70,000 കോടിയുടെ അഴിമതി; 20ല്‍ ഒന്‍പതിലും ക്ലീന്‍ ചിറ്റ് നേടി അജിത് പവാര്‍

70,000 കോടി രൂപയുടെ ഇറിഗേഷന്‍ അഴിമതി കേസില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് എതിരെയുള്ള 20 എഫ്‌ഐആറില്‍ ഒന്‍പതെണ്ണത്തില്‍ അന്വേഷണം അവസാനിപ്പിച്ച് ഗവണ്‍മെന്റ്. കോണ്‍ഗ്രസ്, എന്‍സിപി ഭരണകാലത്ത് നടന്ന 70,000 കോടിയുടെ അഴിമതി ആരോപണത്തിലാണ് നടപടി. മഹാരാഷ്ട്രയില്‍ വിവിധ ഇറിഗേഷന്‍ പദ്ധതികള്‍ നടപ്പാക്കാനും, അനുമതി നല്‍കുന്നതിലും അനധികൃത നടപടികള്‍ ഉണ്ടായെന്നാണ് ആരോപണം.

എന്നാല്‍ അന്വേഷണം അവസാനിപ്പിച്ച കേസുകള്‍ അജിത് പവാറുമായി ബന്ധപ്പെട്ടതല്ലെന്ന് മഹാരാഷ്ട്ര അഴിമതി വിരുദ്ധ ബ്യൂറോ ഡിജി പരംബീര്‍ സിംഗ് പറഞ്ഞു. ‘ഇന്ന് അന്വേഷണം അവസാനിപ്പിച്ച കേസുകളൊന്നും ഉപമുഖ്യമന്ത്രി അജിത് പവാറുമായി ബന്ധപ്പെട്ടതല്ല’, സിംഗ് വ്യക്തമാക്കി. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ ശിവസേന രംഗത്തുവന്നു.

‘ഒരിക്കലും ഇല്ലെന്ന് പറഞ്ഞതില്‍ നിന്ന് എക്കാലത്തേക്കും എന്നായി. താല്‍ക്കാലിക മുഖ്യമന്ത്രി താല്‍ക്കാലിക ഉപമുഖ്യമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കാന്‍ ഉത്തരവില്‍ ഒപ്പുവെയ്ക്കുന്നു?’, സേന നേതാവ് പ്രിയങ്ക ചതുര്‍വേദി ട്വീറ്റ് ചെയ്തു. സേനയുടെ മഹാരാഷ്ട്ര പങ്കാളി കോണ്‍ഗ്രസും വിമര്‍ശനത്തില്‍ കൂടെക്കൂടി.

‘പൊതുനന്മയ്ക്ക് വേണ്ടിയുള്ള ബിജെപി, അജിത് പവാര്‍ കൂട്ടുകെട്ട് അഴിമതിയും, തെറ്റായ ഇടപാടുകളും അവസാനിപ്പിക്കാനുള്ളതാണെന്നതില്‍ അത്ഭുതമില്ല’, കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പ്രതികരിച്ചു.