സിറില്‍ മുകളേലിന്റെ നോവലിന് അമേരിക്കന്‍ ബുക്ക് ഫെസ്റ്റില്‍ അംഗീകാരം

ജോയിച്ചന്‍ പുതുക്കുളം
അമേരിക്കന്‍ മലയാളിയും എഴുത്തുകാരനുമായ സിറില്‍ മുകളേലിന്റെ Life in a Faceless World എന്ന നോവലിനു 2019 ബെസ്‌റ് ബുക്ക്  അവാര്‍ഡില്‍ ‘Award-Winning Finalist’ എന്ന ബഹുമതി നേടി. രണ്ടായിരത്തില്‍പരം പുസ്തകങ്ങള്‍ മത്സരിച്ച അമേരിക്കന്‍ ബുക്ക് ഫെസ്റ്റിവലില്‍, മള്‍ട്ടികള്‍ചറല്‍ വിഭാഗത്തിലാണ് ഈ അംഗീകാരം നേടിയത്

കേരളത്തില്‍ നിന്നുള്ള നിലാ  എന്ന കുടിയേറ്റ പെണ്‍കുട്ടിയുടെ ജീവിതത്തെ ചിത്രീകരിക്കുന്ന ഒരു സാങ്കല്‍പ്പിക നോവലാണ്  ‘Life in a Faceless World’. ഓരോ അധ്യായവും അവരുടെ ജീവിതത്തിലെ വ്യത്യസ്തങ്ങളായ  സംഭവങ്ങളെ പ്രാതിനിധാനം ചെയ്യുന്നതുവഴി, ആ പശ്ചാത്തലം ഉള്ള ആളുകളുടെ സാംസ്കാരിക മനോഭാവത്തെ പാശ്ചാത്യ ലോകത്തിനെ തുറന്നുകാട്ടുന്നു. യുഎസും ഇന്ത്യയും പശ്ചാത്തലമായിട്ടുള്ള കഥ,  ഒരിക്കലും വേര്‍തിരിക്കാന്‍ കഴിയാത്ത ഇന്ത്യന്‍ സാംസ്കാരവും  സ്വഭാവങ്ങളും കുടുംബ മൂല്യങ്ങളും അനുഭവിക്കാന്‍ വായനക്കാരെ സഹായിക്കുന്നു. നമ്മുടെ ദൈനംദിന ജീവിതത്തിലെ പോരാട്ടങ്ങള്‍ക്കിടയില്‍ യഥാര്‍ത്ഥ സന്തോഷം കണ്ടെത്തുന്നതിനുള്ള രഹസ്യം ഈ പുസ്തകത്തിന്റെ പേജുകളില്‍ ഒളിഞ്ഞു കിടക്കുന്നു.

കേരളത്തിലെ മലയോര കുടിയേറ്റ മേഖലയില്‍നിന്ന്‌നും അമേരിക്കയിലേക്ക് കുടിയേറിയ ആദ്യകാല നേഴ്‌സ് മോളിയും, അമേരിക്കയില്‍ ബിസിനസ് നടത്തുന്ന കോട്ടയംകാരന്‍ അലെക്‌സുംമൊക്കെ ശക്തമായ കഥാപാത്രങ്ങളായി വരുന്ന നോവലില്‍ കൈപ്പുഴയും, മിന്നിയപോളീസും, വേദഗിരി മലയുമൊക്കെ പശ്ചാത്തലമാകുന്നു.

വിഭിന്ന സംസ്കാരങ്ങള്‍ക്കിടയില്‍ കൂടുതല്‍ ധാരണയും വൈവിദ്യമായ സമൂഹങ്ങള്‍ തമ്മില്‍ സൗഹൃദം വളര്‍ത്തുവാനും, അജ്ഞതയില്‍ നിന്നും പ്രവാസികളോടുള്ള ഭയത്തെയും അമര്‍ഷത്തെയും ലഘൂകരിക്കുവാനും ഈ കൃതിയിലൂടെ കഥാകാരന്‍ ശ്രമിക്കുന്നു.

നാം ഓരോരുത്തരും തനതായ രീതിയില്‍ വ്യത്യസ്തരാണെന്നും, തങ്ങളേക്കാള്‍ വ്യത്യസ്തരായവരെ കൂടുതല്‍ മനസ്സിലാക്കുവാനും, അവരുടെ കണ്ണുകളില്‍ക്കൂടെയും ലോകത്തെ ദര്‍ശിച്ചു മതിലുകള്‍ക്കു പകരം പാലങ്ങള്‍ പണിയുവാന്‍ ഉദ്‌ബോധിപ്പിക്കുന്ന ഇതിലെ വരികളില്‍, ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രതീക്ഷ കൈവിടാതെ ആനന്ദത്തിന്റെ ഊര്‍ജം കണ്ടെത്തുവാനുള്ള രഹസ്യങ്ങളും ഒളിഞ്ഞു കിടക്കുന്നു.

അമേരിക്കയില്‍ മിന്നെസോട്ടയില്‍ താമസിക്കുന്ന സിറില്‍ മുകളേല്‍, ഒരു കഥാകൃത്തും കവിയും ഗാനരചയിതാവുമാണ്. സാധാരണക്കാരുടെ മൂല്യങ്ങളും സ്വപ്നങ്ങളും അദ്ദേഹത്തിന്റെ രചനകളെ സ്വാധീനിച്ചിരിക്കുന്നു. 2013 Inroads ഫെലോഷിപ്പും, നിരവധി അവാര്‍ഡുകളും സിറില്‍ നേടിയിട്ടുണ്ട്. വിഭിന്ന സംസ്കാരങ്ങള്‍ക്കിടയില്‍ കൂടുതല്‍ ധാരണ വളര്‍ത്തുക, വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സൗഹൃദം സുഗമമാക്കുക എന്നിവയാണ് അദ്ദേഹത്തിന്റെ രചനകളുടെ ലക്ഷ്യം. പുസ്തകം എല്ലാ ഫോര്‍മാറ്റിലും ആമസോണില്‍ ലഭ്യമാണ്.