയം ആയിരുന്ന ഫിറോസ് രാഷ്ട്രീയത്തിലേക്ക് കാല്കുത്തില്ല എന്ന് പറഞ്ഞിരുന്നു. എന്നാല്‍ മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയും മുസ്ലീം ലീഗ് നേതാവുമായ എം.സി കമറുദ്ദീന് വേണ്ടി വോട്ട് ചോദിക്കാന്‍ ഫിറോസ് ഇറങ്ങിയതോടെ വിവാദങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന് പറഞ്ഞ വാക്കു പാലിക്കാത്ത ഫിറോസിനെ വിമര്‍ശിച്ച് യുവതി രംഗത്ത് എത്തുകയും ചെയ്തു.

യുവതിയുടെ വിമര്‍ശനം ഇഷ്ടപ്പെടാതെ വന്നതോടെ പേര് എടുത്തുപറയാതെ ഫിറോസ് ഫേസ്ബുക്ക് ലൈവിലൂടെ യുവതിയെ അധിഷേപിച്ചു. മാന്യതയുള്ളവര്‍ പറഞ്ഞാല്‍ സ്വീകരിക്കുമെന്നും പ്രവാചകനെ വരെ അപമാനിച്ച സ്ത്രീയോട് പുച്ഛമാണെന്നും ഫിറോസ് പറഞ്ഞു. സ്ത്രീകള്‍ അടങ്ങിയൊതുങ്ങി കഴിയേണ്ടവരാണെന്നും പലര്‍ക്കും ശരീരം കാഴ്ചവെക്കുന്ന ഇവര്‍ക്ക് തനിക്കെതിരെ ശബ്ദിക്കാന്‍ എന്തുയോഗ്യതയാണെന്നും ഇത്തരത്തിലുള്ളവര്‍ പറഞ്ഞാല്‍ തനിക്ക് ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ലെന്നും ഇവരോടൊക്കെ പുച്ഛം മാത്രമാണെന്നും ഫിറോസ് വീഡിയോയില്‍ പറയുന്നുണ്ട്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തുവന്നിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ