ഫാത്തിമയുടെ മരണം കൊലപാതകമെന്ന് പിതാവ്

ചെന്നൈ: മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനിയും മലയാളിയുമായിരുന്ന ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് അധ്യാപകനെതിരെ തെളിവില്ലെന്ന് തമിഴ്‌നാട് പൊലീസ്. ആരോപണ വിധേയനായ അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനെതിരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

കേസില്‍ ഫാത്തിമയുടെ സഹപാഠികളടക്കം 13 പേരെ ഇതുവരെ ചോദ്യം ചെയ്തുവെന്നും പൊലീസ് പറഞ്ഞു. ആരോപണ വിധേയരായ ഹേമചന്ദ്രന്‍ , മിലിന്ദ് എന്നീ അധ്യാപകരെയും ചോദ്യം ചെയ്തു. എന്നാല്‍ അധ്യാപകര്‍ക്ക് എതിരെ സഹപാഠികളടക്കം ആരും മൊഴി നല്‍കിയില്ലെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം 28 ദിവസമായി ഫാത്തിമ കടുത്ത മാനസിക പീഡനം അനുഭവിക്കുകയായിരുന്നെന്നും സിവില്‍ സര്‍വീസ് മോഹവുമായി പഠിച്ച മകളുടെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്നും പിതാവ് അബ്ദുല്‍ ലത്തീഫും മാതാവ് സജിതയും ആരോപിച്ചു.

ഐഐടി പ്രവേശന പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്കുമായി 4 മാസം മുന്‍പ് ഐഐടിയില്‍ പ്രവേശനം നേടിയ ഫാത്തിമയെ 8 നു രാത്രി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

‘എന്റെ മരണത്തിന് കാരണക്കാരൻ സുദർശൻ പത്മനാഭനാണ്, ദയവായി സാംസങ് നോട്ട് പരിശോധിക്കുക’ എന്ന വാചകം ഫാത്തിമയുടെ മൊബൈൽ ഫോണിൽ കുറിച്ചിരുന്നു. ഫോൺ ചാർജ് തീർന്ന് ഓഫ് ആയ നിലയിലായിരുന്നു.