മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം; പാവാറും സോണിയയും ഇന്ന് കൂടിക്കാഴ്ച നടത്തും

മുംബൈ: മഹാരാഷ്ട്രയില്‍ എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഇന്ന് കൂടിക്കാഴ്ച നടത്തും. ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറേ കൂടിക്കാഴ്ചയില്‍ പങ്കെടുക്കുമോയെന്ന കാര്യം വ്യക്തമല്ല. ഞായറാഴ്ച നടക്കാനിരിക്കുന്ന കൂടിക്കാഴ്ച ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പൂനെയില്‍ എന്‍.സി.പിയുടെ കോര്‍ കമ്മിറ്റി യോഗം നടക്കുന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ കൂടിക്കാഴ്ച മാറ്റാന്‍ കാരണം.

സര്‍ക്കാര്‍ രൂപവത്കരണം സംബന്ധിച്ച് ബുധനാഴ്ചയോടെ തീരുമാനം ഉണ്ടാകുമെന്ന് എന്‍.സി.പി. കോര്‍ കമ്മറ്റിയോഗത്തില്‍ പങ്കെടുക്കാനെത്തിയ മുന്‍ ഉപമുഖ്യമന്ത്രി അജിത് പവാര്‍ പറഞ്ഞു. സഖ്യസര്‍ക്കാരിനുവേണ്ടി തയ്യാറാക്കിയിട്ടുള്ള പൊതുമിനിമം പരിപാടി സോണിയയുമായി പവാര്‍ ചര്‍ച്ചചെയ്യും. മുഖ്യമന്ത്രിസ്ഥാനവും പ്രധാനവകുപ്പുകളും ആര്‍ക്കൊക്കെ എന്ന കാര്യത്തിലും കൂടിക്കാഴ്ചയില്‍ വ്യക്തമാകുമെന്നാണ് എന്‍.സി.പി. നേതാക്കളില്‍നിന്ന് അറിയുന്നത്.

സര്‍ക്കാര്‍ രൂപവത്കരണ നീക്കം വേഗത്തിലാക്കണമെന്ന് കോണ്‍ഗ്രസിന്റെയും ശിവസേനയുടെയും എം.എല്‍.എ.മാര്‍ പാര്‍ട്ടിനേതൃത്വങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ബി.ജെ.പി- ശിവസേന സഖ്യം പിരിഞ്ഞതോടെയാണ് സര്‍ക്കാര്‍ രൂപവത്കരണം പ്രതിസന്ധിയിലായത്. നിയമസഭ മരവിപ്പിച്ച് മഹാരാഷ്ട്രയില്‍ ഇപ്പോള്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.