“മനീതി” മാറാപ്പാകരുത് ;ആ മോഹം വേണ്ട

ശബരിമലയെ വീണ്ടും സംഘര്‍ഷഭൂമിയാക്കി മാറ്റാനുള്ള നീക്കത്തില്‍ നിന്നും മനീതി എന്ന സംഘടന പിന്‍മാറണം. പുണ്യ പൂങ്കാവനത്തില്‍ രക്തചൊരിച്ചില്‍ നടത്തി ഇവിടെ ആര്‍ക്കും ഒന്നും നേടാനാവില്ല. യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയുടെ അന്തിമ വിധി വരുന്നത് വരെ കാത്ത് നില്‍ക്കാനുള്ള ക്ഷമ എല്ലാവരും കാട്ടുകയാണ് വേണ്ടത്.

ഇവിടെ നിയമങ്ങള്‍ സൃഷ്ടിക്കുന്നത് മനുഷ്യന് വേണ്ടിയാണ്. ബഹു ഭൂരിപക്ഷം വരുന്ന ജനങ്ങള്‍ ആഗ്രഹിക്കാത്തത് അടിച്ചേല്‍പ്പിക്കാന്‍ ഒരിക്കലും ശ്രമിക്കരുത്. അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക.

‘വിശ്വാസം അതാണ് എല്ലാം’ എന്ന അഭിപ്രായം എല്ലാക്കാര്യത്തിലും വേണ്ട എന്ന അഭിപ്രായക്കാരാണ് മനീതിയെ പിന്തുണയ്ക്കുന്നത്. ഇവരുടെ താല്‍പ്പര്യവും ഏറെക്കുറെ വ്യക്തമാണ്.ശബരിമല വിശ്വാസികളെ സംബന്ധിച്ച് അവര്‍ പിന്തുടരുന്ന ആചാരത്തിന് വിരുദ്ധമായതൊന്നും സംഭവിക്കരുത് എന്നാണ് ആഗ്രഹിക്കുന്നത്. ഇത് ഭൂരിപക്ഷം വരുന്ന ശബരിമല ഭക്തരുടെ വികാരം കൂടിയാണ്.

കോന്നിയില്‍ ഇടതുപക്ഷം വിജയിച്ചത് കൊണ്ട് ഭൂരിപക്ഷം വരുന്ന വിശ്വാസികള്‍ നിലപാട് മാറ്റിയെന്ന് മനീതി നേതൃത്വം കരുതരുത്. വിശ്വാസങ്ങള്‍ക്കും അപ്പുറം ചുവപ്പിനെ മാറോട് ചേര്‍ക്കുന്ന ഒരു ജനതയുണ്ട് കേരളത്തില്‍. അവരാണ് ഇടതുപക്ഷത്തെ കോന്നിയിലും വട്ടിയൂര്‍ക്കാവിലും എല്ലാം വിജയിപ്പിച്ചിരിക്കുന്നത്. ശബരിമല വിഷയത്തിലെ നിലപാട് നോക്കിയല്ല, രാഷട്രീയം നോക്കിയാണ് ഇവിടെ ജനങ്ങള്‍ വോട്ട് ചെയ്തിരിക്കുന്നത്.

കോന്നിയെ സംബന്ധിച്ച് ഒരു ശക്തിയും അല്ലാതിരുന്ന ബി.ജെ.പി 39,786 വോട്ടുകള്‍ വാങ്ങി മികച്ച മുന്നേറ്റം നടത്തിയത് നാം ഒരിക്കലും കാണാതിരുന്നു കൂടാ. വിജയത്തിന് അരികെ എത്തുന്നതാണ് ഈ പ്രകടനം
ശബരിമല വിഷയത്തില്‍ അതൃപ്തരായ ഒരു വിഭാഗത്തിന്റെ വോട്ട് ലഭിക്കാതെ ഈ മുന്നേറ്റം സുരേന്ദ്രന് സാധ്യമാകുമായിരുന്നില്ല. ശബരിമലയിലെ സര്‍ക്കാര്‍ നിലപാടുകള്‍ക്കുള്ള പിന്തുണയല്ല ഈ ഉപതിരഞ്ഞെടുപ്പില്‍ ലഭിച്ചിരിക്കുന്നത്.

പിണറായി സര്‍ക്കാറിന്റെ ജനപ്രിയ പദ്ധതികള്‍ക്കും അഴിമതി രഹിത ഭരണത്തിനുമാണ് ജനം വോട്ട് ചെയ്തിരിക്കുന്നത്. ശബരിമല വിഷയം ഉള്‍പ്പെടെ തെറ്റുതിരുത്തല്‍ സമീപനമാക്കി സി.പി.എം നടത്തിയ ഗൃഹ സന്ദര്‍ശനവും ജനങ്ങളെ സ്വാധീനിച്ച ഘടകമാണ്.

രാജ്യത്തെ നിയമം നടപ്പാക്കാന്‍ ഏത് സര്‍ക്കാറിനും ബാധ്യതയുണ്ട്. അതാണ് പിണറായി സര്‍ക്കാറും നിലവില്‍ ചെയ്യുന്നത്. ഇപ്പോള്‍ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതും അതു തന്നെയാണ്. എന്നാല്‍ സുപ്രീം കോടതി വിധി വരുന്നത് വരെ കാത്ത് നില്‍ക്കാനുള്ള ക്ഷമ കാട്ടേണ്ടത് ആക്ടിവിസ്റ്റുകളായ യുവതികളാണ്.

വാശി പിടിച്ചും ബലം പ്രയോഗിച്ചും പൊലീസ് സംരക്ഷണയിലുമല്ല ദര്‍ശനം നടത്തേണ്ടത്.മനീതി യഥാര്‍ത്ഥ വിശ്വാസികളുടെ കൂട്ടായ്മ ആണെങ്കില്‍ കാത്തിരിക്കുകയാണ് വേണ്ടത്. നിങ്ങള്‍ വിശ്വസിക്കുന്ന ദേവന്‍ നിങ്ങളെ കാണാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ദര്‍ശനം ഉടന്‍ സാധ്യമാകും. ഒരു വിശ്വാസി എന്ന രീതിയില്‍ ഈ ദര്‍ശനത്തെ അങ്ങനെയാണ് വിലയിരുത്തേണ്ടത്. അതല്ലാതെ ഒരു ടൂറിസ്റ്റ് കേന്ദ്രമായി കണ്ടും, മാധ്യമങ്ങളില്‍ താരമാകാനുമാണ് പദ്ധതിയെങ്കില്‍ അത് നല്ല ഉദ്യേശമല്ല. ഇവിടെയാണ് മനീതിയുടെയും രഹന ഫാത്തിമമാരുടെയും ഒക്കെ ഉദ്ദേശ ശുദ്ധികളും ചോദ്യം ചെയ്യപ്പെടുന്നത്.

അയ്യപ്പ വിശ്വാസികളെ അടിച്ചോടിച്ച് യുവതീ പ്രവേശനം സാധ്യമാക്കുക അസാധ്യമാണ്. അതിന് ഒരു ഭരണ കൂടവും മുതിരരുത്.

വിശ്വാസികളുടെ പ്രതിഷേധത്തെ സംഘ പരിവാര്‍ പ്രതിഷേധമായി മാത്രം ആരും ചുരുക്കി കാണരുത്. ഹിന്ദുവെന്നാല്‍ അത് സംഘപരിവാറോ എന്‍.എസ്.എസോ മാത്രല്ല. ഈ സംഘടനകള്‍ക്കും മീതെ വലിയ ഒരു ഹൈന്ദവ സമൂഹം ഇവിടെയുണ്ട്. ഇതില്‍ ബഹുഭൂരിപക്ഷവും ആഗ്രഹിക്കുന്നത് യുവതീ പ്രവേശനം പാടില്ലന്ന് തന്നെയാണ്.അത് അവരുടെ ആചാരവുമായി ബന്ധപ്പെട്ട നിലപാടു കൂടിയാണ്. ഈ വിശ്വാസത്തെ തിരുത്തിക്കാന്‍ ഒരാള്‍ക്കും സാധ്യമല്ല. ഇക്കാര്യത്തില്‍ ഒരു ഹിതപരിശോധനക്ക് സര്‍ക്കാര്‍ തയ്യാറായാല്‍ കാര്യങ്ങള്‍ പകല്‍ പോലെ വ്യക്തമാകും. ഹൈന്ദവ സ്ത്രീകളില്‍ ബഹുഭൂരിപക്ഷവും ആഗ്രഹിക്കാത്ത കാര്യമാണ് ആക്ടീവിസ്റ്റുക്കളായ യുവതികളിപ്പോള്‍ ആവശ്യപ്പെടുന്നത്. ഇതിന് പിന്നിലെ താല്‍പ്പര്യം ഭക്തിയല്ല, വേറെ പലതുമാണെന്ന് സംശയിക്കുക തന്നെ വേണം.

ഇപ്പോള്‍ കേരളത്തിലുണ്ടായ പ്രളയത്തെ പോലും ശബരിമല അയ്യപ്പന്റെ അനിഷ്ടമായി കാണുന്ന വിശ്വാസികള്‍ കേരളത്തിലുണ്ട്. പന്തളം കൊട്ടാരം പോലും വിശ്വസിക്കുന്നത് അതാണ്.കേരളം ഇന്നുവരെ കാണാത്ത കാലാവസ്ഥ വ്യതിയാനമാണ് അവരെ അത്തരത്തില്‍ പോലും ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഒരു അന്ധവിശ്വാസമായി നമുക്ക് ഈ വാദത്തെ തള്ളിക്കളയാമെങ്കിലും വിശ്വാസികളെ സംബന്ധിച്ച് ധാരണ തിരുത്തിക്കല്‍ എളുപ്പമല്ല.

തിരഞ്ഞെടുപ്പില്‍ ഇടപെടാത്ത ‘ശക്തി’ പ്രകൃതിയില്‍ ഇടപെടുമോ എന്ന ചോദ്യം ഉയര്‍ത്തിയത് കൊണ്ട് മാത്രം ഒന്നിനും ഒരു ന്യായീകരണമാവുകയുമില്ല. രാഷ്ട്രീയത്തെയും മതവിശ്വാസങ്ങളെയും എന്നും രണ്ടായി തന്നെ കാണുന്നവരാണ് കേരളത്തിലെ ജനങ്ങള്‍. അതുകൊണ്ടാണ് ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് ഈ മണ്ണില്‍ വേരുറപ്പിക്കാന്‍ സാധിച്ചിരിക്കുന്നത്.

അവര്‍ണ്ണരുടെ ക്ഷേത്രപ്രവേശനത്തിനായി പോലും പോരാടിയ ചരിത്രമാണ് കേരളത്തിലെ കമ്യൂണിസ്റ്റുകള്‍ക്കുള്ളത്. ആരാധനാലയം സംരക്ഷിക്കുന്നതിനായി ജീവന്‍ ബലി കൊടുത്ത ചരിത്രവും ഇവിടത്തെ സി.പി.എം പ്രവര്‍ത്തകര്‍ക്കുണ്ട്.

വിശ്വാസികളല്ലാത്ത കമ്യൂണിസ്റ്റുകള്‍ വിശ്വാസി സമൂഹത്തിന് വേണ്ടി നിലകൊണ്ടതിന് വേറെയും അനവധി ഉദാഹരണങ്ങളുണ്ട് ചൂണ്ടിക്കാണിക്കുവാന്‍. ഇത് തിരിച്ചറിയുന്നത് കൊണ്ടാണ് ഇപ്പോഴും വിശ്വാസി സമുഹത്തിലെ ഭൂരിപക്ഷവും ഇടതുപക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുന്നത്.

അവരുടെ ഈ വിശ്വാസം എന്നും കാത്തു സൂക്ഷിക്കാനുള്ള ബാധ്യത സി.പി.എമ്മിനും മറ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കുമുണ്ട്. അതിന് അനുസരിച്ച നിലപാടാണ് ചെങ്കൊടി പ്രസ്ഥാനം ഇനി സ്വീകരിക്കേണ്ടത്.

വീടുകളില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ മനസ്സിലാക്കിയ വികാരം സിപിഎം നേതൃത്വം ഒരിക്കലും കണ്ടില്ലന്ന് നടിക്കരുത്. കേരളം നിരീശ്വരവാദത്തിന് മാത്രം വളക്കൂറുള്ള നാടല്ല, ബഹു ഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ കൂടി നാടാണിത്.

ഇവിടെ കേവലം നിയമവും സാങ്കേതികത്വവും മാത്രം ചൂണ്ടിക്കാട്ടിയല്ല നിലപാട് സ്വീകരിക്കേണ്ടത്. പ്രായോഗികമായ നിലപാടുകളാണ് അഭികാമ്യം.

ആക്ടിവിസ്റ്റുകള്‍ക്ക് ആശാന്തി വിതക്കാനുള്ള ഇടമായി ഒരിക്കലും ശബരിമലയെ മാറ്റരുത്. ഇക്കാര്യത്തില്‍ ജാഗ്രതാപരമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. സുപ്രീം കോടതിയുടെ അന്തിമ വിധി വരുന്നത് വരെ കാത്ത് നില്‍ക്കണമെന്ന് മനീതിയോട് ഭരണകൂടം തന്നെ ആവശ്യപ്പെടുകയാണ് വേണ്ടത്.

രക്തത്തില്‍ ചവിട്ടിയുള്ള ദര്‍ശനം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് ആക്ടിവിസ്റ്റുകളും ഇനി തുറന്ന് പറയണം. കേരളത്തിലെ സമാധാനന്തരീക്ഷത്തെ തകര്‍ക്കാന്‍ ആര് ശ്രമിച്ചാലും അത് വലിയ പ്രത്യാഘാതമുണ്ടാക്കും. അക്കാര്യം ഓര്‍ക്കുന്നത് നല്ലതാണ്.