പി.ജെ. കുര്യനെതിരെ കോണ്‍ഗ്രസില്‍ കലാപം; കുര്യന്റെ അനുയായികള്‍ ഗ്രൂപ്പ് വിടുന്നു

തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിലെ അഴിമതിക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ് നേതാവ് ടി.കെ. സജീവ്

കോടികളുടെ അഴിമതിയും നിയമനവും നടത്തിയിട്ടുണ്ടെന്ന് പരാതി

സജീവിന്റെ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ കെ.പി.സി.സി തീരുമാനം

-ഹരി ഇലന്തൂര്‍-

പാര്‍ട്ടി പുനഃസംഘടനയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ കോണ്‍ഗ്രസിനുള്ളില്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ. കുര്യനെതിരെ കലാപം. കുര്യനോടൊപ്പം നിന്ന പലരും ഗ്രൂപ്പ് മാറിക്കഴിഞ്ഞു. ഇതിനിടെ കുര്യന്റെ അടുത്ത അനുയായികള്‍ കൈയ്യാളുന്ന തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ കോടികളുടെ അഴിമതി നടന്നുവെന്ന ആരോപണവുമായി ഒരു സംഘം കോണ്‍ഗ്രസുകാര്‍ കെ.പി.സി.സി പ്രസിഡന്റിന് പരാതി നല്‍കി.

വര്‍ഷങ്ങളായി പത്തനംതിട്ട ജില്ലയിലെ കോണ്‍ഗ്രസ് സംഘടനാ സംവിധാനം കൈപ്പിടിയിലൊതുക്കി വെച്ചിരിക്കുന്ന പി.ജെ. കുര്യന്റെ അപ്രമാദിത്വം ഇനി അനുവദിക്കാന്‍ ആവില്ലെന്നാണ് കോണ്‍ഗ്രസുകാരുടെ നിലപാട്. പെട്ടിയെടുപ്പുകാര്‍ക്കും ശിങ്കിടികള്‍ക്കും പാര്‍ട്ടി സ്ഥാനങ്ങള്‍ വീതിച്ചു കൊടുക്കുന്ന സമ്പ്രദായം ഇനി തുടരാനാവില്ലെന്നാണ് ഇവരുടെ നിലപാട്. വര്‍ഷങ്ങളായി കുര്യനോടൊപ്പം നില്‍ക്കുന്ന ജയവര്‍മ്മ, കെ.കെ. റോയ്‌സണ്‍, സജി ചാക്കോ, ടി.കെ. സജീവ്, സതീഷ് കൊച്ചുപ്പറമ്പില്‍ തുടങ്ങിയ ജില്ലാ നേതാക്കളാണ് കുര്യനെതിരെ തിരിഞ്ഞിരിക്കുന്നത്. നിരവധി അഴിമതി ആരോപണങ്ങള്‍ നേരിടുന്ന മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോര്‍ജ്ജിനെ ഡി.സി.സി അധ്യക്ഷനാക്കിയതിലാണ് ഇക്കൂട്ടരെ കുര്യനെതിരെ തിരിയാന്‍ പ്രേരിപ്പിച്ചത്. വര്‍ഷങ്ങളായി പാര്‍ട്ടിയുടെ ജില്ലാ നേതൃത്വത്തിലുള്ള ജയവര്‍മ്മ, റോയ്‌സണ്‍, സതീഷ് കൊച്ചുപ്പറമ്പില്‍, സജി ചാക്കോ തുടങ്ങിയവരുടെ സീനിയോറിറ്റിയും സാമുദായിക സമവാക്യങ്ങളും പരിഗണിക്കാതെയാണ് ബാബു ജോര്‍ജ്ജിനെ കുര്യന്റെ താല്‍പര്യപ്രകാരമാണ് ഡി.സി.സി പ്രസിഡന്റ് ആക്കിയതെന്ന് ഇവര്‍ ആരോപിക്കുന്നു. ജില്ലയിലെ ശക്തമായ സമുദായ വിഭാഗമായ മാര്‍ത്തോമ്മ വിഭാഗത്തില്‍പ്പെട്ടവരെ പരിഗണിക്കാതെ ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍പ്പെട്ട ബാബു ജോര്‍ജ്ജിനെ പരിഗണിച്ചതാണ് മാര്‍ത്തോമ്മ കോണ്‍ഗ്രസ്‌കാര്‍ക്കിടയില്‍ അതൃപ്തിയ്ക്ക് കാരണമായിരിക്കുന്നത്.

കെ.പി.സി.സി പ്രസിഡന്റിന് ടി.കെ. സജീവ് നല്‍കിയ പരാതി
കെ.പി.സി.സി പ്രസിഡന്റിന് ടി.കെ. സജീവ് നല്‍കിയ പരാതി

ഇതിനിടെയാണ് തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിലെ അഴിമതി ആരോപണങ്ങള്‍ കോണ്‍ഗ്രസുകാര്‍ തന്നെ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. മികച്ച പഞ്ചായത്ത് പ്രസിഡന്റിനുള്ള അവാര്‍ഡ് രണ്ടു വട്ടം നേടിയ കോണ്‍ഗ്രസ് നേതാവ് ടി.കെ. സജീവ് ആണ് ബാങ്കിലെ തട്ടിപ്പിനെതിരെ വി.എം. സുധീരന് പരാതി നല്‍കിയിരിക്കുന്നത്. ക്ലീന്‍ ഇമേജിന്റെ ഉടമയായ സജീവിന്റെ പരാതി കോണ്‍ഗ്രസ് നേതൃത്വം ഗൗരവമായിട്ടാണ് എടുത്തിരിക്കുന്നത്. 1952-ല്‍ ആരംഭിച്ച ബാങ്കില്‍ ഓഹരി ഉടമകളുടെ എണ്ണം ഏതാണ്ട് 70,000-ത്തോളം വരും. 20 വര്‍ഷത്തിലധികമായി ബാങ്ക് ഭരണം നിയന്ത്രിച്ചിരുന്നത് ജില്ലാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായ ജയവര്‍മ്മയും കൂട്ടരുമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് റാന്നി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കുര്യനുമായി ഉടക്കിലായിരുന്നു ജയവര്‍മ്മ. ഇക്കാരണം കൊണ്ട് വര്‍മ്മയ്ക്ക് ബാങ്ക് പ്രസിഡന്റ് സ്ഥാനം കിട്ടിയതുമില്ല. പകരം കുര്യന്റെ അടുപ്പക്കാരനും ജില്ലാ പഞ്ചായത്ത് മെമ്പറുമായി റെജി തോമസിനെ ഈസ്റ്റ് കോ-ഓപ്പറേറ്റീവ് പ്രസിഡന്റ് ആക്കി. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് റെജി.

20 വര്‍ഷമായി ബാങ്കില്‍ നടക്കുന്ന അഴിമതിയും കെടുകാര്യസ്ഥതയും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ടി.കെ. സജീവ് നല്‍കിയ പരാതിയില്‍ പ്രധാനമായും ജയവര്‍മ്മ, റെജി തോമസ്, മുന്‍ ഡി.സി.സി പ്രസിഡന്റ് പി. മോഹന്‍രാജ്, ഇപ്പോഴത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി, ബാബു ജോര്‍്ജ് എന്നിവരെയാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നത്. ബാങ്കിലെ നിയമനങ്ങളും വായ്പ തുകകളെ കുറിച്ചും അന്വേഷിക്കണമെന്നാണ് പരാതിയിലെ മുഖ്യ ആവശ്യം.  നിരവധി ബി.ജെ.പി-സി.പി.എം അനുഭാവികള്‍ക്ക് പണം വാങ്ങി ബാങ്കില്‍ നിയമനം നല്‍കിയിട്ടുണ്ട്. 2013-ല്‍ നടന്ന പ്യൂണ്‍ നിയമനം ലേലം വിളിയായിരുന്നു. പരാതിയും പ്രതിഷേധവുമായി ആരും വരാതിരിക്കാന്‍ ബി.ജെ.പി-സി.പി.എം അനുഭാവികള്‍ക്കും വീതിച്ചു നല്‍കി.

‘പാരമ്പര്യമായി കേരള കോണ്‍ഗ്രസിലും തുടര്‍ന്ന് കരുണാകര വിഭാഗത്തിലും നിന്ന് ഇപ്പോള്‍ സംഘടനാ രംഗത്ത് വരികയും കുര്യന്‍ സാറിന്റെ സഹായം ഒന്നു കൊണ്ടു മാത്രം പാര്‍ട്ടിയിലും ത്രിതല പഞ്ചായത്ത് സംവിധാനത്തിലും തിരുവല്ല ഈസ്റ്റ് സഹകരണ ബാങ്കിലും റെജി തോമസ് പിടിമുറുക്കി. സീനിയറായ നിരവധി നേതാക്കന്മാര്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകരെ തന്‍കാര്യത്തിനായി ഒഴിവാക്കി ആവശ്യാനുസരണം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായും ബി.ജെ.പിയുമായും ധാരണകളുണ്ടാക്കി കോണ്‍ഗ്രസ് പാര്‍ട്ടിയെയും യു.ഡി.എഫിനെയും തകര്‍ക്കുകയാണ്. എടുത്തു പറഞ്ഞാല്‍ 2015-ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ തിരുവല്ല നിയോജകമണ്ഡലത്തിലുണ്ടായ അസന്നിഗ്ദ്ധാവസ്ഥയ്ക്ക് കാരണക്കാരില്‍ പ്രധാനി റെജി തോമസാണ്.

തുടര്‍ച്ചയായ രണ്ടു നിയസഭാ തെരഞ്ഞെടുപ്പുകളിലും റെജി തോമസ് ഇടതുപക്ഷവുമായി ധാരണയുണ്ടാക്കിയിരുന്നു. രണ്ടു തവണ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളായി മത്സരിച്ചിരുന്നവരും ഇക്കാര്യത്തില്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മല്ലപ്പള്ളി ഡിവിഷനില്‍ ഞാന്‍ 290 വോട്ടിനാണ് പരാജയപ്പെട്ടത്. സി.പി.എമ്മുമായി റെജി തോമസ് ഉണ്ടാക്കിയ അവിശുദ്ധമായ കൂട്ടുകെട്ടാണ് എന്റെ പരാജയത്തിന് ഇടയാക്കിയത്. ഇക്കാര്യം ഞാന്‍ പ്രൊഫ. പി.ജെ. കുര്യന്‍ മുമ്പാകെ തെളിവുകള്‍ സഹിതം ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്.

ശ്രീ. റെജിതോമസിന്റെ നേതൃത്വത്തില്‍ നഗ്നമായ അഴിമതിയും സ്വജനപക്ഷപാതവും നടമാടിയ വിവിധ വിഷയങ്ങള്‍ അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നുവെന്നാണ് ടി.കെ. സജീവിന്റെ പരാതിയില്‍ പറയുന്നത്. സജീവിന്റെ പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ കെ.പി.സി.സി സെക്രട്ടറിയായ മരിയാപുരം ശ്രീകുമാറിനെ ചുമതലപ്പെടുത്തി. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ കുര്യനോടുള്ള എതിര്‍പ്പിന്റെ ഭാഗമായി പുതിയ ഡി.സി.സി പ്രസിഡന്റിനോട് നിസ്സഹരിക്കാനാണ് ജില്ലയിലെ ഒരു പറ്റം നേതാക്കളുടെ തീരുമാനം.