സ്‌കൂളിനെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അനുഭവിക്കേണ്ടി വരും ; ഷഹലയുടെ മരണത്തില്‍ പ്രതികരിച്ച വിദ്യാര്‍ത്ഥിക്കും അച്ഛനും നേരെ ഭീഷണി

വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ പാമ്ബുകടിയേറ്റ് മരണപ്പെട്ട ഷഹല ഷെറിന്റെ വിഷയത്തില്‍ സ്‌കൂളിനെതിരെ പ്രതികരിച്ച വിദ്യാര്‍ത്ഥിക്കും അച്ഛനും നേരെ ഭീഷണി. ബാലാവകാശ കമ്മീഷന്‍ പ്രതിനിധികള്‍ക്ക് മൊഴി നല്‍കിയ ശേഷമാണ് നാട്ടുകാരില്‍ കണ്ടാല്‍ തിരിച്ചറിയാവുന്ന ഏതാനും ചിലര്‍ ഷഹലയുടെ സഹപാഠിയായ വിസ്മയയ്ക്കും അച്ഛന്‍ രാജേഷിനുമെതിരെ ഭീഷണി മുഴക്കിയത്.

വാര്‍ത്താമാദ്ധ്യമങ്ങളോട് വിസ്മയയും മറ്റ് കുട്ടികളും സംസാരിച്ചതും ഇവരെ ചൊടിപ്പിച്ചിട്ടുണ്ടെന്ന് രാജേഷ് പറയുന്നു. മക്കളെ ഓരോ കാര്യങ്ങള്‍ പറഞ്ഞു പഠിപ്പിച്ച്‌ ഷഹല പഠിച്ച ബത്തേരി സര്‍വ്വജന സ്‌കൂളിനെ തകര്‍ക്കാനാണ് ഉദ്ദേശമെങ്കില്‍ നാളെ വിസ്മയയും കുടുംബവും അനുഭവിക്കേണ്ടി വരുമെന്നും നാട്ടില്‍ ഒറ്റപെടുത്തുമെന്നുമായിരുന്നു ഇവരുടെ ഭീഷണി.

തന്നെ ആരും ഇക്കാര്യങ്ങള്‍ പഠിപ്പിച്ച്‌ വിട്ടതല്ലെന്നും ഷഹലയ്ക്കായി താന്‍ ഇനിയും സംസാരിക്കുമെന്നും വിസ്മയ പറഞ്ഞു. നേരത്തെ ഷഹലയുടെ വീട് സന്ദര്‍ശിച്ച വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥും മന്ത്രി വി.എസ്.സുനില്‍ കുമാറും ഷഹലയുടെ കുടുംബത്തോട് മാപ്പ് പറഞ്ഞിരുന്നു.