പഞ്ചാബില്‍ ദലിത് യുവാവിനു നേരെ മര്‍ദ്ദനം; നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിച്ചു

ചണ്ഡിഗഢ്: പഞ്ചാബിലെ സംഘരുർ ജില്ലയിൽ ദലിത് യുവാവിനെ ആക്രമിക്കുകയും നിർബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും ചെയ്തു.നവംബർ ഏഴിനാണ് സംഭവം. ജഗ്മെയിൽ സിങ് എന്ന 37കാരനെ നാലുപേർ ചേർന്ന് വീട്ടിൽ നിന്നും പിടിച്ചിറക്കി മർദ്ദിക്കുകയായിരുന്നു. റിങ്കു, അമർജിത് സിങ്, ലക്കി, ബിന്ദർ എന്നിവരാണ് അക്രമണത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇവരെ പിടികൂടി. ജഗ്മെയിൽ സിങും പ്രതിയായ റിങ്കുവും തമ്മിലുള്ള വഴക്കാണ് പ്രശ്നത്തിലേക്ക് വഴിവെച്ചത്. നവംബർ ഏഴിന് രാവിലെ ജഗ്മെയിൽ സിങിനെ പ്രതികളായ റിങ്കുവും ബിന്ദറും ചേർന്ന് വീട്ടിൽ നിന്നും പിടിച്ചിറക്കി റിങ്കുവിന്റെ വീട്ടിലെത്തിച്ചു. മറ്റു പ്രതികൾ ഈ സമയം വീടിനകത്തുണ്ടായിരുന്നു. ജഗ്മെയിൽ സിങ്ങിനെ വീടിന്റെ തൂണിൽ കെട്ടിയിടുകയും വടികൊണ്ട് മർദ്ദിക്കുകയായിരുന്നു. നാലുപേരും മർദ്ദിച്ചു. വെള്ളം ചോദിച്ചപ്പോൾ നിർബന്ധിച്ച് മൂത്രം കുടിപ്പിച്ചെന്നും ജഗ്മെയിൽ സിങ് പറഞ്ഞു.തട്ടിക്കൊണ്ടു പോവൽ, തടവിൽ വെക്കൽ, കൊലപാതക ശ്രമം എന്നി കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. കൂടാതെ ഐപിസി പ്രകാരം മറ്റു വകുപ്പുകളും ചുമത്തിയിട്ടുണ്ട്.