നവംബർ 16ന് മല കയറാനെത്തും; ആരും തടയരുത്: തൃപ്തി ദേശായി

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സംബന്ധിച്ച് പുറത്ത് വന്ന സുപ്രീം കോടതി വിധിയില്‍ പ്രതികരിച്ച് വനിതാവകാശ പ്രവര്‍ത്തക തൃപ്തി ദേശായി. ശബരിമലയില്‍ യുവതികള്‍ക്കും പ്രവേശനം അനുവദിക്കണം എന്ന കോടതിവിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്നും നവംബർ 16ന് താൻ മലകയറാനെത്തുമെന്നും തൃപ്തി ദേശായി അറിയിച്ചു. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പോകാമെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ആരും അതിനെതിരെ പ്രതിഷേധിക്കരുത്. അവിടെ വിവേചനമില്ലെന്നു പറയുന്നവരുടെ വാദം തെറ്റാണ്. കാരണം ഒരു പ്രത്യേക വയസിനുള്ളിലുള്ള സ്ത്രീകളെ അവിടെ പ്രവേശിപ്പിക്കുന്നില്ല. നവംബര്‍ 16ന് ഞാന്‍ പ്രാര്‍ത്ഥന നടത്താനെത്തും. തൃപ്തി മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

കോടതി വിധിയെ തുടർന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ മല കയറാന്‍ തൃപ്തി കേരളത്തിലെത്തിയിരുന്നു. എന്നാല്‍, സംഘ്പരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്ന് ഇവർക്ക് പുറത്തിറങ്ങാനായിരുന്നില്ല. പ്രതിഷേധം കനത്തതോടെ പൊലീസിൻെറ അഭ്യർത്ഥന മാനിച്ച് മണിക്കൂറുകൾക്ക് ശേഷം അവർ മടങ്ങിപ്പോവുകയായിരുന്നു. പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഭൂമാതാ ബ്രിഗേഡ്’ എന്ന സാമൂഹ്യ സംഘടനയുടെ സ്ഥാപകയാണ് തൃപ്തി ദേശായി. ആരാധനാലയങ്ങളിൽ സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഭൂമാതാ ബ്രിഗേഡ്. ശനി ശിക്നപ്പൂർ ക്ഷേത്രം, കൊൽഹാപൂരിലെ മഹാലക്ഷ്മി ക്ഷേത്രം, നാസിക്കിലെ ത്രയംബകേശ്വർ ശിവ ക്ഷേത്രം, മുബൈയിലെ ഹാജി അലി ദർഗ എന്നിവിടങ്ങളിൽ കോടതി വിധിയെ തുടർന്ന് അനുയായികളോടൊപ്പം തൃപ്തി പ്രവേശിച്ചിരുന്നു.