മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനു ശിവസേനയെ പിന്തുണയ്ക്കാന്‍ എന്‍സിപി;എല്ലാ കണ്ണുകളും സോണിയയില്‍

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനു ശിവസേനയെ പിന്തുണയ്ക്കാന്‍ എന്‍സിപി കോര്‍ കമ്മിറ്റി യോഗത്തില്‍ ധാരണ. കോണ്‍ഗ്രസിന്റെയും കൂടി തീരുമാനം അറിഞ്ഞ ശേഷം ഔദ്യോഗിക പ്രഖ്യാപനം മതിയെന്നാണ് തീരുമാനം. കോണ്‍ഗ്രസ് പിന്തുണച്ചാല്‍ മാത്രമേ ശിവസേനയെ തുണയ്ക്കു എന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍ വ്യക്തമാക്കിയതോടെ എല്ലാ കണ്ണുകളും സോണിയാ ഗാന്ധിയിലാണ്.

എന്നാല്‍ ആദിത്യ താക്കറെ മുഖ്യമന്ത്രിയാവുന്നതിനോട് എന്‍സിപിക്ക് താല്‍പര്യമില്ല. ആദിത്യക്ക് പകരം ഉദ്ധവ് താക്കറെ തന്നെ മുഖ്യമന്ത്രിയാകട്ടെയെന്നാണ് എന്‍സിപി നിലപാട്, അതല്ലെങ്കില്‍ മറ്റേതെങ്കിലും മുതിര്‍ന്ന നേതാവിന് അവസരം നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഈ ആവശ്യം പവാര്‍ ഉദ്ധവ് താക്കറയെ അറിയിച്ചു, ഇപ്പോള്‍ താജ് ഹോട്ടലില്‍ ശരത് പവാറും ഉദ്ധവ് താക്കറെയും തമ്മില്‍ ചര്‍ച്ച തുടരുകയാണ്.

അതേസമയം ശിവസേനയെ പിന്തുണയ്ക്കുന്നതില്‍ കോണ്‍ഗ്രസില്‍ കടുത്ത അഭിപ്രായഭിന്നതയും നിലനില്‍ക്കുന്നുണ്ട്. മഹാരാഷ്ട്രയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മല്ലികാര്‍ജുന്‍ ഖര്‍ഗെ ഉള്‍പ്പെടെയുള്ള മുതര്‍ന്ന നേതാക്കള്‍ സേനയെ പിന്തുണയ്ക്കുന്നതിന് എതിരാണ്. എന്നാല്‍ സംസ്ഥാനത്തെ എംഎല്‍എമാരില്‍ ഭൂരിഭാഗവും ബിജെപിയെ ഭരണത്തില്‍നിന്ന് ഒഴിവാക്കാന്‍ സേനയെ പിന്തുണയ്ക്കണമെന്ന നിലപാടിലാണ്. ഈ സാഹചര്യത്തില്‍ ജയ്പുരില്‍ റിസോര്‍ട്ടില്‍ കഴിയുന്ന എംഎല്‍എമാരോട് വൈകിട്ട് ഡല്‍ഹിയില്‍ എത്താന്‍ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ