അഞ്ചു ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ സ്വപ്‌നം മാത്രമാകും

ന്യൂഡല്‍ഹി: അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ അഞ്ചു ട്രില്യണ്‍ ഡോളറിന്‍റെ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവചനം സ്വപ്‌നം മാത്രമായി അവശേഷിപ്പിക്കുമെന്ന് പഠനം. 2020-24 വര്‍ഷത്തില്‍ ഇന്ത്യയുടെ ജി.ഡി.പി നിരക്ക് ശരാശരി 6.6 ശതമാനം മാത്രമേ കൈവരിക്കൂ എന്ന് അന്താരാഷ്ട്ര ധനകാര്യ സ്ഥാപനമായ ഓര്‍ഗനൈസേഷന്‍ ഫോര്‍ എകണോമിക് കോപറേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് (ഒ.ഇ.സി.ഡി) നടത്തിയ പഠനം പറയുന്നു. അതേസമയം, ഇതേ കാലഘട്ടത്തില്‍ ചൈനയുടെ ജി.ഡി.പി വളര്‍ച്ചാ നിരക്ക് ശരാശരി 7.1 ശതമാനമായി മാറുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.എകണോമിക് ഔട്ട്‌ലുക്ക് ഫോര്‍ സൗത്ത്ഈസ്റ്റ് ഏഷ്യ, ചൈന ആന്‍ഡ് ഇന്ത്യ 2020 എന്ന ശീര്‍ഷകത്തോടെ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലെ ഇന്ത്യന്‍ സമ്പദ് രംഗം അതീവ ദുര്‍ബലാവസ്ഥയില്‍ തുടരുന്നതായി പറയുന്നത്. ഉപഭോഗത്തെ ആശ്രയിക്കുന്ന സ്ഥിതി ഇനിയും തുടരുമെന്നും റിപ്പോര്‍ട്ട് പറയുന്നു. വന്‍തോതില്‍ അസംഘടിത തൊഴില്‍ ഉള്ള സാഹചര്യത്തില്‍ ഉപഭോഗം ശക്തിപ്പെടാന്‍ തന്നെയാണ് സാദ്ധ്യത. ബാങ്കിങ് സംവിധാനത്തിന്റെ ദുര്‍ബലാവസ്ഥ ഇല്ലാതാക്കാന്‍ വേണ്ടത് അടിയന്തരമായി ചെയ്യേണ്ടതുണ്ട്. നഗര-ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിലെ അസന്തുലിതാവസ്ഥ കുറച്ചു കൊണ്ടു വരേണ്ടതുമുണ്ട്. നിക്ഷേപത്തിന് ഇത് അത്യന്താപേക്ഷിതമാണ്- റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2025 ഓടെ അഞ്ചു ട്രില്യണ്‍ ഡോളറിന്റെ സമ്പദ് വ്യവസ്ഥയാക്കി ഇന്ത്യയെ മാറ്റുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത്. ലോകത്ത് നനേരിട്ടുള്ള വിദേശ നിക്ഷേപം വരുന്ന ആദ്യത്തെ പത്തു രാഷ്ട്രങ്ങളില്‍ ഇന്ത്യ ഉണ്ട് എന്നും അഞ്ചു വര്‍ഷത്തിനിടെ 286 ബില്യണിന്റെ വിദേശ നിക്ഷേപം ഇന്ത്യയിലെത്തിയതായും മോദി ചൂണ്ടിക്കാട്ടുന്നു. 2014ല്‍ അധികാരമേറ്റെടുക്കുമ്പോള്‍ രാജ്യത്തിന്റെ ജി.ഡി.പി വളര്‍ച്ച രണ്ട് ട്രില്യണ്‍ ഡോളറിന്റേതായിരുന്നു. 65 വര്‍ഷം കൊണ്ടാണ് രണ്ട് ട്രില്യണ്‍ ഡോളര്‍ ആയി മാറിയത്. എന്നാല്‍ അഞ്ചു വര്‍ഷം കൊണ്ട് അത് ഏകദേശം മൂന്ന് ട്രില്യണ്‍ ഡോളറിലേക്ക് മാറി- തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ ഇന്നലെ നടന്ന പരിപാടിയില്‍ മോദി പറഞ്ഞു.

അഞ്ചു ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ യാത്ര എളുപ്പമാകില്ല എന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. അടുത്ത നാലു വര്‍ഷത്തേക്ക് ജി.ഡി.പി നിരക്ക് പത്തു ശതമാനമെങ്കിലും കൈവരിച്ചാല്‍ മാത്രമേ ഈ നേട്ടം എത്തിപ്പിടിക്കാനാകൂ എന്ന് സാമ്പത്തിക വിദഗ്ദ്ധന്‍ കൂടിയായ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ പാദത്തില്‍ 5.6 ശതമാനം മാത്രമാണ് ജി.ഡി.പി വളര്‍ച്ച. നിലവിലെ വളര്‍ച്ച വെച്ച് ഇതൊരിക്കലും സാദ്ധ്യമല്ല എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നോട്ടുനിരോധനം, അശാസ്ത്രീയ ജി.എസ്.ടി എന്നിവയാണ് സമ്പദ് മേഖലയുടെ നട്ടെല്ലൊടിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ജി.ഡി.പി നിരക്ക് വര്‍ദ്ധിക്കുന്നതിനൊപ്പം കയറ്റു മതി നിരക്കു കൂടി വര്‍ദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ നിലവിലെ മാന്ദ്യത്തില്‍ ഇന്ത്യയുടെ കയറ്റുമതി സെപ്തംബറില്‍ 6.57 ശതമാനത്തിലേക്ക് ചുരുങ്ങുകയാണ് ചെയ്തത്. 2025 ഓടെ കയറ്റുമതി ലക്ഷ്യം കോടി യു.എസ് ഡോളറിലെങ്കിലും എത്തണമെന്ന് കേന്ദ്ര വ്യാപാര മന്ത്രാലയത്തിനു വേണ്ടി വിദഗദ്ധ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നിലവില്‍ 500 ബില്യണ്‍ ഡോളര്‍ മാത്രമാണ് കയറ്റുമതി. കയറ്റുമതി വര്‍ദ്ധിപ്പിക്കാനായി ഒട്ടേറെ ഇളവുകള്‍ പ്രഖ്യാപിക്കേണ്ടതുണ്ട്. ചൈന-യു.എസ് വ്യാപാര യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ ആ അവസരം മുതലാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ മന്‍മോഹന്‍സിങ് അടക്കമുള്ളവര്‍ ആവശ്യപ്പെട്ട കാര്യമാണിത്. കമ്പനികളെ ഇന്ത്യയിലെത്തിക്കണമെങ്കില്‍ ലൈസന്‍സ് ഇഷ്യൂ ചെയ്യുക, കമ്പനികള്‍ക്ക് ഇന്‍സന്റീവ് അനുവദിക്കുക തുടങ്ങിയ വിഷയങ്ങള്‍ക്കായി മാത്രം കേന്ദ്രീകൃത ഏജന്‍സിയെ തന്നെ നിയമിക്കേണ്ടി വരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ