അയോധ്യ വിധി നിരാശാജനകമെന്ന് മുസ്ലീം ലീഗ്

പാണക്കാട്: അയോധ്യ കേസില്‍ സുപ്രീം കോടതി വിധി നിരാശാജനകമെന്ന് മുസ്ലിം ലീഗ് ദേശീയ നേതൃയോഗം. കോടതി വിധിയുടെ സാഹചര്യവും തുടര്‍ നിയമനടപടികളും പരിശോധിക്കുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എംപിയുമായ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വിധിയെ ബഹുമാനിക്കുന്നു. എങ്കിലും വിധിയില്‍ നിരവധി വൈരുദ്ധ്യങ്ങളുണ്ട്. നിയമവിദഗ്ധരുമായി ആലോചിച്ച് വിഷയത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അയോധ്യ വിഷയത്തിലെ തുടര്‍നടപടികള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചതായും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലായിരുന്നു യോഗം. ബാബറി മസ്ജിദ് കേസിലെ വിധിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം ചേര്‍ന്നത്. വിഷയത്തില്‍ കൂടുതല്‍ കൂടിയാലോചന നടത്താനാണ് ലീഗ് തീരുമാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ